ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികിത്സയും ആംബുലന്‍സ് സേവനവും ലഭ്യമാക്കും

Posted on: July 16, 2013 9:00 pm | Last updated: July 16, 2013 at 11:53 pm

108 ambulanceന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികിത്സയും ആംബുലന്‍സ് സേവനവും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്. ജനനി സുരക്ഷാ യോജനയുടെ ഭാഗമായാണ് ഇത്. പ്രസവത്തിന് മുമ്പും ശേഷവും സൗജന്യ ചികിത്സ നല്‍കും. പ്രസവത്തിന് ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ 45 ദിവസം മാതാവിനും കുഞ്ഞിനും സൗജന്യ ചികിത്സ ലഭ്യമാക്കും. കുഞ്ഞിനുള്ള ചികിത്സ ഒരു വര്‍ഷം വരെ തുടരാം. പോഷകാഹാരക്കുറവുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ആഴ്ച തോറും ഇരുമ്പ്‌സത്ത്, ഫോളിക് ആസിഡ് എന്നിവ നല്‍കും. വിളര്‍ച്ചയുള്ള കുട്ടികള്‍ക്കാണ് ഇവ നല്‍കുക.
ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി ഈ വര്‍ഷം ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തിരുന്നു. ലഭ്യമായ ചികിത്സാ സംവിധാനങ്ങളെ കുറിച്ച് ദൂരദര്‍ശനിലും റേഡിയോയിലും പരസ്യവും അനുബന്ധ പരിപാടികളും നടത്തും. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുമായി ആഴ്ചയില്‍ അഞ്ച് ദിവസം ഒരു മണിക്കൂര്‍ നേരം സംവാദവും നടത്തും.
എം ബി ബി എസിന് നിര്‍ബന്ധിത ഗ്രാമീണ സേവനം ഉറപ്പ് വരുത്തും. 20,000 രൂപ വേതനത്തില്‍ എന്‍ ആര്‍ എച്ച് എം പദ്ധതി പ്രകാരം ഡോക്ടര്‍മാരെ ഗ്രാമീണ മേഖലയില്‍ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.