നെല്ലിയാമ്പതി: തോട്ടങ്ങളുടെ കൈമാറ്റം നിയമവിരുദ്ധമെന്ന് വിജിലന്‍സ്‌

Posted on: July 20, 2013 12:34 am | Last updated: July 20, 2013 at 12:34 am

nelliതിരുവനന്തപുരം: നെല്ലിയാമ്പതിയിലെ തോട്ടങ്ങളുടെ കൈമാറ്റം പാട്ടക്കരാര്‍ ലംഘിച്ചാണെന്ന് വിജിലന്‍സ് കണ്ടെത്തി. അഞ്ച് എസ്റ്റേറ്റുകളുടെ കൈമാറ്റവും നിയമവിരുദ്ധമാണെന്നും സര്‍ക്കാറിന്റെ അനുമതിയോടെയല്ല ഇത് നടന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നെല്ലിയാമ്പതി ഭൂമി ഇടപാടില്‍ ധനമന്ത്രി കെ എം മാണിയും ചീഫ് വിപ്പ് പി സി ജോര്‍ജും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അനുസരിച്ച് പാലക്കാട് വിജിലന്‍സ് ഡി വൈ എസ് പിയാണ് അന്വേഷണം നടത്തിയത്. നെല്ലിയാമ്പതിയില്‍ വനഭൂമി പണയപ്പെടുത്തി വായ്പയെടുത്ത എസ്റ്റേറ്റുടമകളെ മന്ത്രി കെ എം മാണി, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവര്‍ സഹായിച്ചെന്ന് കാണിച്ച് മലയാള വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടകുളമാണ് കോടതിയെ സമീപിച്ചത്.
ചെറുനെല്ലി, മീരാ ഫ്‌ളോര്‍, മാങ്കോട്, തൂത്തന്‍പാറ, രാജാക്കാട് എന്നീ അഞ്ച് എസ്റ്റേറ്റുകളുടെ കൈമാറ്റം നിയമവിരുദ്ധമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം സെക്ഷന്‍ രണ്ട് അനുസരിച്ച് ഈ അഞ്ച് എസ്റ്റേറ്റുകളും കൈമാറിയത് കുറ്റകരമാണ്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത് പാലിക്കാതെയാണ് തോട്ടങ്ങളുടെ കൈമാറ്റം നടന്നിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥര്‍ പാലക്കാട് ജില്ലയിലെ ബേങ്കുകളില്‍ നിന്ന് ഭൂമി പണയപ്പെടുത്തി വായ്പ എടുത്തിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ ഭൂമി തിരിച്ചെടുക്കാന്‍ വനം വകുപ്പ് എടുത്ത നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ നിയമ വകുപ്പ് അനുമതി നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ മന്ത്രിയും ചീഫ് വിപ്പും എസ്റ്റേറ്റുടമകള്‍ക്കു വേണ്ടി നിലകൊണ്ടുവെന്നുമാണ് ഹരജിക്കാരന്റെ പരാതി. കൈവശക്കാര്‍ വ്യാജരേഖ നിര്‍മിച്ച് ഭൂമി കൈമാറ്റം ചെയ്യുകയും അത് പണയപ്പെടുത്തി വായ്പയെടുക്കുകയും ചെയ്തു. ഇതുവഴി കേരള സര്‍ക്കാറിന് അഞ്ച് കോടി രൂപ നഷ്ടം വന്നുവെന്നും മന്ത്രിയും ചീഫ് വിപ്പും ഇതിന് കൂട്ടുനിന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ചെറുനെല്ലി എസ്റ്റേറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നപ്പോഴാണ് ചെറുകിട കര്‍ഷകരുടെ തോട്ടഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് രംഗത്തെത്തിയത്. അത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണെന്ന് ജോര്‍ജിനെതിരെ ആരോപണവും ഉയര്‍ന്നു. വനം മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഈ വിവാദം വളര്‍ന്നു. നെല്ലിയാമ്പതി വിഷയത്തില്‍ വിലങ്ങുതടിയായതിനാലാണ് തനിക്ക് മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടതെന്ന് ഗണേഷ്‌കുമാര്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പണയം വെച്ച് എസ്റ്റേറ്റ് ഉടമകള്‍ കോടിക്കണക്കിന് രൂപ ബേങ്ക് വായ്പയെടുത്ത സംഭവം സി ബി ഐ അന്വേഷണത്തിന് വിട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമാണ് സി ബി ഐക്ക് കൈമാറിയത്. പൊതുമേഖലാ ബേങ്കുകള്‍ കൂടി ഉള്‍പ്പെട്ട ക്രമക്കേട് ആയതും സി ബി ഐ അന്വേഷണത്തിനുള്ള വഴി തുറന്നു.
നെല്ലിയാമ്പതിയിലെ ആറ് എസ്റ്റേറ്റ് ഉടമകള്‍ ചേര്‍ന്ന് പാട്ടഭൂമി പണയം വെച്ച് പതിനാല് കോടി രൂപ വായ്പയെടുത്തുവെന്നാണ് കണ്ടെത്തിയത്. റവന്യൂ വകുപ്പിന്റെ കൈവശ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ രേഖകളുമാണ് വായ്പ സംഘടിപ്പിക്കാനായി നല്‍കിയത്. റവന്യൂ ഉദ്യോഗസ്ഥരും ബേങ്ക് മാനേജര്‍മാരും ഉടമകളുമായി ഒത്തുകളിച്ചാണ് വായ്പ സംഘടിപ്പിച്ചത്. 1995 – 2002 കാലത്താണ് ഇടപാടുകള്‍ നടന്നത്. എസ് ബി ഐ, കെ എസ് ഐ ഡി സി, സ്വകാര്യ ബേങ്കുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വായ്പയെടുത്തിട്ടുണ്ട്. ഒരു എസ്റ്റേറ്റിനെതിരെ ബേങ്ക് ജപ്തി നടപടി തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്.