Connect with us

Kottayam

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇടതുസഖ്യം

Published

|

Last Updated

കോട്ടയം:ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ യു ഡി എഫില്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന് പുറമെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ പാര്‍ട്ടിക്ക് നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് ആവശ്യം. ഇക്കാര്യത്തില്‍ ഐക്യമുന്നണിയില്‍ തീരുമാനം വൈകിപ്പിച്ചാല്‍ ഇടതു മുന്നണിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് മടിക്കില്ലെന്ന സൂചനയാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്ന മുന്നറിയിപ്പ്.

സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തിയാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കേരളാ കോണ്‍ഗ്രസ് വിലയിരുത്തല്‍. കേന്ദ്രത്തിലാകട്ടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയില്ല. ഇത്തരത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സോളാര്‍ വിവാദത്തിന്റെ പേരില്‍ പ്രതിച്ഛായ നഷ്ടമായ യു ഡി എഫുമായുള്ള സഖ്യം വിടാന്‍ കേരളാ കോണ്‍ഗ്രസ് ഒളിഞ്ഞും തെളിഞ്ഞും ആലോചനകള്‍ തുടങ്ങിയത്. എല്‍ ഡി എഫിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ മൂന്ന് ലോക്‌സഭാ സീറ്റുകളും 25 നിയമസഭാ സീറ്റുകളും നല്‍കാമെന്നാണ് ഇടതു മുന്നണി നേതാക്കള്‍ മാണിക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.
എന്നാല്‍ ഇടതുമുന്നണിയുമായി, പ്രത്യേകിച്ച് സി പി എമ്മുമായുള്ള ചങ്ങാത്തം സംബന്ധിച്ച് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടുകള്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള ചര്‍ച്ചകളില്‍ ഏറെ നിര്‍ണായകമാണ്. സി പി എമ്മിനോട് തൊട്ടുകൂടായ്മ നയം എല്ലാകാലത്തും പുലര്‍ത്തുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ അടക്കമുള്ള കത്തോലിക്കാ സഭയിലെ സീനിയര്‍ ബിഷപ്പുമാരുടെ എതിര്‍പ്പാണ് കെ എം മാണിയുടെ മുന്നിലെ പ്രധാന വെല്ലുവിളി. എല്ലാകാലത്തും ക്രൈസ്തവ മേഖലകളിലെ സ്വാധീനം ഉയര്‍ത്തിക്കാട്ടിയാണ് മധ്യ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടുന്നത്. ക്‌നാനായ വിഭാഗത്തിലെ വലിയൊരു വിഭാഗം കേരള കോണ്‍ഗ്രസ് അനുഭാവികളാണ്. ഇവര്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുള്ള ചങ്ങാത്തം അത്രകണ്ട് വേഗം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. എന്നാല്‍ മധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ സംരക്ഷകരായി എല്‍ ഡി എഫില്‍ കേരളാ കോണ്‍ഗ്രസ് എല്ലാക്കാലത്തും ഉണ്ടാകുമെന്ന ഉറപ്പാണ് മാണി സഭാ നേതൃത്വങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷവുമായി ചേര്‍ന്ന് മൂന്ന് ലോക്‌സഭാ സീറ്റുകളില്‍ വിജയം കൊയ്താല്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണ സമയത്ത് കേരളാ കോണ്‍ഗ്രസിന് നിര്‍ണായക റോള്‍ ഉണ്ടാകുമെന്നും മാണി കണക്കുകൂട്ടുന്നു.
ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് എത്തിയ സാഹചര്യത്തില്‍ സീറ്റ് വിഭജനം കേരളാ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുമെന്ന ചിന്തയും പുതിയ ചേരികളുടെ കൂട്ടായ്മയ്ക്ക് ശക്തി പകരുന്നു. പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ജെ, മാണി വിഭാഗത്തില്‍ ലയിച്ചപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഇടുക്കി ലോക്‌സഭാ സീറ്റ് യു ഡി എഫില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇടുക്കി വിട്ടുനല്‍കാന്‍ അവര്‍ തയാറല്ല. ഫ്രാന്‍സിസ് ജോര്‍ജിനെ തഴയേണ്ട സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജിനെതിരെ കലാപക്കൊടി ഉയര്‍ത്തി കേരളാ കോണ്‍ഗ്രസില്‍ നില്‍ക്കുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയേക്കാമെന്ന സൂചനയും കെ എം മാണിയെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യങ്ങള്‍ക്ക് നിര്‍ബന്ധിതനാക്കുന്നു.