Connect with us

Wayanad

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം

Published

|

Last Updated

കല്‍പറ്റ: കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് വയനാട് ചൈല്‍ഡ് ലൈന്‍ കേന്ദ്രം മുഖേന പുനരധിവസിക്കപ്പെട്ട പെണ്‍കുട്ടികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

കുടുംബ പ്രശ്‌നങ്ങളിലും വിവിധ തരത്തിലുള്ള പീഢനങ്ങളായും ചൂഷണങ്ങളാലും അരക്ഷിതാവസ്ഥയിലായ കല്‍പറ്റ എടപെട്ടിയിലെ ജീവന്‍ ജ്യോതി സ്ഥാപനത്തിലെ 30ഓളം കുട്ടികളാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെ പീഢനം മൂലം ഇടുക്കി കട്ടപ്പനയിലെ ആശുപത്രി കിടക്കയില്‍ ജീവന് വേണ്ടി മല്ലടിക്കുന്ന അഞ്ചുവയസുകാരന്റെ നെഞ്ചിടിപ്പിന്റെ ആകുലതയും വേദനയും മനസ്സിലാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ഇല്ലായ്മയില്‍ ജനിച്ചതും പീഢകരായ രക്ഷിതാക്കളുടെ മക്കളായി പിറന്നതും പീഢകര്‍ തങ്ങളുടെ ബന്ധുവായതും ചൂഷകരുള്ള സമൂഹത്തില്‍ വളരേണ്ടി വന്നതും തങ്ങളുടെ തെറ്റല്ലല്ലോ എന്നും കുട്ടികള്‍ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസം മുമ്പ് കോഴിക്കോടിനടുത്തുള്ള അതിദി എന്ന സഹോദരിയും മാതാപിതാക്കളുടെ പീഢനത്താല്‍ മരണപ്പെട്ടതും ഏറെ വേദനയോടെയാണ് ഞങ്ങള്‍ പത്രങ്ങളില്‍ നിന്നും വായിച്ചത്. എത്രയോ കുട്ടികള്‍ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും ഇത്തരം ചൂഷണങ്ങളും പീഢനങ്ങളും ഏറ്റു വാങ്ങി നിശബ്ദരായി കഴിയുന്നതും ആരും അറിയാതെ പോവുകയാണെന്നും കുട്ടികള്‍ പറഞ്ഞു. ഞങ്ങളില്‍ തന്നെ ഓരോരുത്തരും വിവിധ പ്രശ്‌നങ്ങളിലൂടെയാണ് ഈ സ്ഥാപനത്തിലെത്തിപ്പെട്ടത്. ഒരു തരത്തില്‍ ഞങ്ങള്‍ ഭാഗ്യവതികളാണെന്നും അവര്‍ പറഞ്ഞു. ഷഫീഖിന്റെയും അതിദിയുടേയും അവസ്ഥയിലെത്തുന്നതിന് മുമ്പേ ഞങ്ങള്‍ക്ക് സംരക്ഷണം ലഭിച്ചുവല്ലോ. ഇനിയും എത്രയോ കുട്ടികള്‍ ഈ രീതിയിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരായുണ്ട്. ഇങ്ങനെ പീഢനം അുനഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും നല്‍കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വരണം. ചൈല്‍ഡ് ലൈന്‍ സേവനങ്ങളും ചൈല്‍ഡ് ലൈന്‍ നമ്പറും(1098) എല്ലാ വീടുകളിലും, വിദ്യാലയങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അയല്‍കൂട്ടങ്ങളിലൂടെ ഇത് നടപ്പിലാക്കാന്‍ കഴിയും. രക്ഷിതാക്കള്‍ക്ക് നല്ല രീതിയിലുള്ള ബോധവത്കരണം നല്‍കണം. കുട്ടികളെ എങ്ങനെ വളര്‍ത്തണം, സംരക്ഷിക്കണം എന്നെല്ലാം ബോധവത്കരണത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികളുടെ അവകാശത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക് നല്ല അറിവ് നല്‍കണം. ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പരാതി വകുപ്പ് മന്ത്രിക്കും ജില്ലാകലക്ടര്‍ക്കും നല്‍കും.