Connect with us

International

ഈജിപ്തില്‍ വീണ്ടും പ്രക്ഷോഭം; ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൈറോ: സൈനിക തടങ്കലില്‍ കഴിയുന്ന പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മോചിപ്പിക്കണമെന്ന യൂറോപ്യന്‍ സമ്മര്‍ദത്തിന് പിന്നാലെ ശക്തമായ പ്രക്ഷോഭവുമായി വീണ്ടും ബ്രദര്‍ഹുഡ് രംഗത്ത്. ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം തലസ്ഥാനമായ കൈറോയില്‍ ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തി. പ്രക്ഷോഭകരെ നേരിടാന്‍ കൈറോയടക്കമുള്ള പ്രധാന നഗരങ്ങളില്‍ സൈനിക സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
പ്രക്ഷോഭകരെ ലക്ഷ്യംവെച്ച് നാല് സൈനിക കോപ്റ്ററുകള്‍ കൈറോയില്‍ റോന്ത് ചുറ്റുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാല സര്‍ക്കാറിനെ അംഗീകരിക്കാന്‍ സന്നദ്ധമല്ലെന്നറിയിച്ച ബ്രദര്‍ഹുഡ് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. അതിനിടെ, പ്രക്ഷോഭകരെ ശക്തമായി നേരിടുമെന്നും ബ്രദര്‍ഹുഡ് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ വ്യക്തമാക്കി. താത്കാലിക മന്ത്രിസഭ നിലവില്‍വന്ന ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത അദ്‌ലി ബ്രദര്‍ഹുഡിനെതിരെ ശക്തമായ പരാമര്‍ശമാണ് നടത്തിയത്. “രാജ്യത്ത് വീണ്ടും അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയാണ്. വരാനിരിക്കുന്ന പൊതുതരിഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് പ്രക്ഷോഭത്തിന് പിന്നില്‍. നിര്‍ണായകവും ഗുരുതരവുമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സൈന്യവും പോലീസും ശക്തമായി പോരാടുക തന്നെ ചെയ്യും.” അദ്‌ലി വ്യക്തമാക്കി.
അടുത്ത മാസം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൈറോക്ക് സമീപത്തെ നസ്ര്‍ നഗരത്തില്‍ അക്രമാസക്തമായി പ്രക്ഷോഭം നടത്തിയ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പോലീസും സൈന്യവും നേരിട്ടതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുതുതായി ചുമതലയേറ്റ ഈജിപ്ത് വിദേശകാര്യ മന്ത്രി നബീല്‍ ഫഹ്മിയുമായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഫോണിലൂടെ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്താനും ഭരണം ജനാധിപത്യ സര്‍ക്കാറിന് കൈമാറാനും ഇടക്കാല സര്‍ക്കാറിനാകുമെന്നും കെറി വ്യക്തമാക്കി.
എന്നാല്‍, നിയമവരുദ്ധമായി അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാറിനെ താഴെയിറക്കാന്‍ സമാധാനപരമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും രാജ്യത്തെ പ്രധാന ചത്വരങ്ങള്‍ ഉപരോധിക്കുന്ന സമരങ്ങള്‍ നടത്തുമെന്നും ബ്രദര്‍ഹുഡ് നേതാവ് ഇസ്സം അല്‍ ഇറിയാന്‍ വ്യക്തമാക്കി.