Connect with us

Kozhikode

മുരളീധരന് മുന്നറിയിപ്പുമായി കെ സി അബു

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ പോലെയാകരുതെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു. കെ മുരളീധരന്റെ വിമര്‍ശങ്ങള്‍ക്കുളള മറുപടിയായി കാലിക്കറ്റ് പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളീധരനെതിരെ പരോക്ഷമായാണ് കോഴിക്കോട് ഡി സി സി പ്രസിഡന്റ് ആരോപണങ്ങള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പരുക്കേല്‍ക്കുന്ന കാര്യങ്ങള്‍ നേതാക്കള്‍ ചായക്കടയിലും പൊതുയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പറയാന്‍ പാടില്ല. ഏത് നേതാവായാലും പാര്‍ട്ടിക്ക് ക്ഷതമേല്‍ക്കുന്ന തരത്തിലുളള പെരുമാറ്റം ഉണ്ടാകരുത്. ഇങ്ങനെ പെരുമാറിയാല്‍ പ്രത്യാഘാതം അനുഭവിക്കുമെന്നും അബു മുന്നറിയിപ്പ് നല്‍കി.
പൊന്നിന്റെ സൂചി കൊണ്ട് കണ്ണില്‍ കുത്തിയാലും കണ്ണ് പൊട്ടുമെന്ന് ഓര്‍ക്കണമെന്നും അബു അഭിപ്രായപ്പെട്ടു. കുളിച്ച് കുറിയും തൊട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിക്ക് കളങ്കമേല്‍പ്പിക്കരുത്. ഫലപ്രദമായി വിഷയം അവതരിപ്പിക്കാന്‍ അറിയാത്തവര്‍ ചാനല്‍ ചര്‍ച്ചക്ക് പോകരുത്. പലരും കോണ്‍ഗ്രസുകാരാണെന്ന് ചെറിയ നേരത്തേക്കെങ്കിലും മറന്നുപോകുന്നുണ്ടെന്നും അദേഹം പറഞ്ഞു.
പ്രായമാകുന്ന നേതാക്കള്‍ പക്വത കാണിക്കണം. രാഷ്ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷം കര്‍ക്കിടക ചികിത്സ നടത്തുകയാണ്. ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസുകാരുടെ ക്ഷമ സി പി എം പരീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തമന്ത്രി മാറണമെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുളളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest