Connect with us

Kerala

അര്‍ബുദ ചികിത്സയില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ തേടി ആര്‍ സി സി

Published

|

Last Updated

തിരുവനന്തപുരം: അര്‍ബുദ ചികിത്സക്കായി റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍ സി സി) ആയുര്‍വേദം പ്രയോജനപ്പെടുത്തുന്നു. ആയുര്‍വേദത്തിലെ അറിവുകള്‍ ആര്‍ജിക്കുന്നതിലൂടെ അര്‍ബുദ ചികിത്സാ രീതികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആര്‍ സി സി അധികൃതര്‍. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 37 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. അലോപ്പതി ചികിത്സക്കുശേഷമുള്ള പ്രശ്‌നങ്ങള്‍ ദൂരീകരിക്കാന്‍ ആയുര്‍വേദത്തിലെ ചില ചികിത്സാ രീതികള്‍ക്ക് കഴിയും. പാരമ്പര്യ ആയുര്‍വേദ ചികിത്സാ രീതിയിലെ ചില മരുന്നുകള്‍ അര്‍ബുദ ചികിത്സക്ക് പ്രയോജനപ്രദമാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ആര്‍ സി സിയിലെ ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ വിഭാഗം കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അര്‍ബുദ ചികിത്സക്ക് ആയുര്‍വേദം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ്. കീമോതെറാപ്പിയുടെയും റേഡിയേഷന്റെയും പാര്‍ശ്വഫലങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടി ആയുര്‍വേദം സഹായകമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം. ചികിത്സക്കു ശേഷം പലപ്പോഴും രോഗികള്‍ കിടപ്പിലാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. റേഡിയേഷന്റെയും കീമോതെറാപ്പിയുടെയും പാര്‍ശ്വഫലങ്ങളാണ് രോഗികളെ അവശരാക്കുന്നത്. ഛര്‍ദി, തലകറക്കം, വിശപ്പില്ലായ്മ, ഉദരസംബന്ധമായ രോഗങ്ങള്‍ മുതലായവ ഇവരെ അലട്ടാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
റേഡിയേഷനു ശേഷമുണ്ടാകുന്ന മ്യൂകോസിറ്റിസ് അവസ്ഥയില്‍ നിന്ന് ആശ്വാസം നേടുന്നതിന് ആയുര്‍വേദ മൗത്ത് വാഷ് ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തലും ഫലപ്രദമായിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെയും ആര്‍ സി സിയിലെയും ഗവേഷകരാണ് ഒരു വര്‍ഷത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ മൗത്ത് വാഷ് വികസിപ്പിച്ചെടുത്തത്. 148 രോഗികളില്‍ ഇതിനെക്കുറിച്ചുള്ള പഠനം നടത്തിയിട്ടുണ്ട്. മൗത്ത് വാഷിന് പേറ്റന്റ് നേടുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മാതളത്തിന്റെ തൊലിയിലും പഴത്തിലുമുള്ള നീര്, തലയിലും കഴുത്തിലും അര്‍ബുദം ബാധിച്ച് ചികിത്സ തേടുന്നവരുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്നുണ്ടെന്ന് ആര്‍ സി സി യില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള മഞ്ഞ നിറത്തിലുള്ള ഘടകമായ കുര്‍ക്കുമിനും അര്‍ബുദ പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ബയോടെക്‌നോളജി വിഭാഗവും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ചെന്നൈ ദന്തല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമാണ് ഫണ്ട് നല്‍കുന്നത്.

Latest