തെങ്ങില്‍ നിന്നും നീര ഉത്പാദനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി

Posted on: July 16, 2013 8:27 pm | Last updated: July 16, 2013 at 11:29 pm

neeraതിരുവനന്തപുരം: സംസ്ഥാനത്ത് തെങ്ങില്‍ നിന്നും നീര ഉല്‍്പാദിപ്പിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യഘട്ടമായി ജില്ലകള്‍ തോറും ഓരോ യൂണിറ്റ് തുടങ്ങാനാണ് തീരുമാനം. എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

എക്‌സൈസ് വകുപ്പായിരിക്കും നീര യൂണിറ്റിന് അനുമതി നല്‍കുക. 1500 തെങ്ങുകള്‍ വീതമുള്ളതായിരിക്കും ഒരു യൂണിറ്റ്. നാളികേര വികസനബോര്‍ഡില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമാണ് നീര യൂണിറ്റിന് അനുമതിക്ക്്് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

നാളികേരത്തില്‍ നിന്നും വാണിജ്യ അടിസ്ഥാനത്തില്‍ നീര ഉത്പാദിപ്പിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 10 ജില്ലകളില്‍ നീര യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 15 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.

തെങ്ങില്‍ നിന്നും നീര ഉല്‍്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുമതി കിട്ടുന്നത് കേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നതിനാല്‍ വര്‍ഷങ്ങളായി കേരളത്തിലെ നാളികേര കര്‍ഷകരും കാര്‍ഷിക വിദഗ്ധരും നീര ഉത്പാദനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇതുവഴി തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.