തലയില്‍ രണ്ടു തവണ കാക്ക വന്നിരുന്നു; എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു

Posted on: July 21, 2013 10:59 pm | Last updated: July 21, 2013 at 11:03 pm

ബംഗളൂരു: ഒരു യുവാവ് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്യും? സൗഹൃദങ്ങളിലുള്ള വിള്ളലോ ശാരീരികവും മാനസികവുമായ മറ്റു ഉപദ്രവങ്ങളോ ആയിരിക്കും ആത്മഹത്യക്ക് കാരണം. അതായത് പല ആത്മഹത്യകള്‍ക്കും ‘ തക്കതായ’ കാരണമുണ്ടാവും.

എന്നാല്‍ ബംഗളൂരുവിലെ ഒരു എന്‍ജിനീയര്‍ ബിരുദധാരിയായ ആനന്ദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് തന്റെ തലയില്‍ രണ്ടുതവണ കാക്ക വന്നിരുന്നു എന്ന കാരണത്താലാണ്. ബാംഗ്ലൂര്‍ മിറര്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച ബാംഗ്ലൂരിലെ രാജാജിനഗറിലാണ് സംഭവം.

ബുധനാഴ്ചയാണ് തന്റെ തലയില്‍ രണ്ടു തവണ കാക്ക വന്ന് ഇരുന്ന കാര്യം ആനന്ദ് അമ്മയോട് പറഞ്ഞത്. അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിളക്കു കത്തിക്കാനായിരുന്നു അമ്മയുടെ ഉപദേശം.

എന്നാല്‍ ആനന്ദിനെ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ അതു പോരായിരുന്നു.

കാക്ക തലയില്‍ വന്നിരുന്നതിന് ശേഷം ആനന്ദ് വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു എന്ന് ആനന്ദിന്റെ മൂത്ത സഹോദരന്‍ ഹംപന്നയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘ അവന്റെ വിഷമം അറിഞ്ഞ അമ്മ ഒരു ജ്യോത്സ്യനെ കാണുകയും ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് അവനെ ക്ഷേത്രത്തിലേക്ക് വിടുകയായിരുന്നു’, ഹംപന്ന പറഞ്ഞു.

തന്റെ സഹോദരന്‍ അന്ധവിശ്വാസം കാരണമാണ് ആത്മഹത്യ ചെയ്തത് എന്ന് മൂത്ത സഹോദരന്‍ ഉറപ്പിച്ചു പറയുന്നു.

മരിച്ചു കിടന്ന മുറിയില്‍ വിഷത്തിന്റെ കുപ്പിയൊന്നും കാണാത്തതിനാല്‍ പുറത്തുനിന്നാണ് ആനന്ദ് വിഷം കഴിച്ചത് എന്ന നിഗമനത്തിലെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.