ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് ഏഴര കോടി യാത്രക്കാരെ

Posted on: July 16, 2013 9:12 pm | Last updated: July 16, 2013 at 9:12 pm

dubai inter national airport1ദുബൈ:ലോകത്തിലെ ഒന്നാം നമ്പര്‍ വിമാനത്താവളമാവാന്‍ പരിശ്രമിക്കുന്ന ദുബൈ ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് 2015ല്‍ പ്രതീക്ഷിക്കുന്നത് ഏഴര കോടി യാത്രക്കാരെ. ഇതോടെ നിലവിലെ ലോകത്തിലെ ഒന്നാം നമ്പര്‍ വിമാനത്താവളമായ ലണ്ടണിലെ ഹീത്രൂവിനെ മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ദുബൈ വിമാനത്താവള അധികൃതര്‍. പ്രതീക്ഷിക്കുന്ന രീതിയില്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ ലോകത്തിലെ ഏറ്റവും വലുതും തിരക്കുപിടിച്ചതുമായ വിമാനത്താവളമായി ദുബൈ മാറുമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ മാറിയിരുന്നു. പാരീസിലെ ചാള്‍സ് ഡി ഗോല്ലെയെ പിന്തള്ളിയായിരുന്നു രണ്ടാം സ്ഥാനത്തേക്ക് ദുബൈ രാജ്യാന്തര വിമാനത്താവളം എത്തിയത്. കഴിഞ്ഞ വര്‍ഷം 5.76 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്.
2013ന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കിടയില്‍ 2.19 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞ കുറെ വര്‍ഷമമായി ദുബൈ ഏവിയേഷന്‍ വ്യവസായം ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കയാണെന്നും ശൈഖ് അഹമ്മദ് പറഞ്ഞു.
കഴിഞ്ഞ ദിവസം എര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ മൂന്നില്‍ സ്മാര്‍ട്ട് ഗേറ്റ് സ്ഥാപിച്ചതായി ദുബൈ ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വെറും 20 സെക്കന്റിനുള്ളില്‍ സാധിക്കുമെന്നും 14 സ്മാര്‍ട്ട് ഇ ഗേറ്റുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശദീകരിച്ചിരുന്നു. 2014 ഓടെ ദുബൈ വിമാനത്താവളത്തിന്റെ നാലു ടെര്‍മിനലുകളിലും 100 സ്മാര്‍ട്ട് ഗേറ്റുകള്‍ നടപ്പാക്കുമെന്ന് ദുബൈ ഏവിയേഷന്‍ എഞ്ചിനിയറിംഗ് പ്രൊജക്ട്‌സ്(ഡി എ ഇ പി) സി ഇ ഒ സൂസാന്നെ അല്‍ അനാനി വ്യക്തമാക്കിയിരുന്നു.
ടെര്‍മിനല്‍ മൂന്നിലെ ഡിപാര്‍ച്ചര്‍ ഹാളും ടെര്‍മിനല്‍ ഒന്നിലെയും മൂന്നിലെയും അറൈവല്‍ ഹാളുകളും ഇതില്‍ ഉള്‍പ്പെടും. ലോകത്തിലെ ഉയരം കൂടിയ കെട്ടിടം, ഹോട്ടല്‍, പൂന്തോട്ടം തുടങ്ങിയ നിരവധി ഗിന്നസ് റിക്കാര്‍ഡുകള്‍ പേറുന്ന ദുബൈ നഗരത്തിന് 2014ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവിയും വരുന്നതിനായി കാത്തിരിക്കുകയാണ് നഗരവാസികളും ഭരണകൂടവും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഭാവനാപൂര്‍ണമായ ഭരണ നൈപുണ്യമാണ് ഈ അഭിമാനകരമായ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍.