Connect with us

Gulf

ഭിക്ഷക്കാരി ഒറ്റ ദിവസം സമ്പാദിച്ചത് 1,143 ദിര്‍ഹം

Published

|

Last Updated

ഷാര്‍ജ: ഒറ്റ ദിവസം കൊണ്ട് ഭിക്ഷക്കാരി സമ്പാദിച്ചത് 1,143 ദിര്‍ഹം. ഭിക്ഷക്കാര്‍ക്കെതിരായി സന്ധിയില്ലാ സമരം നടത്തുന്ന ഷാര്‍ജ പോലീസാണ് ഭിക്ഷക്കാരിയില്‍ നിന്നും തുക കണ്ടെത്തിയതായി വ്യക്തമാക്കിയത്. ഒരു ദിവസം നടത്തിയ ഭിക്ഷാടനത്തിലാണ് ഇത്രയും തുക ലഭിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയതായി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കോമറോസ് ദ്വീപില്‍ നിന്നുള്ള മറ്റൊരാളില്‍ നിന്നും 543 ദിര്‍ഹവും ഭിക്ഷാടനത്തിലൂടെ നേടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം രാവിലെ മാത്രം ലഭിച്ച തുകയാണ് ഇത്.
വിശുദ്ധ റമസാന്‍ പ്രമാണിച്ച് അനധികൃത താമസക്കാര്‍ക്കും ഭിക്ഷാടകര്‍ക്കുമെതിരായി ഷാര്‍ജ പോലീസ് നടത്തുന്ന തീവ്രമായ കാമ്പയിന്റെ ഭാഗമായുള്ള തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. 59 അനധികൃത താമസക്കാരെയും 25 യാചകരെയും പിടികൂടിയതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി.
റമസാന്‍ ഒന്നിനാണ് കാമ്പയിന് തുടക്കമിട്ടതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എമിറേറ്റിലെ താമസക്കാരെ ഇത്തരം നിയമലംഘകരില്‍ നിന്നും രക്ഷിക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. റമസാനിന്റെ ആദ്യ ആഴ്ചയിലാണ് ഇത്രയും പേരെ പിടികൂടിയത്. പിടിക്കപ്പെട്ട ഭിക്ഷാടകരില്‍ 20നും 25നും ഇടയില്‍ പ്രായമുള്ള യുവതികുളുമുണ്ട്. ഇവര്‍ പ്രായമുള്ളവരായും കുട്ടികളായും വേഷം കെട്ടി കാഴ്ചക്കാരുടെ സഹതാപം പിടിച്ചുപറ്റിയാണ് ഭിക്ഷാടനത്തിലൂടെ പണം സമ്പാദിച്ചിരുന്നത്. ഒട്ടുമിക്ക പെണ്‍കുട്ടികളെയും റമസാന്‍ മാസം ചൂഷണം ചെയ്ത് മസ്ജിദുകള്‍ക്ക് മുമ്പിലേക്ക് ഭിക്ഷയെടുക്കാന്‍ രക്ഷിതാക്കള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ഭിക്ഷാടകരെ കണ്ടാല്‍ ഉടന്‍ പോലീസില്‍ അറിയിക്കണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു. ഏത് തരത്തിലുള്ള അനധികൃത പ്രവര്‍ത്തികള്‍ കണ്ടാലും പോലീസിന് വിവരം നല്‍കണം. പലരെയും പിടികൂടാന്‍ സഹായിക്കുന്നത് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം വിലപ്പെട്ട വിവരങ്ങളാണ്. റോളയിലെ സബ്‌വേ, അല്‍ വഹ്ദ സ്ട്രീറ്റ്, വ്യവസായ മേഖല എന്നിവിടങ്ങളില്‍ നിന്നും ഭിക്ഷാടകരായ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. തെരുവില്‍ പഴങ്ങള്‍ കച്ചവടം ചെയ്യുന്നവരെയും മറ്റ് തെരുവ് കച്ചവടക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരും സ്‌പോണ്‍സര്‍മാരില്‍ നിന്നും ഓടിപോന്നവരുമാണ് യാചകരില്‍ ബഹുഭൂരിപക്ഷവും. ഇവരില്‍ പലരെയും യാചന ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിന്നും നാടുകടത്തിയതാണെങ്കിലും പിന്നീട് അനധികൃതമായി വീണ്ടും രാജ്യത്ത് പ്രവേശിക്കുകയായിരുന്നു.
ഇറാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടും. 6,000 ദിര്‍ഹം വിലവരുന്ന പടക്കം വില്‍പ്പന നടത്തിയ രണ്ട് അറബ് വംശജരും പിടിയിലായവരില്‍ ഉള്‍പ്പെടും. താമസമേഖലയിലായിരുന്നു അനധികൃത പടക്ക വില്‍പ്പന ഇവര്‍ നടത്തിയത്. റമസാന്‍ അവസാനം വരെ നിയമലംഘകര്‍ക്കെതിരായ കാമ്പയിന്‍ തുടരുമെന്നും പോലീസ് അറിയിച്ചു.