ഭക്ഷ്യ സുരക്ഷയല്ല; വോട്ട് സുരക്ഷയാണ് ലക്ഷ്യം

Posted on: July 18, 2013 12:34 am | Last updated: July 18, 2013 at 12:34 am

കേന്ദ്ര സര്‍ക്കാര്‍ ജൂലൈ നാലിന് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു. ആഗസ്റ്റ് 20ന് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. കേരളം സൗരോര്‍ജത്താല്‍ കുഴങ്ങിയിരിക്കുന്നതിനാല്‍ നമ്മുടെ മാധ്യമങ്ങളോ രാഷ്ട്രീയ നേതാക്കളോ ഇതൊന്നും അറിഞ്ഞ മട്ടില്ലെങ്കിലും രാജ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് ഈ ഓര്‍ഡിനന്‍സ് എന്നത് സത്യമാണ്. വളരെ അടിയന്തര ഘട്ടങ്ങളില്‍ ലോക്‌സഭയും രാജ്യസഭയും സമ്മേളിച്ച് ചര്‍ച്ച ചെയ്തു പാസാക്കാന്‍ വേണ്ട സാവകാശമില്ലാത്ത അവസരങ്ങളില്‍, മാത്രം ഉപയോഗിക്കുന്നതിനാണ് ഇന്ത്യയുടെ ഭരണഘടനയില്‍ 123-ാം വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ചാണ് ഈ ഓര്‍ഡിനനസ് സര്‍ക്കാര്‍ ഇറക്കിയത്. ഭക്ഷ്യസരുക്ഷയെന്നത് രാജ്യത്തിന്റെ അടിയന്തരാവശ്യമാണെന്നതില്‍ സംശയമില്ല. തന്നെയുമല്ല, രണ്ടാം യു പി എ സര്‍ക്കാര്‍ 2009ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ അതുള്‍പ്പെടുത്തിയിരുന്നതുമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി (എന്‍ എ സി) ഭക്ഷ്യസുരക്ഷക്കു വേണ്ടി ഒരു കരട് നിയമം തയ്യാറാക്കുകയും ചെയ്തു. 2011ല്‍ തയ്യാറാക്കിയ ആ കരടിന്റെ കൂടി അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാര്‍ലിമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ കുംഭകോണപ്പെരുമഴയില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പാസാക്കാനായില്ലെന്ന ന്യായം ഭരണകക്ഷിക്ക് പറയാം.

പക്ഷേ, 2009ല്‍ പ്രഖ്യാപിച്ച മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റാന്‍ 2013 വരെ ഒന്നും ചെയ്യാതിരുന്നതന്തുകൊണ്ട് എന്ന ചോദ്യമുണ്ട്. ആത്മാര്‍ഥതയുണ്ടെങ്കില്‍ 2011ല്‍ ദേശീയ ഉപദേശക സമിതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമം പാസാക്കാമായിരുന്നല്ലോ. ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം സമഗ്രമായ ചര്‍ച്ചകളിലൂടെ തയ്യാറാക്കപ്പെടുകയായിരുന്നു വേണ്ടത്. കേവല കക്ഷിരാഷ്ട്രീയ താത്പര്യം കൊണ്ട് ഇന്ത്യയിലെ മൂന്നിലൊന്നിലധികം വരുന്ന ജനതയെ പട്ടിണിയില്‍ നിന്നു രക്ഷിക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിക്കൂടാ. 2014ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കില്‍ അതുകൊണ്ടൊരു പ്രയോജനവുമില്ല. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ പദ്ധതി രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പരിതസ്ഥിതികള്‍ക്കനുയോജ്യമായിരിക്കണം. എന്നാല്‍ അത്തരമൊരു രീതി ഈ ഓര്‍ഡിനന്‍സില്‍ കാണാനാകില്ല.
എന്താണ്
ഭക്ഷ്യ സുരക്ഷ
കേവലം വിശപ്പ് മാറ്റാന്‍ എന്തെങ്കിലും തിന്നാന്‍ കിട്ടുന്നുവെന്നുറപ്പാക്കലല്ലേ അത്? എല്ലാ സമയത്തും എല്ലാ മനുഷ്യര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമായിരിക്കണം. ഭൗതികമായും സാമ്പത്തികമായും ലഭ്യത ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പാക്കണം. അതിലാവശ്യമായ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കണം. ഭക്ഷണം സാംസ്‌കാരികമായി യോജിച്ചതായിരിക്കണം. കേവലം ലഭ്യതക്കപ്പുറം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും (കൃഷി, സംസ്‌കരണം മുതലായവ) വിതരണവും സുസ്ഥിരവുമായിരിക്കണം. ചുരുക്കത്തില്‍ ആവശ്യമായ അളവിലും ഗുണത്തിലും എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുകയാകണം ലക്ഷ്യം. സാമൂഹിക സമത്വവും മനുഷ്യന്റെ ആരോഗ്യവും അതില്‍ പ്രധാന ഘടകമായിരിക്കണം. സാമ്പത്തികമായി സാധ്യമായതും സുസ്ഥിരമായതുമായ പദ്ധതിയായിരിക്കണം അത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും സംസ്‌കരണവും വിതരണവും മണ്ണ്, വെള്ളം, വായു തുടങ്ങിയവയെ നശിപ്പിക്കുന്നവയാകരുത്. ഭക്ഷ്യോത്പാദകര്‍ക്ക് ന്യായമായ വരുമാനവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കളില്‍ രാസവസ്തുക്കളോ കീടനാശിനികളോ മറ്റു വിഷങ്ങളോ ഉണ്ടാകാന്‍ പാടില്ല.
പക്ഷേ, ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്ക് മേല്‍പറഞ്ഞ ഗുണങ്ങളൊന്നുമില്ലെന്നതാണ് സത്യം. രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗം വരുന്ന ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലക്ക് പ്രതിമാസം അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം നല്‍കുന്നതാണ് പദ്ധതിയുടെ കാതല്‍. അരി കിലോക്ക് മൂന്ന് രൂപ, ഗോതമ്പ് രണ്ട് രൂപ, മറ്റു പരുക്കന്‍ ധാന്യം ഒരു രൂപ എന്ന നിരക്കില്‍ റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം കഴിക്കുന്നതിനായി പ്രതിമാസം 1000 രൂപ നിരക്കില്‍ ആറ് മാസത്തേക്ക് പണം നല്‍കും. ആറ് മാസം മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിയും ഉണ്ട്. ഇതിനായി പ്രതിവര്‍ഷം 612.3 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വേണം. മൊത്തം ഭക്ഷ്യ സബ്‌സിഡി 1,23,000 കോടി രൂപയായി ഉയരും. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിന്റെ പങ്ക് നല്‍കണം.
ചരിത്രത്തിലെങ്ങുമില്ലാത്തത്ര ഗംഭീരമായ പദ്ധതി എന്നൊക്കെ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയേക്കാള്‍ പരമദരിദ്രമെന്നവകാശപ്പെടുന്ന രാജ്യങ്ങളുടെ നിലവാരത്തിന്റെ ഏഴയലത്തു പോലും ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെത്തുന്നില്ലെന്ന് യു എന്‍ ഉള്‍പ്പെടെയുള്ളവയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. റേഷന്‍ കാര്‍ഡും സ്വന്തമായി വീടും ഇല്ലാത്ത; തെരുവാധാരമായ ലക്ഷക്കണക്കിന് മനുഷ്യര്‍ ഇവിടെയുണ്ട്. പരമ ദരിദ്രരും രോഗികളും പട്ടിണിക്കാരുമായ അവര്‍ക്ക് ഇത്തരം പദ്ധതികൊണ്ടൊരു പ്രയോജനവുമില്ല എന്നതാണ് ഒന്നാമത്തെ പ്രശ്‌നം.
രണ്ടിനം
എതിര്‍പ്പുകള്‍
ഈ പുതിയ നിയമത്തെ രണ്ട് രീതിയില്‍ എതിര്‍ക്കുന്നവരുണ്ട്. ആധുനിക കാലത്തെ ആഗോളീകരണ ഉദാരീകരണ വാദികള്‍, സര്‍ക്കാര്‍ സേവനപ്രവര്‍ത്തനങ്ങളൊന്നും ചെയ്ത് പണം നഷ്ടപ്പെടുത്താന്‍ പാടില്ല, കമ്മി കുറക്കണം (എന്നാല്‍ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ തുടരുകയും വേണം), സര്‍ക്കാര്‍ ചെറുതാകണം എന്ന് വാശി പിടിക്കുന്ന ചിദംബരം -മന്‍മോഹന്‍- അലുവാലിയ സംഘമാണിതിലെ പ്രധാന എതിര്‍പ്പുകാര്‍. പട്ടിണിക്കാരുണ്ടാകുന്നത് അവരുടെ കുറ്റം (‘ജാതകദോഷം’ എന്നു പറയാം) കൊണ്ടാണ്. സര്‍ക്കാര്‍ അതിന് ഉത്തരവാദിയല്ല എന്നവര്‍ പറയുന്നു. ഇത്രയധികം സബ്‌സിഡി (1,25,000 കോടി രൂപ) താങ്ങാന്‍ സര്‍ക്കാറിന് ശേഷിയില്ല.(പക്ഷേ, ടു ജി കുംഭകോണത്തില്‍ മാത്രം സര്‍ക്കാറിന് നഷ്ടം 1, 76,000 കോടി രൂപ) ഒപ്പം കമ്പോളത്തില്‍ ഭക്ഷ്യധാന്യം വില കുറയുന്നതിനാല്‍ കര്‍ഷകര്‍ക്കിതു ദോഷകരമെന്ന് പറയുന്ന മുലായം സിംഗുമാരുമുണ്ട്. ഫലത്തില്‍ കോര്‍പറേറ്റ് താത്പര്യക്കാരാണവര്‍.
എന്നാല്‍, ഭക്ഷ്യ സുരക്ഷയെ അതിന്റെ ശരിയായ അര്‍ഥത്തില്‍ കാണുന്നവരും ഇപ്പോഴത്തെ നിയമത്തെ ശക്തമായി എതിര്‍ക്കുന്നു. ദേശീയ ഉപദേശക സമിതിയംഗമായിരുന്ന (ഭക്ഷ്യധാന്യ വിലയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച) ജോണ്‍ ഡ്രീസ് മുതലായവര്‍, ഈ നിയമം നടപ്പാക്കാന്‍ വേണ്ടി ശക്തമായി വാദിക്കുന്നു. ദേശീയ ഉപദേശക സമിതി നിര്‍ദേശിച്ച കരട് നിയമങ്ങളില്‍ ഒട്ടനവധി വെള്ളം ചേര്‍ത്തു ഇതില്‍, എന്നദ്ദേഹം സ്ഥാപിക്കുന്നു. അനാഥരും ഭവനരഹിതരുമായവര്‍ക്കു വേണ്ടി ‘പൊതു അടുക്കളകള്‍’ ഉണ്ടാക്കണമെന്നും അവിടെ നിന്ന് ഇവര്‍ക്കെല്ലാം പോഷകാഹാരം നല്‍കണമെന്നുമുള്ള നിര്‍ദേശം ഇവര്‍ പരിഗണിച്ചതേയില്ല.
സുപ്രീം കോടതിയില്‍ ഈ നിയമത്തെ ചോദ്യം ചെയ്ത് ഒരു ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു. മുമ്പത്തെ സുപ്രീം കോടതിയുടെ ഒരു വിധിയുടെ പരസ്യ ലംഘനമാണ് ഈ പുതിയ ഓര്‍ഡിനനസ് എന്ന് ഹരജിയില്‍ പറയുന്നു. 6-14 വയസ്സ് പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും സമഗ്ര ശിശു ക്ഷേമ പരിപാടിയുടെ സേവനം ഉറപ്പാക്കണമെന്നാണ് കോടിതി നിര്‍ദേശം. എന്നാല്‍, അതെല്ലാം ഉപേക്ഷിച്ചിരിക്കയാണ്. നിലവിലുള്ള അന്ത്യോദയ അന്നയോജന (പദ്ധതി) അനുസരിച്ചു തന്നെ ഒരു കുടുംബത്തിന് പ്രതിമാസം 35 കിലോ എന്ന നിരക്കില്‍ 2.43 കോടി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കിവരുന്നുണ്ട്.
പഴയതിനേക്കാള്‍
നേര്‍പ്പിച്ച്
പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. തന്നെയുമല്ല, 2010 ല്‍ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലെ തീരുമാനം 18.03 കോടി കുടുംബങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നായിരുന്നു. രാജ്യത്തെ 90 ശതമാനം കുടുംബങ്ങള്‍ ഇതില്‍ പെടും. എന്നാല്‍ ഈ ഓര്‍ഡിനനസ് അനുസരിച്ച് ഗ്രാമത്തില്‍ 75 ശതമാനവും നഗരത്തില്‍ 50 ശതമാനവും പേര്‍ക്കേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. മൊത്തം 67 ശതമാനം മാത്രം. ഇത് വഴി നിര്‍ഭാഗ്യം കൊണ്ട് ‘ദാരിദ്ര്യ രേഖക്ക് മേല്‍’ എ പി എല്‍ എന്ന റേഷന്‍ കാര്‍ഡ് കിട്ടിയവരില്‍ നല്ലൊരു പങ്കും പദ്ധതിക്ക് പുറത്താകും.
എ പി എല്‍, ബി പി എല്‍ നിര്‍ണയത്തിലെ തകരാറുകള്‍ വളരെ ദോഷകരമായ ഒന്നാണ്. കേന്ദ്ര നയമനുസരിച്ച് ഗ്രാമത്തില്‍ 13 രൂപയും നഗരത്തില്‍ 18 രൂപയും പ്രതിദിനം വരുമാനമുള്ളവരെല്ലാം എ പി എല്‍ ആണ്. ഇതനുസരിച്ച് ഗ്രാമത്തില്‍ 46 ശതമാനവും നഗരത്തില്‍ 28 ശതമാനവും മാത്രമാണ് ‘ദരിദ്രര്‍’. ഇതനുസരിച്ച് ഇന്ത്യയിലാകെ ബി പി എല്‍ കുടുംബങ്ങള്‍ 6.52 കോടിയാണ് കേന്ദ്രത്തിന്റെ കണക്കിലുള്ളത്. എന്നാല്‍, സംസ്ഥാന കണക്കില്‍ ഇത് 11.03 കോടി (56 ശതമാനം) ആണ്. എന്നാല്‍ നിയമം പറയുന്നത് സംസ്ഥാനങ്ങളിലെ എ പി എല്‍, ബി പി എല്‍ നിര്‍ണയ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുമെന്നാണ്. ഇതിനായി പറയുന്ന ന്യായം, ദേശീയ ഉപദേശക സമിതിയുടെ നിര്‍ദേശമനുസരിച്ചാണിതെന്നതാണ്. രസകരമായ വാദമാണിത്. നേരത്തെ സൂചിപ്പിച്ചതടക്കം സാര്‍വത്രികമായ പൊതുവിതരണമടക്കം നിരവധി സുപ്രധാന ശിപാര്‍ശകള്‍ ദേശീയ ഉപദേശക സമിതി നല്‍കിയിരുന്നു. അതൊന്നും ഇവിടെ ബാധകമല്ല.
ഓരോ കുടുംബത്തിനും കിട്ടുന്ന ഭക്ഷ്യധാന്യ വിഹിതത്തിലും കാര്യമായ കുറവ് വരുത്തിയിരിക്കുന്നു. അന്ത്യോദയ അന്നയോജന പദ്ധതി സാര്‍വത്രികമാക്കണമെന്നായിരുന്നു ദേശീയ സമിതി ശിപാര്‍ശ. അതനുസരിച്ച് ഒരു കുടുംബത്തിന് പ്രതിമാസം 35 കിലോഗ്രാം അരി (ഗോതമ്പ്) ലഭിക്കുമായിരുന്നു. ഓര്‍ഡിനനസ് അനുസരിച്ച് ബി പി എല്‍ കുടുംബത്തിലെ ഒരംഗത്തിന് ഏഴ് കിലോ പ്രതിദിനം എന്ന നിരക്കല്‍ നല്‍കും. അംഗങ്ങള്‍ (കുട്ടികള്‍) കുറവായ കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. എ പി എല്‍ കുടുംബത്തിന്റെ കാര്യം ദുരന്തമാണ്. പ്രതിമാസം ഒരു വ്യക്തിക്ക് മൂന്ന് കിലോ ഭക്ഷ്യധാന്യമാണ് നല്‍കുന്നത്. ഇത് മനുഷ്യനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്രയും ധാന്യം ഒരാള്‍ക്ക് ഒരാഴ്ചക്ക് പോലും തികയില്ല. ഫലത്തില്‍ ‘പട്ടിണി നിര്‍മാര്‍ജനം’ എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമേയല്ല എന്നര്‍ഥം.
ഭക്ഷ്യധാന്യ വിലനിര്‍ണയത്തിലും വലിയ അപാകങ്ങള്‍ ഉണ്ട്. കേരളവും തമിഴ്‌നാടുമടക്കം 10 സംസ്ഥാനങ്ങളിലെങ്കിലും ഒരു രൂപക്ക് ഒരു കിലോ അരി എന്ന നിരക്കില്‍ പല കുടുംബങ്ങള്‍ക്കും കിട്ടുന്നുണ്ട്. തമിഴ്‌നാട്ടില്‍ അത് ഏറെ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. അത്തരം ഇടങ്ങളിലോക്ക് കിലേക്ക് മൂന്ന് രൂപ നിരക്കില്‍ അരിയുമായി എത്തുന്നതിന്റെ ഫലമെന്ത്? എ പി എല്‍ വിഭാഗത്തിന് ഈ ഇളവുമില്ല. പരമാവധി താങ്ങുവിലയുടെ പാതിയെന്നാണവരുടെ നിരക്ക്. ചുരുക്കത്തില്‍ സാര്‍വത്രിക റേഷന്‍ സംവിധാനം ഉണ്ടായിരുന്നിടത്തു കൂടി അതില്ലാതാക്കുന്നു എന്നര്‍ഥം.
പട്ടിണി നിര്‍മാര്‍ജനത്തിന്
വേണ്ടത്
ഒട്ടും തന്നെ ദീര്‍ഘവീക്ഷണമില്ലാത്തതും സുസ്ഥിരതയില്ലാത്തതും അതുകൊണ്ടുതന്നെ ആസൂത്രണമില്ലാത്തതുമാണ് ഈ ഓര്‍ഡിനനസ് എന്ന് വ്യക്തം. തല്‍ക്കാലം കുറെ പണം മുടക്കി കുറച്ചു പേര്‍ക്ക് കുറേ ഭക്ഷ്യധാന്യം വിതരണം ചെയ്താല്‍ അത് പട്ടിണി നിര്‍മാര്‍ജനമാകുന്നില്ല. 2001ല്‍ യു എന്‍ പ്രഖ്യാപിച്ച സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് 2015നകം (2001ലെ) പട്ടിണി പാതിയായി കുറക്കുക എന്നത്. ഇത് നേടാനാകണമെങ്കില്‍ വ്യക്തമായ ആസൂത്രണം വേണം. എപ്പോഴെങ്കിലും സര്‍ക്കാറില്‍ നിന്നും കിട്ടിയേക്കാവുന്ന ഭക്ഷ്യധാന്യത്തിന് വേണ്ടി കാത്തിരിക്കലോ ഭക്ഷ്യ സുരക്ഷ?
സുസ്ഥിരവും സാമ്പത്തികവും പാരിസ്ഥിതികവുമായി നിലനില്‍ക്കുന്നതുമായ ഒരു കാര്‍ഷിക വ്യവസ്ഥയാണ് ഭക്ഷ്യസുരക്ഷയുടെ അടിത്തറ. എന്നാല്‍, പ്രതിദനം 250 കര്‍ഷകര്‍ എന്ന ശരാശരി കണക്കില്‍ ‘കാര്‍ഷിക മേഖല ഉപേക്ഷിക്കുന്ന കര്‍ഷകരുടെ’ രാജ്യമാണിത്. ഈ നിരക്ക് കൂടിക്കൊണ്ടിരിക്കുകയുമാണ്. നിരവധി വകുപ്പുകളുടെ ഏകോപനം ഭക്ഷ്യസുരക്ഷ നേടാന്‍ അനിവാര്യമാണ്. കൃഷിക്കൊപ്പം ഗ്രമാവികസനം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍, നിയമം തുടങ്ങി പലതും ഇതില്‍ പെടുന്നു. മറിച്ച് അന്താരാഷ്ട്ര വ്യാപാരം, വ്യവസായം, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയവയുടെ പേരില്‍ കൃഷി ഭൂമി ഏറ്റെടുക്കുന്നതും നശിപ്പിക്കുന്നതും തടയുകയും വേണം. അന്താരാഷ്ട്ര ആവശ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യവിളകളില്‍ നിന്ന് കര്‍ഷകര്‍ നാണ്യ വിളകളിലേക്ക് മാറുന്നതും തടയണം.
കൃഷിക്കൊപ്പം ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതും ഭക്ഷ്യസുരക്ഷയുടെ ഭാഗമാണ്. ക്ഷീര മേഖല തന്നെ ഉദാഹരണമായെടുക്കാം. ഭക്ഷ്യ സരുക്ഷക്കൊപ്പം പോഷകാഹാര ലഭ്യത, വരുമാനം തുടങ്ങിയവക്കെല്ലാം കൃഷിയോടൊപ്പം കാലി വളര്‍ത്തലും നിര്‍ണായകമാണ്. കൃഷിക്കൊപ്പം കാലി വളര്‍ത്തല്‍ നടത്തുന്ന ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്നോര്‍ക്കുക. ഒരു തരത്തില്‍ സഹകരണ മേഖലയുടെ പിന്‍ബലത്തോടെ ഏറെ വളര്‍ന്ന ഈ മേഖലകളില്‍ വന്‍ നാശം വിതക്കുന്നതായിരുന്നു ഇന്ത്യയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍. പാലുത്പന്നങ്ങളുടെ ഇറക്കുമതിക്കുണ്ടായിരുന്ന തീരുവ വളരെ കുറവാക്കി. ഇതോടെ ഇറക്കുമതി പല മടങ്ങായി. പ്രാദേശിക ഉത്പാദനം കുറഞ്ഞു.
തിരക്കുപിടിച്ച് ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വോട്ട് തട്ടാനാണെന്ന ആരോപണത്തില്‍ കഴമ്പില്ല. ജനപ്രിയമായ കാര്യങ്ങള്‍ നിര്‍വഹിച്ച് ജനങ്ങളുടെ വോട്ട് നേടുന്നതില്‍ തെറ്റില്ല. പക്ഷേ, നടപ്പിലാക്കുന്ന പദ്ധതി ഇതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകണം. ഇവിടെ അതുണ്ടാകുന്നില്ല. നേരത്തെ ചൂണ്ടിക്കാട്ടിയ നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതിരിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യം എന്നതാണ് പ്രശ്‌നം. അടുത്ത അഞ്ച്, 10, 15 വര്‍ഷക്കാലങ്ങളില്‍ എന്തു ലക്ഷ്യങ്ങള്‍ നാം നേടാന്‍ ശ്രമിക്കുന്നു എന്ന വസ്തുതയായിരിക്കണം ആസൂത്രണത്തിന്റെ അടിസ്ഥാനം. അതൊന്നും ഇവിടെ കാണുന്നില്ല. അതുകൊണ്ടുതന്നെയാണ് ചില ‘തിരഞ്ഞെടുപ്പ് ഗിമ്മിക്കുകള്‍’ മാത്രമാണിതെന്ന് പറയുന്നവരെ നേരിടാന്‍ വിഷമിക്കുന്നത്. അതും ഇന്ത്യ കണ്ട ഏറ്റവും ജനപ്രീതി കുറഞ്ഞ ഒരു സര്‍ക്കാറിന്റെതുമാകുമ്പോള്‍… ഇത് ഭക്ഷ്യസുരക്ഷയല്ല, ‘വോട്ട് സുരക്ഷ’യാണെന്ന് പറയാം.