നിര്‍മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു

Posted on: July 22, 2013 7:57 am | Last updated: July 22, 2013 at 7:57 am

കാളികാവ്: പേവുന്തറയില്‍ നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു. ചെമ്മലപ്പുറവന്‍ അബ്ബാസിന് നിര്‍മിക്കുന്ന വീടാണ് ശനിയാഴ്ച രാത്രി തകര്‍ന്നത്.
രണ്ടാം നിലയുടെ കോണ്‍ഗ്രീറ്റിന് ശനിയാഴ്ച പണി നടന്നിരുന്നു. പ്രാവാസിയായ അബ്ബാസ് 2012 ജനുവരിയിലാണ് വീട് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. 2013 ഫെബ്രുവരിയില്‍ പണി പൂര്‍ത്തീകരിച്ച് നല്‍കണമെന്നായിരുന്നു കരാര്‍ ചെയ്തിരുന്നത്. കരാര്‍പ്രകാരം നിശ്ചയിച്ച 9,70,000 രൂപയും കരാറുകാരന് കൊടുത്ത് തീര്‍ത്തിരുന്നു. മുമ്പ് കോണ്‍ഗ്രീറ്റ് ചെയ്ത വീടിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പിന്‍വശത്തെ ചുമരിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തതിനാല്‍ പൂര്‍ണമായി പൊളിച്ച് മാറ്റാതെ പുനര്‍ നിര്‍മാണ പ്രവൃത്തി നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ്.
തൂണുകളും, ഭീമുകളും നിലംപൊത്തി. കരാര്‍പ്രകാരം പണി തീര്‍ക്കാത്തതിന് പുറമെ നിര്‍മാണ പ്രവൃത്തിയില്‍ ക്രമക്കേടും നടന്നതായി പരാതിയുണ്ട്. കമ്പി പൊട്ടി തൂണുകള്‍ തകര്‍ന്നത് ക്രമക്കേട് നടന്നിട്ടുണ്ടെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. കനത്ത മഴയാണ് വീടിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് കരാറുകാരന്‍ പറയുന്നത്. രാത്രിയായതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കാതിരുന്നത് കൊണ്ട് ആര്‍ക്കും പരുക്കേറ്റില്ല.