സര്‍ക്കാറിനെ തത്കാലം വീഴ്ത്തില്ല; പ്രക്ഷോഭം ശക്തമാക്കും

Posted on: July 17, 2013 7:54 pm | Last updated: July 18, 2013 at 10:56 am

cpim

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഭരണമുന്നണിയില്‍ രൂപപ്പെട്ട ഭിന്നത മുതലെടുക്കാനും പ്രക്ഷോഭം ശക്തമാക്കാനും സി പി എം സെക്രട്ടേറിയറ്റ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആശ്രയ ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ വരും ദിവസങ്ങളില്‍ ശക്തമായി ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനും യോഗം തീരുമാനിച്ചു. ഭരണ മാറ്റ ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നും സര്‍ക്കാര്‍ തമ്മിലടിച്ച് താഴെ വീഴുമെന്നും യോഗം വിലയിരുത്തി.
കെ എം മാണിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സി പി എമ്മില്‍ നിന്നു തന്നെയാണ് തുടങ്ങിയതെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കും. ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ജാഗരൂകമാക്കി. സര്‍ക്കാറില്‍ അനിശ്ചിതത്വമുണ്ടാക്കും വിധമുള്ള ഇടപെടലുകളാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആശ്രയ ട്രസ്റ്റുമായി സരിത എസ് നായര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവും യോഗം ചര്‍ച്ച ചെയ്തു. ശാലുമേനോന്റെ അറസ്റ്റോടെ അന്വേഷണം സ്തംഭിച്ചിരിക്കുകയാണ്. ജിക്കുമോനെയും സലീം രാജിനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ ക്രമീകരണവും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.