Connect with us

National

ഖനന കുംഭകോണം: കര്‍ണാടകയില്‍ അതിവേഗ കോടതി സംവിധാനിക്കും

Published

|

Last Updated

ബംഗളൂരു: ഖനന കുംഭകോണവുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി കര്‍ണാടക അതിവേഗ കോടതി സ്ഥാപിക്കും. സംസ്ഥാനത്തിന് 16,085 കോടി രൂപ നഷ്ടമുണ്ടാക്കിയ കുംഭകോണ കേസുകളില്‍ അതിവേഗ കോടതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ ജനതാദള്‍ എസിലെ മല്ലികാര്‍ജുന്‍ സിദ്ദരാമപ്പ ഖുബയാണ് ഇക്കാര്യം ഉന്നയിച്ചത്.
നിയമവിരുദ്ധവും ക്രമക്കേടുകള്‍ നിറഞ്ഞതുമായ ഖനനത്തിലൂടെ സംസ്ഥാന ഖജനാവിന് 16,085 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അന്നത്തെ കര്‍ണാടക ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡെ 2011ല്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഉള്ളത്. 2006 മുതല്‍ 2010 വരെയുള്ള ഖനനങ്ങളാണ് ലോകായുക്ത പരിഗണിച്ചത്. റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് വര്‍ഷമായിട്ടും അതില്‍ പരാമര്‍ശിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് വീഴചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. നടപടി വൈകിയതിന്റെ പൂര്‍ണ ഉത്തരവാദം മുന്‍ ബി ജെ പി സര്‍ക്കാറിനാണ്. റിപ്പോര്‍ട്ടില്‍ പേരുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍, നിര്‍ബന്ധിത വിരമിക്കല്‍, ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യല്‍ എന്നീ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ്ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest