മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഫിറോസ് കീഴടങ്ങി

Posted on: July 18, 2013 5:07 pm | Last updated: July 18, 2013 at 8:12 pm

firoz 2കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടു പിന്നാലെ ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് താന്‍ ഒളിവില്‍ താമസിച്ചിരുന്നതെന്ന് ഫിറോസ് പോലീസിനോട് വെളിപ്പെടുത്തി.

ജാമ്യാപേക്ഷ തള്ളിയാല്‍ കീഴടങ്ങുമെന്ന് ഫിറോസ് നേരത്തെ അഭിഭാഷകന്‍ മുഖേന പോലീസിനെ അറിയിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഫിറോസ് കീഴടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് വന്‍ മാധ്യമപട കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തമ്പടിച്ചിരുന്നു. പോലീസിനെയും മാധ്യമങ്ങളെയും വെട്ടിച്ചാണ് ഫിറോസ് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുന്‍പ് ഫിറോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു പോലീസ്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് മെഡിക്കല്‍ കോളജ് സ്റ്റേഷന് മുന്നിലെത്തിയ ഫിറോസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് കയറുകയായിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സശീത് ചന്ദ്രനാണ് ഹര്‍ജി തള്ളിയത്. ശനിയാഴ്ച രാവിലെ 10ന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവിട്ടത്.

2009-ല്‍ എഡിബി വായ്പ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഫിറോസും സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ സലീം എന്ന വ്യവസായില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു മാസമായി ഒളിവിലായിരുന്ന ഫിറോസിനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.