Connect with us

Malappuram

കുനിയില്‍ ഇരട്ട കൊലപാതകം: ഇന്റര്‍പോള്‍ പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

മഞ്ചേരി: കുനിയില്‍ ഇരട്ട കൊലപാതക കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയവെ ഇന്റര്‍പോളിന്റെ പിടിയിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതി കുനിയില്‍ അന്‍വാര്‍ നഗര്‍ കോലോത്തുംതൊടി മുജീബ് റഹ്മാന്‍ (32)നെയാണ് മജിസ്‌ട്രേറ്റ് ആര്‍ മിനി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസം ഖത്തറില്‍ വെച്ച് ഇന്റര്‍പോള്‍ പിടിയിലായ മുജീബ് റഹ്മാനെ ഇന്നലെ രാവിലെ ഡല്‍ഹി വിമാനത്താവള പോലീസില്‍ നിന്ന് കേരള പൊലീസ് ഏറ്റുവാങ്ങുകയായിരുന്നു. നിലമ്പൂര്‍ സി ഐ. എ പി ചന്ദ്രന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ. പി ദിനേശ് കുമാര്‍, എ ആര്‍ സതീഷ് കുമാര്‍ എന്നിവരാണ് പ്രതിയെ വിമാന മാര്‍ഗം ഇന്നലെ രാവിലെ 9.30ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവത്തിലും ഉച്ചക്ക് ഒന്നര മണിക്ക് മഞ്ചേരി സ്റ്റേഷനിലും എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോഡ് ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍ മഞ്ചേരി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി പ്രതിയെ വിട്ടുകിട്ടാന്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഡി വൈ എസ് പി പറഞ്ഞു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ കീഴുപറമ്പ് കുനിയില്‍ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ അതീഖുറഹ്മാനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചത്. 2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ അതീഖ് റഹ്മാനു കൂടെയുണ്ടായിരുന്ന മുജീബ് റഹ്മാന് പരിക്കേറ്റിരുന്നു.
ഈ കൊലപാതകത്തിനു പ്രതികാരമായാണ് 2012 ജൂണ്‍ 10ന് രാത്രി രണ്ടു പേരെ വെട്ടികൊലപ്പെടുത്തിയത്. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരം ഒന്നാംപ്രതിയായിരുന്ന മുസ്‌ലിം ലീഗ് ഏറനാട് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി പാറമ്മല്‍ അഹമ്മദ് കുട്ടിയെ പത്തൊമ്പതാം പ്രതിയാക്കിയാണ് പോലീസ് കൂറ്റപത്രം സമര്‍പ്പിച്ചത്. ഇരട്ട കൊല നടന്നത് ലീഗ് നേതാവായ പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ അറിവോടെയാണ് എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. എഫ് ഐ ആറില്‍ ആറാം പ്രതിയായി ചേര്‍ക്കപ്പെട്ട ഏറനാട് എം എല്‍ എയും മുസ്‌ലിം ലീഗ് നേതാവുമായ പി കെ ബഷീറിനെ കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ ഇപ്പോള്‍ പിടിയിലായ മുജീബ് റഹ്മാനെ ചോദ്യം ചെയ്താല്‍ മാത്രമെ എം എല്‍ എയുടെ പങ്ക് വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
കൊലപാതക ആസൂത്രണക്കുറ്റമാണ് കുറ്റപത്രത്തില്‍ മുജീബ് റഹ്മാനു മേല്‍ ചുമത്തിയിട്ടുള്ളത്.
ഖത്തറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മുജീബ് റഹ്മാന്‍. ലോക്കല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുന്നത് അപൂര്‍വ്വ സംഭവമാണ്. പതിനേഴാം പ്രതിയായ കീഴുപറമ്പ് ഓത്തുപള്ളി പൂറായ സഫൂര്‍ (28) വിദേശത്ത് ഒളിവില്‍ തുടരുകയാണ്.

 

---- facebook comment plugin here -----

Latest