കാലവര്‍ഷം: കേരളം പുതിയ നിവേദനം നല്‍കും

Posted on: July 24, 2013 12:26 am | Last updated: July 24, 2013 at 12:26 am

തിരുവനന്തപുരം:മഴക്കെടുതി സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങളനുസരിച്ച് കേരളം പുതിയ നിവേദനം നല്‍കും. നാശനഷ്ടത്തിന്റെ വ്യാപ്തി വര്‍ധിച്ച സാഹചര്യത്തിലാണിത്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്കപ്പുറത്തുള്ള സഹായം ലഭ്യമാക്കണമെന്നും കാലവര്‍ഷക്കെടുതി പഠിക്കാനെത്തിയ കേന്ദ്രസംഘത്തോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്ര സംഘം സന്ദര്‍ശനം നടത്താത്ത ജില്ലകളിലും സമാനസാഹചര്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുക്കിയ നിവേദനം ആഗസ്റ്റ് ഒന്നിന് സമര്‍പ്പിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം റവന്യു മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 480 കോടിയിലധികമാണ് കൃഷിനാശമെന്നാണ് പ്രാഥമിക നിഗമനം. ജില്ലകള്‍ തോറുമുള്ള പൂര്‍ണ തോതിലുള്ള കണക്കെടുത്തു വരികയാണ്. ഇത് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഓരോ ജില്ലയിലെയും നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയതിനു ശേഷമാകും നിവേദനം തയ്യാറാക്കുക. കനത്ത മഴമൂലം 131 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്രത്തിനു മുന്നില്‍ 481 കോടി രൂപയുടെ നിവേദനമാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് 221 കോടി രൂപ മാത്രമേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് ആവശ്യപ്പെടാനാകുകയുള്ളൂ.
കേരളത്തില്‍ മഴക്കെടുതി മൂലമുള്ള നാശനഷ്ട തോത് ഉയര്‍ന്നിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, കൈനകരി, തകഴി പോലെയുള്ള സ്ഥലങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നു. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ കിട്ടേണ്ടതുണ്ട്. കേന്ദ്ര നിയമാവലിയില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര മാനദണ്ഡമനുസരിച്ച് കടല്‍ക്ഷോഭം പോലെയുള്ള ദുരന്തങ്ങള്‍ പ്രകൃതിദുരന്തമായി അംഗീകരിച്ചിട്ടില്ല. 550 കിലോമീറ്ററിലധികം തീരദേശമുള്ള കേരളത്തില്‍ ഇത് ഒരു പ്രശ്‌നമാണ്. കടല്‍ക്ഷോഭത്തെക്കൂടി പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുത്തി ദുരിതാശ്വാസം അനുവദിക്കണമെന്നകാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക് ബോധ്യമായെന്നും കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഠനസംഘത്തലവന്‍ കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി വുംലുന്‍മാംഗ് പറഞ്ഞു. കൃഷിമന്ത്രി കെ പി മോഹനന്‍, ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന്‍, റവന്യു സെക്രട്ടറി ടി ജെ മാത്യു, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.