ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നവര്‍ ബേങ്ക് അക്കൗണ്ട് ലഭിക്കാതെ വലയുന്നു

Posted on: July 15, 2013 10:25 am | Last updated: July 15, 2013 at 10:25 am

നിലമ്പൂര്‍: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നവര്‍ക്ക് ബേങ്ക് അക്കൗണ്ട് ലഭിക്കാതെ വലയുന്നു. പുതിയ അപേക്ഷകന് ബേങ്ക് അക്കൗണ്ട് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പുതുക്കുന്നവര്‍ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഈ മാസം 31 വരെ സ്വീകരിച്ച് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കാനാണ് അധ്യാപകര്‍ക്ക് നിര്‍ദേശം.
ഓരോ സ്‌കൂളുകളില്‍ നിന്നും നൂറുകണക്കിന് അപേക്ഷകളാണ് സ്‌കോളര്‍ഷിപ്പിന് വേണ്ടി ലഭിക്കുന്നത്. ഇതില്‍ ഭൂരിഭാഗത്തിനും തുക അനുവദിച്ചുകിട്ടാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ബേങ്ക് അക്കൗണ്ട് നിബന്ധന ഒഴിവാക്കണമെന്ന് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതില്‍ ഇളവ് നല്‍കിയത്. ഏതെങ്കിലും ഒരു വര്‍ഷം സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചാല്‍ പത്താംതരം വരെ തുടര്‍ന്ന് ലഭിക്കും. ഓരോ വര്‍ഷവും പുതുക്കല്‍ അപേക്ഷ നല്‍കിയാല്‍ മതി.
കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് തുക സ്‌കൂളുകള്‍ മുഖേന തന്നെയാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം തുക ലഭിച്ചാല്‍ അക്കൗണ്ട് നിര്‍ബന്ധമായും എടുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ബേങ്കുകളില്‍ തിരക്കേറിയത്. അക്കൗണ്ടുകള്‍ തുടങ്ങാന്‍ നൂറുകണക്കിന് അപേക്ഷകളാണ് ബേങ്കുകളില്‍ കെട്ടികിടക്കുന്നത്. ജീവനക്കാരുടെ കുറവും മറ്റു പ്രയാസങ്ങളും ബേങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും അക്കൗണ്ട് നല്‍കാന്‍ ഒരു മാസമെങ്കിലും സാവകാശം വേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. അതേ സമയം ചില ബേങ്കുകാര്‍ അക്കൗണ്ട് തുടങ്ങുന്നതിന് അപേക്ഷകരെ നിരുത്സാഹപ്പെടുത്തുന്നതായും പരാതികളുണ്ട്.