വ്യാജ കര്‍ക്കിടക ചികിത്സക്കും വാണിജ്യവത്കരണത്തിനും എതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍

Posted on: July 20, 2013 12:37 am | Last updated: July 20, 2013 at 12:37 am

കല്‍പറ്റ: കര്‍ക്കടകചികിത്സയിലെ വ്യാജന്‍മാര്‍ക്കെതിരെതിരെയും വാണിജ്യവത്കരണത്തിനെതിരെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ഉഴിച്ചില്‍, പിഴിച്ചില്‍, കിഴി, ധാര തുടങ്ങിയ ചികിത്സാവിധികള്‍ അശാസ്ത്രീയമായി ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യസംരക്ഷണത്തിന്റെ മാസം കൂടിയായ കര്‍ക്കിടകത്തില്‍ മുന്‍തലമുറ അനുഷ്ഠിച്ചിരുന്ന ചിട്ടകള്‍ കൈമോശം വന്നതാണ് പല രോഗങ്ങള്‍ക്കും കാരണം. വേനല്‍ചൂടും ഇടവപ്പാതിയിലെ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയും രോഗാണുക്കള്‍ക്കും രോഗവാഹകരായ ഈച്ച, കൊതുക് തുടങ്ങിയവക്കും വളരാനുള്ള സാഹചര്യമൊരുക്കും. പൊതുവേ രോഗപ്രതിരോധ ശേഷി കുറഞ്ഞ മഴക്കാലത്ത് രോഗങ്ങള്‍ തടയാനാണ് കര്‍ക്കിടക ചികിത്സയും മറ്റും നടത്തുന്നത്.
എന്നാല്‍, കര്‍ക്കിടക ചികിത്സാ പാക്കേജുകളും മറ്റുമായി ഈ രംഗം വാണിജ്യവത്കരിക്കപ്പെടുകയാണ്. വിദേശികളും സ്വദേശികളുമായ ഹെല്‍ത്ത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പാക്കേജുകള്‍ ശരീരത്തിന് ദോഷം ചെയ്യും.
ഉഴിച്ചിലും പിഴിച്ചിലും ധാരയും ചെയ്താല്‍ ശരീരശോധനത്തിന് വമനം, വിരേചനം, നസ്യം എന്നിവ ചെയ്യേണ്ടതുണ്ട്. ഇവ എല്ലാവര്‍ക്കും ചെയ്യാന്‍ പാടില്ല എന്നതിനാല്‍ യോഗ്യതയുള്ള ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രമേ ചെയ്യാവൂ എന്നും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. രോഗങ്ങളുള്ളവരാണ് ഇത്തരം ചികിത്സകള്‍ക്ക് വിധേയരാകേണ്ടത്. രോഗങ്ങളില്ലാത്തവര്‍ക്ക് ചെറിയ രീതിയില്‍ വയറിളക്കിയാല്‍ മാത്രം മതി.
ദഹനശക്തി കുറയുന്ന കാലമായതിനാല്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇക്കാലത്ത് കഴിക്കേണ്ടത്. കര്‍ക്കടക കഞ്ഞിയെന്ന പേരില്‍ വിപണിയിലെത്തുന്ന കിറ്റുകള്‍ പോലും അനാവശ്യമാണ്.
ചുക്കും മുത്തങ്ങയും ഉലുവയും ചേര്‍ത്ത് കഞ്ഞിവച്ചുകഴിക്കുന്നതാണ് ഉത്തമം. 12.5 ഗ്രാം മുത്തങ്ങ ചൂര്‍ണവും 12.5 ഗ്രാം പഞ്ചകോലചൂര്‍ണവും ചേര്‍ത്ത് കഞ്ഞി തയ്യാറാക്കിയാല്‍ അഞ്ചുപേര്‍ക്ക് കഴിക്കാം. അഞ്ച് ഗ്രാം ചുക്ക്, രണ്ടുഗ്രാം വീതം ജീരകം, ഉലുവ, എന്നിവ ചേര്‍ത്ത് കഞ്ഞി തയ്യാറാക്കി കഴിക്കാം. പത്തുഗ്രാം വീതം മുത്തങ്ങ ചൂര്‍ണവും ചുക്കും ചേര്‍ത്തും കഞ്ഞി തയ്യാറാക്കാം. പുത്തരി ചുണ്ടയുടെ വേര് അരച്ച് പൊടിയരിക്കഞ്ഞിയില്‍ ചേര്‍ത്ത് ചെറിയ ഉള്ളി നെയ് ചേര്‍ത്ത് താളിച്ചാണ് പഴമക്കാര്‍ കഴിച്ചിരുന്നത്.
ചേമ്പ്, ചേന, കൊടിത്തൂവ, താള്, കുമ്പളങ്ങ, നെയ്യുണ്ണി, മത്തന്‍, തകര, വെള്ളരി, ചീര ഇലകള്‍ കര്‍ക്കടകത്തിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഔഷധ സൂപ്പുകളും മറ്റും കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം. വറുത്തതും പൊരിച്ചതും കൊഴുപ്പുകലര്‍ന്നതുമായ ആഹാരങ്ങളും മുരിങ്ങയിലയും കര്‍ക്കടകത്തില്‍ ഒഴിവാക്കണമെന്നും ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.