അലഞ്ഞുതിരിയുന്ന പൂച്ചകള്‍: റസ്റ്ററന്റുകള്‍ക്ക്‌ പിഴ ചുമത്തുമെന്ന് അധികൃതര്‍

Posted on: July 21, 2013 6:24 pm | Last updated: July 21, 2013 at 6:25 pm

ദുബൈ: റസ്റ്റോറന്റുകള്‍ക്ക് സമീപം അലഞ്ഞുതിരിയുന്ന പൂച്ചകളെ കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍. അല്‍ റാശിദിയ, അല്‍ റിഗ്ഗ, അല്‍ ദിയാഫ തുടങ്ങിയ മേഖലകളിലെ റസ്റ്റോറന്റുകള്‍ക്ക് സമീപം അലഞ്ഞുതിരിയുന്ന പൂച്ചകള്‍ ഉപഭോക്താക്കള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമെല്ലാം ഭീഷണിയായതാണ് നഗരസഭാധികൃതരെ നടപടിക്ക് പ്രേരിപ്പിച്ചത്.
ഏതെങ്കിലും റസ്റ്റോറന്റുകള്‍ക്ക് സമീപം ഇത്തരം പൂച്ചകളെ കണ്ടാല്‍ ഉപഭോക്താക്കള്‍ നഗരസഭയെ വിവരം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. റസ്റ്റോറന്റുകളോട് ചേര്‍ന്ന് പൂച്ചകളെ കണ്ടെത്തിയാല്‍ നഗരസഭയുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ചുരുങ്ങിയത് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ നഗരസഭയുടെ വെറ്റിനറി സര്‍വീസസ് വിഭാഗം തലവന്‍ ഹാഷിം അല്‍ അവാദി മുന്നറിയിപ്പ് നല്‍കി.
റെസ്റ്റോറന്റുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അലഞ്ഞുതിരിയുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തയ്യാറാവുന്നതാണ് ആരോഗ്യ സുരക്ഷക്ക് ഭീഷണിയാവുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണം.
ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയാണ് വീണ്ടും വീണ്ടും ഇവിടങ്ങളില്‍ ചുറ്റിക്കറങ്ങാന്‍ പൂച്ചകളെ പ്രേരിപ്പിക്കുന്നത്. അലഞ്ഞു തിരിയുന്ന പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പിടികൂടാന്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം മൃഗങ്ങളെ കണ്ടാല്‍ നഗരസഭയുടെ ഹോട്ടലൈന്‍ നമ്പറായ 800 900ല്‍ അറിയിക്കണം. തെരുവ് പൂച്ചകളെ പിടികൂടി വിവിധ രോഗങ്ങള്‍ക്കെതിരായ കുത്തിവെപ്പ് നല്‍കിവരുന്നുണ്ട്. കഴിഞ്ഞ ആഴ്ച അലഞ്ഞുതിരിയുന്ന പൂച്ചകളില്‍ ഒരെണ്ണം അല്‍ റാശിദിയ മേഖലയില്‍ മൂന്നു വയസുകാരനെ കടിച്ച സംഭവം അദ്ദേഹം ഓര്‍മിപ്പിച്ചു. കുട്ടിക്ക് ഇതുമായി ബന്ധപ്പെട്ട് റാബീസ് കുത്തിവെപ്പ് എടുക്കേണ്ടതായി വന്നു. റെസ്റ്റോറന്റില്‍ മാതാവിനൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതായിരുന്നു കുട്ടിയും കുടുംബവും. പല റസ്‌റ്റോറന്റുകളിലും കസേരകള്‍ക്ക് ചുവട്ടില്‍ പൂച്ചകള്‍ ചുറ്റിക്കറങ്ങുന്നതും നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഹാഷിം അല്‍ അവാദി വ്യക്തമാക്കി.