മൃഗശാലക്ക് ഭീഷണിയായി വൈറല്‍ പനി പടരുന്നു

Posted on: July 15, 2013 1:53 am | Last updated: July 15, 2013 at 1:53 am

Trivandrum-Zooതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാര്‍ജാര വംശത്തില്‍പ്പെട്ട മൃഗങ്ങളെ ബാധിക്കുന്ന ഗുരുതര വൈറസിന്റെ പിടിയില്‍. ഫെലന്‍പാല്യൂക്കോ പാനിയ (എഫ് പി എല്‍) എന്നറിയപ്പെടുന്ന വൈറല്‍ പനിയാണ് മൃഗശാലക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. മൃഗശാലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു വയസ്സ് പ്രായമുള്ള സരിഷ്മയെന്ന പുള്ളിപ്പുലി വൈറല്‍ പനി ബാധിച്ചാണ് ചത്തത്. ഇതോടെയാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ പുറത്തായത്. സരിഷ്മക്ക് ഒപ്പമുള്ള സാരംഗ് രോഗാവസ്ഥയില്‍ ഗുരുതരമായി കഴിയുകയാണ്. സാരംഗിനെ കൂടാതെ രണ്ട് കുട്ടിപ്പുലികളും നാല് മുതിര്‍ന്ന പുലികളും മൃഗശാലയിലുണ്ട്. ഇവക്കും രോഗലക്ഷണം കണ്ട് തുടങ്ങിയിട്ടുണ്ട്.
വൈറല്‍ പനി പ്രതിരോധിക്കാനുള്ള മരുന്ന് ചെക്കോസ്ലോവാക്യയില്‍ നിന്നാണ് മൃഗശാലയിലെത്തിക്കുന്നത്. ആറ് മാസം കൂടുമ്പോഴാണ് മൃഗങ്ങള്‍ക്ക് സാധാരണ മരുന്ന് നല്‍കാറുള്ളത്. രോഗത്തിന്റെ തീവ്രത മനസ്സിലാക്കി സിംഹങ്ങള്‍ അടക്കമുള്ള മറ്റെല്ലാ മൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരിക്കുകയാണെന്ന് മൃഗശാലാ ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു. രോഗലക്ഷണമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളെയാണ് എഫ് പി എല്‍ വൈറസ് പെട്ടെന്ന് ബാധിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിപ്പിച്ചാല്‍ 24 മണിക്കൂര്‍കൊണ്ട് നില വഷളാകുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുക. പൂച്ചയില്‍ നിന്നും അതുപോലുള്ള ജീവികളില്‍ നിന്നുമാണ് രോഗം പടരുന്നത്.
കൂടാതെ മാന്‍ വര്‍ഗത്തില്‍പ്പെട്ട ജീവികളുടെ കുളമ്പിനെ ബാധിക്കുന്ന പ്രത്യേക തരം ബാക്ടീരിയ രോഗവും ഇവിടെ പടരുന്നു. ഫുട്ട് റോട്ട് എന്ന ബാക്ടീരിയയാണ് മാനിനെ ബാധിച്ചിരിക്കുന്നത്. എട്ട് മാനുകള്‍ ഈ രോഗം ബാധിച്ച് ചത്തു കഴിഞ്ഞു. നിരവധി മാനുകള്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. തൊട്ടടുത്ത കൂട്ടില്‍ കഴിയുന്ന മ്ലാവുകളും ഈ രോഗത്തിന്റെ ഭീഷണിയിലാണ്. ഹോഴ്‌സ് ഫൈഌസ് എന്നറിയപ്പെടുന്ന കുതിര ഈച്ചകളാണ് രോഗം പരത്തുന്നത്. മഴക്കാലമായതിനാല്‍ മൃഗശാലയില്‍ ഇത്തരം ഈച്ചകള്‍ വ്യാപകമാണ്. മാനുകളുടെയും മ്ലാവുകളുടെയും ക്രമാതീതമായ വംശ വര്‍ധന രോഗങ്ങള്‍ കൂടുതല്‍ പടരാനും അനാരോഗ്യം വര്‍ധിക്കാനും കാരണമാകുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ വംശവര്‍ധന നിയന്ത്രിക്കാന്‍ അടുത്ത മാസം ആണ്‍ മാനുകളെയും മ്ലാവുകളെയും വന്ധ്യകരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അടിയന്തര സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്കകം തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടിയെത്തും.
2008ല്‍ സംഭവിച്ച കുളമ്പുരോഗം മൃഗശാലയിലെ ഇരുനൂറോളം മൃഗങ്ങളുടെ ജീവനുകളാണ് നഷ്ടപ്പെടുത്തിയത്. പലതിനെയും കൂട്ടത്തോടെ ദയാവധം ചെയ്തു. കനേഡിയന്‍ ഡിസ്റ്റംബര്‍ എന്ന അപൂര്‍വയിനം രോഗം ബാധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കുരങ്ങന്മാരെയും ദയാവധത്തിന് വിധേയരാക്കിയിരുന്നു.