കാശ്മീരില്‍ സൈനിക വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

Posted on: July 19, 2013 12:17 am | Last updated: July 19, 2013 at 12:17 am

kashmirശ്രീനഗര്‍: ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയിലെ ഗൂല്‍ മേഖലയിലെ ധരം ഷര്‍തി ഗ്രാമത്തില്‍ അതിര്‍ത്തി സുരക്ഷാ സേന (ബി എസ് എഫ്) നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു.

ബുധനാഴ്ച രാത്രി പ്രദേശത്തെ പള്ളിയിലേക്ക് ഷൂസിട്ട് കയറാന്‍ ശ്രമിച്ച ബി എസ് എഫുകാരെ ഗ്രാമീണരും പള്ളിയിലെ ഇമാമും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇമാമിനെ സൈനികര്‍ മര്‍ദിക്കുകയുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ബി എസ് എഫ് ക്യാമ്പിലേക്ക് പ്രദേശവാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് സൈനികര്‍ വെടിയുതിര്‍ത്തത്. നാല് പേരുടെ മരണം സ്ഥിരീകരിച്ചതായി സ്ഥലം സന്ദര്‍ശിച്ച ശേഷം സംസ്ഥാന ആഭ്യന്തര മന്ത്രി മന്ത്രി സജ്ജാദ് അഹമ്മദ് കിച്ച്‌ലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കാന്‍ ശ്രമം നടന്നതായി പള്ളി ഇമാം പറഞ്ഞു.
എന്നാല്‍, പള്ളിയിലെ ഇമാമിന്റെ നേതൃത്വത്തില്‍ ആയിരത്തോളം പ്രദേശവാസികള്‍ തങ്ങളുടെ ക്യാമ്പ് ആക്രമിക്കാന്‍ എത്തിയപ്പോഴാണ് വെടിവെച്ചതെന്നാണ് ബി എസ് എഫിന്റെ വിശദീകരണം. ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായും ബി എസ് എഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഡി ജി പി അശോക് പ്രസാദ് അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ബി എസ് എഫ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ദിലീപ് ത്രിവേദി റമ്പാനിലേക്ക് തിരിച്ചിട്ടുണ്ട്. കമാന്‍ഡര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വെടിവെപ്പിനെ തുടര്‍ന്ന് ഗൂല്‍, റമ്പാന്‍, ചന്ദര്‍കോട്ട്, ബട്ടോട്ട് ടൗണുകളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. റമ്പാനിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് തീയിടുന്നതിന് ജനക്കൂട്ടം ശ്രമിച്ചു. പോലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ജമ്മു- ശ്രീനഗര്‍ ദേശീയ പാത പലയിടത്തും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. മേഖലയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്നും തുടരും. അഭ്യൂഹങ്ങള്‍ പടരുന്നത് തടയുന്നതിനായി ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വിച്ഛേദിച്ചു. നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നിര്‍ദേശം നല്‍കി. സൈനികരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.