ജീവകാരുണ്യ വഴിയില്‍ ആയിരങ്ങള്‍ക്ക് സമാശ്വാസമായി ‘സഹായി’

Posted on: July 22, 2013 10:38 am | Last updated: July 22, 2013 at 10:38 am

helpingകോഴിക്കോട്: സേവന വീഥിയില്‍ സഹായി വാദിസലാമിന് ഒരാണ്ടു കൂടി. രോഗവും അത്യാഹിതവുമായി ആശുപത്രിയിലെത്തുന്ന നിരാലംബര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായാണ് സഹായി ആതുരസേവന രംഗത്തെ വ്യത്യസ്ത സംരംഭമാകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് 2007 മുതല്‍ പ്രവര്‍ത്തനത്തിന് പുതിയ രീതികള്‍ സ്വീകരിച്ച ഈ സന്നദ്ധ സംഘം വര്‍ഷത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ആരോഗ്യ സേവന രംഗത്ത് ചെലവഴിക്കുന്നത്.
രോഗികള്‍ക്കാവശ്യമായ മരുന്നും ഉപകരണങ്ങളും ഭക്ഷണവും നല്‍കുന്ന സഹായി റമസാനില്‍ ദിവസേന എഴുപതിനായിരം രൂപ ചെലവില്‍ നോമ്പ് തുറയും അത്താഴവും ഒരുക്കി നോമ്പെടുത്ത് ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും പരിചാരകര്‍ക്കും താങ്ങാവുന്നു.
മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നോമ്പുതുറക്കും അത്താഴത്തിനുമുള്ള സൗകര്യങ്ങളും സഹായിയില്‍ ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ ആശുപത്രിയിലാകുമ്പോള്‍ അനുഭവിക്കുന്ന പിരിമുറുക്കം പെരുന്നാള്‍ ഭക്ഷണമടങ്ങിയ കിറ്റ് വിതരണം ചെയ്താണ് സാന്ത്വനമേകുന്നത്. ജീവിതം ദുരിതമായി തീര്‍ന്ന തലാസീമിയ രോഗികള്‍ക്കുള്ള മുഴുവന്‍ മരുന്നും നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ഹീമോഗ്ലോബിന്റെ കുറവ് മൂലം ശാരീരിക സന്തുലിതാവസ്ഥ അപകടാവസ്ഥയിലാകുന്ന രക്തജന്യരോഗമായ തലാസീമിയ ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ മാസാന്തം ഒരു കുട്ടിക്ക് 2500 രൂപ മുതല്‍ 8000 വരെ ചെലവ് വഹിക്കുന്നുണ്ട്. മലബാര്‍ ജില്ലകളിലാണ്‌കേരളത്തില്‍ തലാസീമിയ രോഗികളായ കുട്ടികളധികവുമുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 100 ഓളം കുട്ടികള്‍ ചികിത്സ തേടുന്നു. ആദിവാസികള്‍ക്കിടയില്‍ കൂടുതലായി കാണപ്പെടുന്ന അരിവാള്‍ രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചു വരുന്നു.
അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തുന്നവര്‍ക്ക് നല്‍കുന്ന സൗജന്യ വളണ്ടിയര്‍ സേവനമാണ് പ്രധാനം. വഴിയില്‍ അപകടം സംഭവിച്ച് പേരും വിലാസവും തിരിച്ചറിയാനാകാതെ ആശുപത്രിയിലെത്തുന്നവര്‍ക്കും സഹായിയുടെ കാരുണ്യം കരുത്ത് പകരാറുണ്ട്. ആവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കുന്ന സഹായി പ്രവര്‍ത്തകര്‍ വിവരമറിയിച്ചാണ് പലരുടേയും ബന്ധുക്കള്‍ അപകട വിവരമറിയാറുള്ളത്.
ദുബൈ എസ് വൈ എസ് ജില്ലാ കമ്മിറ്റി സഹായി വാദിസലാമിന് നല്‍കിയ ആംബുലന്‍സ് ഒട്ടേറെ പേര്‍ക്ക് ആശ്വാസമാകുന്നു. ആരോരുമില്ലാത്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് സൗജന്യ നിരക്കിലുമാണ് ആംബുലന്‍സിന്റെ സേവനം. ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ തീര്‍ത്തും സൗജന്യമായാണ് മരുന്നുകളും ഉപകരണങ്ങളും നല്‍കുന്നത്.
അപേക്ഷകര്‍ അര്‍ഹതപ്പെട്ടവരാണെന്ന് തെളിയിക്കാന്‍ ഉത്തരവാദപ്പെട്ടവരുടെ കത്ത് മാത്രമാണ് ആധാരമാക്കുന്നത്. ഒരു വര്‍ഷം മാത്രം അരക്കോടി രൂപയുടെ മരുന്നും ഉപകരണങ്ങളുമാണ് നല്‍കിയത്. വീല്‍ ചെയറിനും ട്രോളിക്കും ഉപകരണങ്ങള്‍ക്കും നേരിടുന്ന കടുത്തക്ഷാമം പലപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. ആശുപത്രി അധികൃതരുടെ അപേക്ഷ പരിഗണിച്ച് ഇത് പരിഹരിക്കുന്നതിന് ട്രോളി, വീല്‍ ചെയര്‍ പോലെയുള്ളവ നല്‍കിയും സഹായി താങ്ങാവുന്നു.
രോഗികള്‍ക്കും പരിചാരകര്‍ക്കും കഞ്ഞിയും ഭക്ഷണവും നല്‍കി ഒരു വര്‍ഷത്തേക്ക് മാത്രം 35 ലക്ഷം രൂപയാണ് ഈയിനത്തില്‍ ചെലവഴിച്ചത്. ഡയാലിസിസ് സെന്റര്‍, സ്‌കാനിംഗ് യൂനിറ്റ്, കൗണ്‍സലിംഗ് സെന്റര്‍, ലബോറട്ടറി തുടങ്ങിയവ ഒരുക്കി പ്രവര്‍ത്തനം വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ 11 അംഗ സബ് കമ്മിറ്റിയാണ് സഹായിയെ നയിക്കുന്നത്. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവിയാണ് പ്രസിഡന്റ്. കെ എ നാസര്‍ ചെറുവാടി , അബ്ദുല്ല സഅദി യഥാക്രമം ജനറല്‍സെക്രട്ടറിയും ട്രഷററുമാണ്.
സഹായിയെ സഹായിക്കാന്‍ വര്‍ഷത്തില്‍ എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ സഹായി ഡേ ആചരിക്കാറുണ്ട്. ഈ വര്‍ഷം ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഇതിനായി സുന്നി പ്രവര്‍ത്തകര്‍ കവലകളും പള്ളികളും കേന്ദ്രീകരിച്ച് ഫണ്ട് ശേഖരിക്കും.