Connect with us

National

ചൊവ്വാ ദൗത്യം വെറും അഭിമാന പദ്ധതിയല്ലെന്ന് ഐ എസ് ആര്‍ ഒ

Published

|

Last Updated

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഐ എസ് ആര്‍ ഒ മേധാവി. ചൊവ്വാ ദൗത്യം വെറും അഭിമാനപദ്ധതിയായല്ല കാണുന്നതെന്നും ഉയര്‍ന്ന ശാസ്ത്രീയ മൂല്യവും വാണിജ്യമൂല്യവും അതിനുണ്ടെന്നും ഐ എസ് ആര്‍ ഒ മേധാവി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 450 കോടി ചെലവിട്ടാണ് ഈ വര്‍ഷം ചൊവ്വാ പേടകം വിക്ഷേപിക്കുന്നത്. ഇപ്പോള്‍ പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതേവേഗത്തില്‍ തുടരാനായാല്‍ മൂന്ന് മാസത്തിനകം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ ബഹിരാകാശത്തേക്ക് കുതിക്കും. മംഗല്യാന്‍ എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
ഐ എസ് ആര്‍ ഒയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ആഗോളതലത്തില്‍ പ്രശസ്തി നേടുന്നതിനും വേണ്ടിയാണ് വന്‍ തുക ചെലവിട്ട് ചൊവ്വാ ദൗത്യത്തിന് മുതിരുന്നതെന്നാണ് പ്രധാന വിമര്‍ശം. “ചൊവ്വാ ദൗത്യത്തിന് അതിന്റെതായ ശാസ്ത്രീയ മൂല്യമുണ്ട്. ഇരുപതോ മുപ്പതോ വര്‍ഷത്തിന് ശേഷം ചൊവ്വാ ഗ്രഹം വാസയോഗ്യമാണെന്ന നിലയിലേക്ക് ഗവേഷണങ്ങള്‍ പുരോഗമിച്ചേക്കാം. ആ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഐ എസ് ആര്‍ ഒ ഏറ്റെടുക്കുന്നത്. റഷ്യക്കും അമേരിക്കക്കും യൂറോപ്യന്‍ യൂനിയനും ജപ്പാനും ചൈനക്കും പിറകേ ചൊവ്വാ ദൗത്യമയക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറാന്‍ പോകുകയാണ്. ഇതോടെ ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യ ആധികാരികത കൈവരിക്കും. വലിയ വാണിജ്യ സാധ്യതയായിരുക്കും തുറക്കപ്പെടുക- വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ചൊവ്വയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ആകാംക്ഷ ജീവനുള്ള സാധ്യതയാണ്. ജീവശാസ്ത്രപരമായ അടിസ്ഥാനം മീഥേന്‍ ആണ്. അതുകൊണ്ട് ഇന്ത്യന്‍ ചൊവ്വാ ദൗത്യത്തില്‍ മീഥേന്‍ സെന്‍സറുണ്ടായിരിക്കും. തെര്‍മല്‍ ഇന്‍ഫ്രാ റെഡ് സെപെക്‌ട്രോ മീറ്ററാണ് മറ്റൊരു പ്രധാന ഉപകരണം. ഇവ രണ്ടും ചേരുമ്പോള്‍ ചൊവ്വാ ഉപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി എസ് എല്‍ വി- എക്‌സ് എല്‍ ആയിരിക്കും ചൊവ്വാ പേടകത്തെ ബഹിരാകാശത്തെത്തിക്കുക. 15 കിലോഗ്രാം വീതം ഭാരം വരുന്ന അഞ്ച് പേലോഡുകളാണ് ഉണ്ടാകുക. മൊത്തം 1350 കിലോഗ്രാമാണ് ഭാരം. നവംബറില്‍ ഭൂമിയുടെ ഭ്രമണപഥം വിടുന്ന പേടകം 10 മാസം ബഹിരാകശത്ത് സഞ്ചരിക്കും. ഇതിനിടക്ക് സ്വയം ആര്‍ജിക്കുന്ന പ്രൊപ്പല്‍ഷന്‍(തള്ളല്‍ ശേഷി) ഉപയോഗിച്ച് പേടകം ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 2014 സെപ്തംബറില്‍ ആയിരിക്കും ഇത്.