ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ ശ്രദ്ധേയമാവുന്നു

Posted on: July 21, 2013 6:29 pm | Last updated: July 21, 2013 at 6:29 pm

holyquranawardദുബൈ: അന്താരാഷ്ട്ര ഖുര്‍ആന്‍ മത്‌സരത്തില്‍ ഇന്ന് ആദില്‍ മഹ്മൂദ് (സൗദി അറേബ്യ), ലുഖ്മാന്‍ അബ്ദുറഹിമോവ് (താജിക്‌സതാന്‍) അബ്ദുള്ള അരീബി (അല്‍ജീരിയ) മുഹമ്മദ് തലബ് മിര്‍ദാന്‍ (ഇറാഖ്), മുഹമ്മദ് നൂര്‍ ആദം (സൗത്ത് ആഫ്രിക്ക), മുഹമ്മദ് നവാഹ് (ലിബീരിയ) അബ്ദുല്‍ ഖുദൂസ് (സീറാലിയോന്‍) എന്നീ ഏഴ് രാജ്യക്കാര്‍ തമ്മില്‍ മാറ്റുരക്കും.
അതേസമയം ദുബൈ രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ പ്രാര്‍ഥമിക റൗണ്ടില്‍ അഞ്ച് മത്‌സരാര്‍ഥികള്‍ പുറത്തായി. മനഃപാഠത്തിലെ പോരായ്മായാണു അഞ്ചുപേരെ അയോഗ്യരാക്കാന്‍ കാരണമായത്. ഫിജി, ഗ്രനാഡ, മൊറീഷ്യസ്, ബെല്‍ജിയം, മക്‌ഡോനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുറത്തായത്. ഇതിനു പുറമെ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്, ആഫ്രിക്കന്‍ രാജ്യമായ ഗാബണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നു മത്‌സരാര്‍ഥികള്‍ പങ്കെടുക്കുന്നില്ലെന്നു സംഘാടക സമിതിയെ അറിയിക്കുകയായിരുന്നു.
അള്‍ജീരിയയില്‍ നിന്ന് ഖുര്‍ആന്‍ മത്‌സരത്തില്‍ പങ്കെടുക്കാനെത്തിയ അബ്ദുല്ല അരീബി രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഒന്‍പതാം വയസ് മുതല്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ തുടങ്ങിയ അബ്ദുല്ല സ്വന്തം രാജ്യത്തും ജോര്‍ദാന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് മത്‌സരത്തില്‍ പങ്കെടുത്ത പരിചയവുമായാണു ദുബൈയില്‍ എത്തിയത്.
മൊറിറ്റാനിയയില്‍ നിന്നെത്തിയ ആനിയ അബ്ദുദ്ദായിം മാതാവിന്റെ പ്രേരണയിലാണു വേദഗ്രന്ഥം പഠിച്ചു തുടങ്ങിയത്. 12-ാംവയസില്‍ പഠനം തുടങ്ങിയ ആനിയ 10 മാസം കൊണ്ടാണു പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍, ദുബൈയില്‍ മത്‌സരത്തില്‍ പങ്കെടുക്കുന്നതു കാണാന്‍ മാതാവ് ജീവിച്ചിരിപ്പില്ലെന്ന സങ്കടവും ഈ പതിനേഴുകാരനുണ്ട്.
തനിക്കു അനന്തരാവകാശമായി കിട്ടിയ ഭൂമിയുടെ ഒരു ഭാഗം ഖുര്‍ആന്‍ പഠിച്ചതിനു പാരിതോഷികമായി എഴുതിവച്ചാണു മാതാവ് മരണപ്പെട്ടതെന്ന് ആനിയ പറഞ്ഞു. 11 സഹോദരനും ഒരു സഹോദരിയുമുള്ള കുടുംബത്തില്‍ എല്ലാവരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാട്ടിലുള്ള പ്രദേശിക മത്‌സരങ്ങള്‍ക്കു പുറമേ സെനഗല്‍, ലിബിയ എന്നിവിടങ്ങളില്‍ പാരായണ മത്‌സരങ്ങളില്‍ സ്ഥിരമായി ഒന്നാം സ്ഥാനക്കാരനാണു ഈ വിദ്യാര്‍ഥി.