Connect with us

Ongoing News

കോപ ലിബര്‍ട്ടഡോറസ് ഫൈനലിന്റെ ആദ്യ പാദം ഇന്ന്

Published

|

Last Updated

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബര്‍ട്ടഡോറസ് ഫൈനല്‍ ഇന്ന്. ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റികോ മിനെയ്‌റോയും പരാഗ്വെന്‍ ക്ലബ്ബ് ഒളിമ്പിയയും തമ്മിലാണ് കലാശപ്പോര്. ഇരുപാദ ഫൈനലിന്റെ ആദ്യപാദമാണ് ഇന്ന് നടക്കുക. ബ്രസീല്‍ ക്ലബ്ബിന്റെ ഹോം മത്സരമാണിത്.
ഈ മാസം 24ന് ബെലൊ ഹോറിസോന്റെയില്‍ ഒളിമ്പിയയുടെ തട്ടകത്തിലാണ് രണ്ടാം പാദം. ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയും യുവതാരം ബെര്‍നാര്‍ഡുമാണ് മിനെയ്‌റോയുടെ ആകര്‍ഷണം. സെമിഫൈനലില്‍ അര്‍ജന്റൈന്‍ ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനെ ഷൂട്ടൗട്ടില്‍ കീഴടക്കി മിനെയ്‌റോ ബ്രസീലിന്റെ ആവേശമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷവും കിരീടം ബ്രസീലിലേക്കാണ് പോയത്. ഇന്റര്‍നാസിയോണ്‍, സാന്റോസ്, കൊറിന്ത്യന്‍സ് ക്ലബ്ബുകളായിരുന്നു മുമ്പ് ബ്രസീലിന്റെ ഫുട്‌ബോള്‍ മഹിമ കാത്തത്. നാലാം ഊഴത്തില്‍ മിനെയ്‌റോയാണ്. കോപ ലിബര്‍ട്ടഡോറസ് നേടുന്നതിനെക്കാള്‍ വലുതായി തങ്ങള്‍ക്കൊന്നും നേടാനില്ലെന്നാണ് മിനെയ്‌റോ താരം റൊണാള്‍ഡീഞ്ഞോ പറഞ്ഞത്. അത്‌ലറ്റികോ മിനെയ്‌റോ ഇതുവരെ കോപ ലിബര്‍ട്ടഡോറസില്‍ മുത്തമിട്ടിട്ടില്ല. ക്ലബ്ബ് ചരിത്രത്തിലെ സുവര്‍ണഅധ്യായം രചിക്കാനുള്ള അവസരമാണ് റൊണാള്‍ഡീഞ്ഞോക്കും സംഘത്തിനും മുന്നിലുള്ളത്.