Connect with us

International

കാലാവധി കഴിഞ്ഞാല്‍ സാര്‍ദാരി രാജ്യം വിട്ടേക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: തന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാല്‍ ആസിഫ് അലി സര്‍ദാരി പാക്കിസ്ഥാന്‍ വിട്ടേക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുടേയും തനിക്കെതിരായ അഴിമതിക്കേസുകള്‍ വീണ്ടും തലപൊക്കുമെന്ന ആശങ്കയുടേയും പശ്ചാത്തലത്തിലാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ എട്ടിനാണ് സര്‍ദാരിയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കുക. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സര്‍ദാരിയോട് രാജ്യം വിടാന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതായി പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിനെതിരെയുള്ള അഴിമതിക്കേസുകളാണ് രാജ്യം വിടാനുള്ള കാരണങ്ങളില്‍ മറ്റൊന്ന്.
അഴിമതിക്കേസുകളിലൊന്ന് വീണ്ടും അന്വേഷിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി അടുത്തിടെ വാദം കേട്ടിരുന്നു. പ്രസിഡന്റ് കാലാവധി അവസാനിച്ചാല്‍ മറ്റ് പരിരക്ഷകള്‍ ലഭിക്കില്ലെന്ന് നിയമവൃത്തങ്ങളും സര്‍ദാരിയെ അറിയിച്ചിട്ടുണ്ട്.
കറാച്ചിയില്‍ നടന്ന ആക്രമണത്തില്‍ സര്‍ദാരിയുടെ സുരക്ഷാ ഓഫീസര്‍ ബിലാല്‍ ശൈഖ് കൊല്ലപ്പെട്ടതോടെ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികളില്‍ അപൂര്‍വമായേ സര്‍ദാരി പങ്കെടുക്കാറുള്ളൂ. ഈ സാഹചര്യത്തില്‍ അനശ്ചിത കാലത്തേക്ക് പാക്കിസ്ഥാന്‍ വിടാന്‍ സര്‍ദാരി തയ്യാറായേക്കും. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സര്‍ദാരി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം പ്രവാസ ജീവിതം നയിച്ചേക്കുമെന്ന വാര്‍ത്തക്ക് ഇതും ബലം നല്‍കുന്നു.

Latest