തൊപ്പികള്‍ പലതരം

Posted on: July 21, 2013 7:39 am | Last updated: July 21, 2013 at 7:40 am

തിരൂരങ്ങാടി: തൊപ്പി വിപണിയില്‍ ഒമാന്‍ തൊപ്പി മുതല്‍ നാടന്‍ തൊപ്പികള്‍ വരെ സുലഭം. റമസാന്‍ ആയതോടെ വിവിധങ്ങളായ തൊപ്പികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ഒമാന്‍ തൊപ്പി, തുര്‍ക്കിതൊപ്പി, ചൈന തൊപ്പി, ജിന്നതൊപ്പി, മക്ക പ്ലെയിന്‍ തൊപ്പി,തായ്‌ലന്റ് തൊപ്പി, ഇന്തോനേഷ്യ തൊപ്പി, നാടന്‍ തൊപ്പി തളങ്കര തൊപ്പി തുടങ്ങി നിരവധി ഇനം തൊപ്പികളാണ് വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 10 രൂപ മുതല്‍ 500 രൂപ വരെ വിലവരുന്നവയാണ് തൊപ്പികള്‍. അറബി വാചകങ്ങളും മക്ക മദീന ഖുബ്ബകളുടേയും മുനാരങ്ങളുടേയും ചിത്രങ്ങള്‍ നൂലില്‍ ഇഴചേര്‍ത്ത് വിവിധ വര്‍ണങ്ങളില്‍ ഉള്ളവയും ഉണ്ട്. റമസാന്‍ ആശംസ അര്‍പ്പിച്ച് കൊണ്ട് ഇറങ്ങുന്ന റമസാന്‍ മുബാറക്ക് സ്‌പെഷ്യല്‍ തൊപ്പികളും കാണാം. പെരുന്നാളിനും ഇത്തരം തൊപ്പികള്‍ പ്രത്യേകം ഇറങ്ങാറുണ്ട്. ഇവക്ക് പുറമെ നാടന്‍ തൊപ്പികളും പള്ളികളില്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് തൊപ്പികളും പായതൊപ്പികളും വേറെയും ഉണ്ട്. വിദേശ നിര്‍മിത തൊപ്പികള്‍ക്ക് പുറമെ മുംബൈ രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തൊപ്പികള്‍ എത്തുന്നു. കാസര്‍കോട് തളങ്കര തൊപ്പിക ഏറെ പ്രശസ്തിയാര്‍ജിച്ചവയാണെന്നും കച്ചവടക്കാര്‍ പറയുന്നു.