കബളിപ്പിച്ച് പണം കവര്‍ച്ച: പ്രതിയെ പോലീസ് കൈയോടെ പൊക്കി

Posted on: July 23, 2013 8:21 pm | Last updated: July 23, 2013 at 8:21 pm

ഷാര്‍ജ:ബേങ്കില്‍ നിന്ന് പണമെടുത്ത് പുറത്തിറങ്ങി കാറില്‍ കയറാനൊരുങ്ങവെ കബളിപ്പിച്ച് പണം തട്ടിയയാളെ പോലീസ് പിടികൂടി.

കമ്പനിയിലെ ജോലിക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളതുകയായ 30,000 ദിര്‍ഹം ബേങ്കില്‍ നിന്നെടുത്ത് തിരിച്ചുപോകാനൊരുങ്ങവെ, കാറിന്റെ പിന്‍ചക്രം കേടായിട്ടുണ്ടെന്ന് ഒരാള്‍ അറിയിച്ചു. നിജസ്ഥിതി അറിയാന്‍ പുറത്തേക്ക് നോക്കുന്നതിനിടെ മുന്‍സീറ്റില്‍ വെച്ചിരുന്ന പണമടങ്ങിയ ബേഗ് മോഷ്ടിക്കുകയായിരുന്നു.
തൊട്ടുപിന്നില്‍ നിരീക്ഷണം നടത്തിയിരുന്ന ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ മോഷ്ടാവിനെ കൈയോടെ പിടികൂടി. 42 കാരനായ ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ നീക്കങ്ങളില്‍ നേരത്തെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചിവരുകയായിരുന്നു. അതിനാല്‍ മോഷണം നടത്തിയ സ്ഥലത്തുവെച്ചു തന്നെ പ്രതി പോലീസ് പിടിയിലാവുകയായിരുന്നു. തന്നെ രക്ഷിച്ച പോലീസിനെ അഭിനന്ദിച്ച പണത്തിന്റെ ഉടമ, കമ്പനിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളമാണ് ഇതെന്നും ഈ തുക നഷ്ടപ്പെട്ടാല്‍ കമ്പനിക്ക് ഇത്രയും തുക, താന്‍ നല്‍കേണ്ടതായി വരുമായിരുന്നുവെന്നും പറഞ്ഞു.