അയ്യൂബ് ഖാന്‍ സഅദി കൊല്ലം വാഹനാപകടത്തില്‍ മരിച്ചു

Posted on: July 20, 2013 12:37 am | Last updated: July 20, 2013 at 1:01 am

Ayoobkhan Sa adhi2വീരാജ്‌പേട്ട/കാസര്‍കോട്: ജാമിഅ സഅദിയ്യ മുദര്‍രിസും പ്രമുഖ പ്രഭാഷകനുമായ അയ്യൂബ് ഖാന്‍ സഅദി കൊല്ലം (40) കര്‍ണാടകയിലെ മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സഅദിയ്യയുടെ പ്രചാരണാര്‍ഥം മടിക്കേരിയില്‍ മതപ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ പോകവെ ഇന്നലെ വൈകീട്ട് 6.15 ഓടെ മടിക്കേരിക്കടുത്ത കാട്ടക്കേരിയിലാണ് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാസര്‍കോട് നിന്നും സൊണ്ടിക്കുപ്പയിലേക്കുള്ള യാത്രാ മധ്യേ മടിക്കേരി കാട്ടിക്കരിയില്‍ വെച്ച് എതിരെ വന്ന ടിപ്പര്‍ ലോറിയുമായി സഅദിയും സംഘവും സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
കൂടെയുണ്ടായിരുന്ന ചെമനാട് ബദര്‍ മസ്ജിദ് ഇമാമും സൊണ്ടിക്കുപ്പ സ്വദേശിയുമായ നൗഷാദ് സുഹ്‌രി (35), സഅദിയ്യ വിദ്യാര്‍ഥികളായ സഈദ് സെര്‍ക്കള (19), സ്വലാഹുദ്ദീന്‍ കുമ്പള (19) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
10 വര്‍ഷത്തോളമായി സഅദിയ്യയില്‍ മുദര്‍രിസായി ജോലി ചെയ്തു വരികയായിരുന്നു അയ്യൂബ് ഖാന്‍ സഅദി. കൊല്ലം കോങ്കാല്‍ പറവൂര്‍ സ്വദേശിയാണ്. എസ് വൈ എസ് കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതി അംഗം, സഅദിയ്യ ജലാലിയ്യ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഹസൈനാര്‍ കുഞ്ഞിയുടെയും പരേതയായ മറിയംബീവിയുടേയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: ബുഷ്‌റ, ഫാഇസ. സഹോദരങ്ങള്‍: ഖാലിദ്, കരീം, കമാല്‍, സുബൈര്‍. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുഹമ്മദ് സഖാഫി ചൊക്ലി, മഹ്മൂദ് മുസ്‌ലിയാര്‍ എടപ്പലം, ഉമര്‍ സഖാഫി എടപ്പലം, അശ്‌റഫ് അഹ്‌സനി വിരാജ്‌പേട്ട, അബൂബക്കര്‍ ഹാജി ആക്കത്തൂര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മയ്യിത്ത് സന്ദര്‍ശിച്ചു.