ചൈനയില്‍ കനത്ത ഭൂചലനം; നൂറോളം പേര്‍ മരിച്ചു

Posted on: July 23, 2013 12:19 am | Last updated: July 23, 2013 at 12:26 am

IRAQUEബീജിംഗ്: ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവില്‍ ശക്തമായ ഭൂചലനം. തിങ്കളാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ നൂറോളം പേര്‍ മരിക്കുകയും നാനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദിന്‍ഗ്‌സി സിറ്റിക്ക് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്.

പിന്നീട് ഒരു മണിക്കൂറിനുള്ളില്‍ ഇതേ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. ഇന്നലെ വൈകീട്ട് വരെ നാനൂറോളം ചെറിയ തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്. ഭൗമോപരിതലത്തില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 75 പേര്‍ മരിക്കുകയും പതിനാല് പേരെ കാണാതാകുകയും ചെയ്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ 7.45 ഓടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചിന് മുകളില്‍ രേഖപ്പെടുത്തിയ 25 തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,200ലധികം വീടുകള്‍ തകരുകയും ഇരുപത്തൊന്നായിരത്തിലധികം വീടുകള്‍ക്ക് സാരമായ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതായാണ് പ്രാഥമിക വിവരം. 3.2 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഭൂചലനം കാര്യമായി അനുഭവപ്പെട്ട മെയ്ചുവാന്‍ ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ പതിമൂന്ന് ടൗണുകളില്‍ വാര്‍ത്താ വിനിമയ ബന്ധം തകരാറിലായി. വൈദ്യുതി ബന്ധവും ഇവിടെ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം പോലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതരെ താമസിപ്പിക്കുന്നതിന് താത്കാലികമായി അഞ്ഞൂറോളം ടെന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. 2008ല്‍ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ തൊണ്ണൂറായിരം പേരാണ് മരിച്ചത്.