Connect with us

Ongoing News

അത്താഴത്തിനും വേണം, നിയ്യത്ത്

Published

|

Last Updated

നോമ്പനുഷ്ടിക്കുന്നവര്‍ക്ക് അത്താഴം കഴിക്കല്‍ സുന്നത്താണ്. റമളാനിലെ നോമ്പിനുമാത്രമല്ല ഇത്. നേര്‍ച്ചയാക്കിയ നോമ്പിനും മറ്റു സുന്നത്ത് നോമ്പുകള്‍ക്കുമെല്ലാം അത്താഴം കഴിക്കല്‍ സുന്നത്തുണ്ട്. അത്താഴം ബറകത്ത് (അനുഗ്രഹം) ഉള്ള ഭക്ഷണമാണ്. കഴിച്ചാല്‍ മാത്രമേ അത് ലഭ്യമാകൂ. കഴിക്കാനൊന്നുമില്ലെങ്കില്‍ അല്‍പം വെള്ളം കുടിച്ചാലും സുന്നത്ത് ലഭിക്കും. എന്നാല്‍ കാരക്കയാണ് അത്താഴഭക്ഷണമായി ഏറ്റവും ഉത്തമം. സല്‍ക്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ നിയ്യത്ത് വേണമല്ലോ. അതിനാല്‍ അത്താഴം കഴിക്കുമ്പോള്‍ സുന്നത്തിനുവേണ്ടി ഞാന്‍ അത്താഴം കഴിക്കുന്നുവെന്ന് കരുതണം. എങ്കിലേ പ്രതിഫലം ലഭിക്കൂ.

അത്താഴ ഭോജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി (സ) തങ്ങള്‍ എമ്പാടും സുവിശേഷം നല്‍കിയിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ) പറയുന്നു. നബി (സ) തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ ബറകത്തുണ്ട്. (ബുഖാരി- മുസ്‌ലിം) ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്. നബി (സ) പറഞ്ഞു: അല്ലാഹുവും മലക്കുകളും അത്താഴമുണ്ണുന്നവര്‍ക്ക് ഗുണം ചെയ്യും. (ഇബ്‌നുഹിബ്ബാന്‍, ത്വബ്‌റാനി).

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നിവേദനം. നബി (സ) പറഞ്ഞു: മൂന്നാളുകളുടെ ഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ച്, അത് ഹലാലില്‍ നിന്നാണെങ്കില്‍, അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ വിചാരണ ചെയ്യുകയില്ല. ഒന്ന്: നോമ്പുകാരന്‍, രണ്ട്: അത്താഴം കഴിച്ചവന്‍, മൂന്ന്: യുദ്ധവേളയിലെ പാറാവുകാരന്‍ (ബസ്സാര്‍, ത്വബ്‌റാനി).
ഒരു ഇറക്ക് വെള്ളമാണ് അത്താഴ നിയ്യത്ത് ചെയ്ത് കുടിച്ചതെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഇബ്‌നുഉമര്‍ (റ)വില്‍നിന്ന് നിവേദനം. നബി (സ) അരുളി. ഒരു ഇറക്ക് വെള്ളം കുടിച്ചിട്ടെങ്കിലും നിങ്ങള്‍ അത്താഴം കഴിക്കുക. (ത്വബ്‌റാനി).

അത്താഴത്തില്‍ കാരക്കയുടെ പ്രാധാന്യത്തെകുറിച്ച് നബി (സ) പറയുന്നു. സാഇബ്ബിനി യസീദില്‍ നിന്ന് റിപ്പോര്‍ട്ട്. അത്താഴത്തിന് ഏറ്റവും നല്ലത് കാരക്കയാണ്. അത്താഴമുണ്ണുന്നവര്‍ക്ക് അല്ലാഹു കരുണ വര്‍ഷിക്കുന്നതാണ്. (ത്വബ്‌റാനി).

അത്താഴം പിന്തിക്കല്‍

അത്താഴം സുന്നത്തായതിന്റെ താത്പര്യം എന്താണ്? ഇത്രയധികം പ്രാധാന്യം അതിനെന്തിന് നല്‍കണം? അതിന് വിഖ്യാത ശാഫിഈ മദ്ഹബ് ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ഉത്തരം നല്‍കുന്നുണ്ട്. നോമ്പിന് കരുത്ത് പകരലും വേദം നല്‍കപ്പെട്ടവരില്‍ നിന്ന് വ്യതിരിക്തമാവലുമാണ് അത്താഴത്തിന്റെ യുക്തി. (പേ. 198)

മുന്‍കാല സമൂഹങ്ങള്‍ക്കും വ്രതം നിര്‍ബന്ധമായിരുന്നുവെന്ന് ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. പക്ഷെ അവരുടെതില്‍ നിന്ന് നമ്മുടെ നോമ്പ് വേറിട്ട് നില്‍ക്കുന്നത് അത്താഴം കാരണമാണ്. കാരണം അത്തരമൊരു ആരാധന അവര്‍ക്കുണ്ടായിരുന്നില്ല. അംറുബ്‌നില്‍ ആസ്വി(റ)ല്‍ നിന്ന്: നബി തിരുമേനി (സ) പറഞ്ഞു. വേദക്കാരുടെയും നമ്മുടെയും വ്രതരീതികള്‍ക്കിടയിലുള്ള വ്യത്യാസം അത്താഴ ഭോജനമാകുന്നു. (മുസ്‌ലിം, അബൂദാവൂദ്, തിര്‍മുദി) ഇബ്‌നുഅബ്ബാസ് (റ)വില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ്: അത്താഴം കഴിച്ച് കൊണ്ട് പകലില്‍ നോമ്പിനുള്ള ഊര്‍ജം സംഭരിക്കുക. ഖൈലൂലത്ത് (ളുഹ്‌റിന്റെ അല്‍പം മുമ്പ്) സമയത്തെ ഉറക്കം കൊണ്ട് രാത്രി മുഴുനീളെ നിസ്‌കരിക്കാനും ശക്തിസംഭരിക്കുക.

അര്‍ധരാത്രി മുതലാണ് അത്താഴത്തിന്റെ സമയം ആരംഭിക്കുക. പ്രഭാതമായോ എന്ന് സംശയിക്കാത്ത അത്ര സമയംവരെ പിന്തിക്കല്‍ സുന്നത്താണ്. (ഫ.മുഈന്‍ പേ: 198)

അത്താഴം പിന്തിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്ന മൂന്നുകാര്യങ്ങളില്‍ ഒന്നാണ് എന്ന് യഅ്ഖൂബ്‌നുമുര്‍റ (റ)യില്‍ നിന്ന് ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. എത്രവരെ പിന്തിക്കലായിരുന്നു നബി ചര്യയെന്ന് നോക്കാം. സൈദ്ബ്‌നു സാബിത് (റ) അനസ്ബ്‌നുമാലികി (റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ്: അനസ് (റ) പറഞ്ഞു ഞങ്ങള്‍ നബി (സ)യുമൊന്നിച്ച് അത്താഴമുണ്ടു. താമസിയാതെ സുബ്ഹ് നിസ്‌കാരത്തിന് നിന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: വാങ്കിന്റെയും അത്താഴത്തിന്റെയും ഇടയില്‍ എത്രസമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു. അമ്പത് ആയത് ഓതാന്‍ ആവശ്യമായ സമയം. (ബുഖാരി) മറ്റൊരു ഹദീസ് ഹാകിം (റ) ഉദ്ധരിക്കുന്നു. “എന്റെ സമുദായം അത്താഴം പിന്തിക്കുന്ന കാലമത്രെയും നന്മയില്‍ തന്നെയാകുന്നു.”

അസ്തമയം വരെ അന്നപാനാദികളില്ലാതെ ഉപവസിക്കുന്ന മനുഷ്യന് അത്താഴം കഴിക്കല്‍ സുന്നത്താക്കിയത് മൂലം ശാരീരികോര്‍ജ്ജം നിലനിറുത്താനും നോമ്പ് ആയാസരഹിതമാക്കാനും സാധിച്ചു. അത്താഴം ചര്യയായിരുന്നില്ലെങ്കില്‍ വ്രതാനുഷ്ഠാനം അല്‍പം പ്രയാസകരമായിരുന്നുവെന്ന് തീര്‍ച്ചയാണ്. അതേ സമയം അത്താഴത്തെ പിന്തിച്ചില്ലായിരുന്നുവെങ്കില്‍ അര്‍ധരാത്രിയോടെ തന്നെ കഴിക്കാന്‍ നാം നിര്‍ബന്ധിതരാവുമായിരുന്നു. വയറു നിറച്ചുള്ള ഉറക്കം ദഹനക്കേടിനും രോഗത്തിനും സ്വുബ്ഹ് ഖളാആക്കാനും ഹേതുവാകുമായിരുന്നു. പക്ഷെ, അത്താഴത്തെ പിന്തിക്കുകവഴി ഈ ശാരീരികവും ആത്മീയവുമായ നഷ്ടങ്ങളില്‍ നിന്ന് നാം രക്ഷപ്പെട്ടു. എത്ര ശാസ്ത്രീയവും പ്രകൃതിക്കിണങ്ങിയതുമാണ് ഇസ്‌ലാം?

അത്താഴത്തിനിടയില്‍ വാങ്കുവിളിച്ചാല്‍

പ്രഭാതം വരെയാണ് അത്താഴ സമയം. വാങ്കുവിളിച്ചാലും ഇല്ലെങ്കിലും അതിനു മുമ്പേ ഭക്ഷിക്കല്‍ അവസാനിപ്പിച്ചുകൊള്ളണം. അതാണ് സൂക്ഷമത. കാരണം. നിസ്‌കാര സമയത്തിന്റെ കൃത്യതക്കുവേണ്ടി ബാങ്കിന്റെ സമയം അല്‍പം പിന്തിപ്പിച്ചേക്കാം. വാങ്കുകേള്‍ക്കുന്നത് വരെ വാരിവലിച്ചു തിന്നുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.

പ്രഭാതമായെന്ന് ബോധ്യമായാല്‍ പിന്നെ ഭക്ഷിക്കരുത്. വായിലുള്ളത് തുപ്പിക്കളയുകയും വേണം. പിന്നെയും ഭക്ഷിച്ചാല്‍ നോമ്പ് നഷ്ടപ്പെടും. ഫത്ഹുല്‍ മുഈന്‍ പറയുന്നത് ശ്രദ്ധിക്കുക: പ്രഭാതമായെന്ന് ഒരു നീതിമാന്‍ അറിയിക്കുകയോ അല്ലെങ്കില്‍ ദുര്‍നടപ്പുകാരന്‍ അറിയിക്കുകയും അത് സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ അംഗീകരിക്കണം. പ്രഭാതോദയമായിട്ടില്ലെന്ന് ഗവേഷണത്തില്‍ ബോധ്യപ്പെട്ട് അത്താഴം കഴിക്കുകയും, പ്രഭാതശേഷമാണ് ഭക്ഷണം കഴിച്ചതെന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ നോമ്പ് നിഷ്ഫലമാകും. ഒന്നും വ്യക്തമായില്ലെങ്കില്‍ (പ്രഭാതമെന്നോ രാത്രിയെന്നോ) നോമ്പ് ശരിയാകും. (പേ. 194)

വായില്‍ ഭക്ഷണമുണ്ട്: പ്രഭാതം വെളിവായി, അല്ലെങ്കില്‍ ബാങ്കുവിളി മുഴങ്ങി. എന്തുചെയ്യണം? ഉടന്‍ തുപ്പിക്കളയണം. പിന്നെ ഒന്നും ഉള്ളിലേക്കിറക്കരുത്. വായില്‍ വെള്ളം നിറച്ച് ഭക്ഷണാവശിഷ്ടങ്ങളും രുചികൂട്ടുകളുമെല്ലാം വെളിയില്‍ കളയണം. എങ്കില്‍ ആ നോമ്പ് ശരിയാകും. സംയോഗത്തിനിടെ പ്രഭാതമായാലും ഇങ്ങനെ തന്നെ. ഉടന്‍ അവസാനിപ്പിക്കണം. അവസാനിപ്പിച്ചശേഷം സ്ഖലനമുണ്ടായാലും കുഴപ്പമില്ല. ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നോമ്പ് മുറിയുമെന്നത് മാത്രമല്ല ഖളാഅ് വീട്ടുന്നതിന് പുറമെ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാവുകയും ചെയ്യും. അഥവാ ഒരടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ അറുപത് ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക. രോഗമോ വാര്‍ധക്യമോ മൂലം അതിനു സാ ധ്യമല്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക.

അത്താഴശേഷം ബ്രഷ് ചെയ്യുക

അത്താഴസമയത്ത് ഖുര്‍ആന്‍ പാരായണം, സുഗന്ധം പൂശല്‍, അത്താഴശേഷം ദന്ത ശുചീകരണം എന്നിവസുന്നത്താണ്. ഫത്ഹുല്‍ മുഈന്‍ പറയുന്നു. പല്ലുകള്‍ക്കിടയില്‍ തങ്ങിയ ഭക്ഷ്യാവശിഷ്ടങ്ങളിലൂടെ ഉമിനീര്‍ സ്വമേധയ (കരുതിക്കൂട്ടിയാവരുത്) സഞ്ചരിക്കുകയും അതു വേര്‍തിരിച്ച് തുപ്പിക്കളയാനാവാതെ വരികയും ചെയ്താല്‍ വിഴുങ്ങുന്നതിന് വിരോധമില്ല. ഇങ്ങനെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ അടിയുമെന്നും തുപ്പുനീരില്‍ അവ കലരുമെന്നും അറിയാമായിരുന്നിട്ടും രാത്രി പല്ലിടകുത്തിയിട്ടില്ലെങ്കിലും നോമ്പിന് കുഴപ്പമില്ല. കാരണം ഇവ വേര്‍ത്തിരിച്ച് തുപ്പിക്കളയാന്‍ നിര്‍ദ്ദേശമുള്ളത് നോമ്പുകാലത്ത് കഴിയുമെങ്കില്‍ മാത്രമാണ്. പക്ഷെ അത്താഴ ശേഷം പല്ലിടകുത്തല്‍ ശക്തിയായ സുന്നത്തുണ്ട്. എന്നാല്‍ ഭക്ഷ്യാവശിഷ്ടങ്ങളും ഉമിനീരും വേര്‍തിരിക്കാന്‍ പ്രയാസമില്ലാതിരുന്നിട്ടും മനപൂര്‍വം ഇറക്കിയാല്‍ നോമ്പുമുറിയുമെന്നതില്‍ തര്‍ക്കമില്ല. രാത്രി ഭക്ഷണം കഴിച്ചാല്‍ വായ കഴുകല്‍ നിര്‍ബന്ധമാണെന്നും ചെയ്തില്ലെങ്കില്‍ നോമ്പു മുറിയുമെന്നുമുള്ള ചിലരുടെ പരാമര്‍ശങ്ങളെ ഇമാം ഇബ്‌നു ഹജര്‍ (റ) തള്ളിക്കളഞ്ഞിട്ടുണ്ട്. (പേ. 193,194).