അധികാരത്തിന് വേണ്ടിയുള്ള മറ്റൊരു തട്ടിപ്പ്‌

Posted on: July 15, 2013 6:00 am | Last updated: July 15, 2013 at 12:42 am

kerala assemblyഒരു കൃത്യം കുറ്റമായിത്തീരുന്നത് ആ പ്രവൃത്തി ഉദ്ദേശ്യത്തോടുകൂടി നിര്‍വഹിക്കുമ്പോഴാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ‘മെന്‍സ്‌റിയ’ എന്ന പദമാണ് അതിനു നല്‍കിയിട്ടുള്ളത്. മനഃപൂര്‍വം കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യാത്തത് മറ്റൊരു രീതിയിലാണ് കാണേണ്ടത്. വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചാലും എത്ര പേര്‍ മരിച്ചാലും അത് അപകടത്തിനു കാരണമായ വാഹനത്തിന്റെ ഡ്രൈവര്‍ ചെയ്ത കൊലപാതകമാകുന്നില്ല. 302-ാം വകുപ്പിനു പകരം 304 എ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് ചുമത്താറുള്ളത്. ഈ വകുപ്പുകള്‍ക്ക് സമാനമല്ലെങ്കിലും മറ്റുള്ളവര്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് യാദൃച്ഛികമായോ അല്ലാതെയോ ഒരാള്‍ ചെന്നു പെട്ടാല്‍ പരമാവധി അയാളെ സാക്ഷിയാക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. അതിനു പോലും സാധിക്കണമെങ്കില്‍ സാക്ഷിയാക്കപ്പെടാന്‍ പോകുന്നയാള്‍ വല്ലതും കണ്ടിരിക്കണം.
ഇവിടെ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി രാജി വെക്കണമെന്ന് പറഞ്ഞു പ്രക്ഷോഭത്തിലേര്‍പ്പെട്ടിട്ടുള്ള പ്രതിപക്ഷം തികഞ്ഞ തട്ടിപ്പാണ് നടത്തുന്നത്. സരിതാ നായരും ബിജു രാധാകൃഷ്ണനും ചെയ്ത വഞ്ചന സമ്പത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനാണെന്നു മാത്രം. ഉമ്മന്‍ ചാണ്ടിക്കു പണമാവശ്യമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് നേടാന്‍ സരിതയുടെയും കൂട്ടരുടെയും സഹായം ആവശ്യമുണ്ടോ? കോടികള്‍ സമ്പാദിക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് വല്ല മുട്ടുമുണ്ടോ? അത്യാവശ്യത്തിനു വേണ്ടി അദ്ദേഹം ഒരു തട്ടിപ്പു സംഘത്തെ കൂട്ട് പിടിച്ചുവെന്നും അതില്‍ നിന്നു വിഹിതം വാങ്ങിയെന്നും ആരെങ്കിലും കരുതുമോ? ഉമ്മന്‍ ചാണ്ടി അത്ര മരമണ്ടനാണെന്നാണോ പ്രതിപക്ഷം പറയുന്നത്? ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അടുപ്പവും മുതലാക്കാന്‍ സരിതമാര്‍ ശ്രമിച്ചുകാണും. അതിനദ്ദേഹം എന്തു പിഴച്ചു?
കോടികള്‍ തട്ടിയെടുത്ത ഈ സംഘം ശ്രീധരന്‍ നായരില്‍ നിന്നു മാത്രമല്ല പണം വാങ്ങിയതും വഞ്ചിച്ചതും. മറ്റനേകം ഇരകളുണ്ട്. തട്ടിപ്പുകാര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ഒറ്റകാരണത്താല്‍ മുഖ്യമന്ത്രിയെയും മറ്റും ബഹുമാനിച്ച് ഇവരെല്ലാം പണം കൊടുത്തെന്നാണോ? സമ്പത്ത് ഇരട്ടിയാക്കാനും വര്‍ധിപ്പിക്കാനുമുള്ള അതിമോഹം കാരണം വരുംവരായ്കകള്‍ നോക്കാതെ ഏത് വ്യാജന്മാരുടെ കെണിയിലും ചെന്നുചാടുന്ന ചിലര്‍ സരിത വെച്ച കെണിയിലും ചാടിയെന്നേയുള്ളു. ഒരു മുഖ്യമന്ത്രിബന്ധം കൊണ്ടുമാത്രം പണം വലിച്ചെറിയുന്ന ആളൊന്നുമല്ല ശ്രീധരന്‍ നായരും കൂട്ടരും. യഥാര്‍ഥ മണ്ടന്മാര്‍ ഇത്തരം ആര്‍ത്തിപ്പണ്ടാരങ്ങളാണ്. സരിതയും ശാലുവും രാധാകൃഷ്ണനുമൊക്കെ ഒരുക്കിയ ചതിക്കുഴിയില്‍ വീണ ധനമോഹികള്‍ മുഖ്യമന്ത്രിയാണ് തങ്ങളെ കുഴിയില്‍ ചാടിച്ചതെന്ന് വിലപിച്ചിട്ടെന്തു കാര്യം? രാഷ്ട്രീയനേതാക്കളെയും ഭരണാധികാരികളെയുമൊക്കെ ആര്‍ക്കും ഫോണില്‍ വിളിക്കാം; നേരില്‍ കാണുകയും ചെയ്യാം. ചിലപ്പോള്‍ തിരിച്ചു വിളിച്ചെന്നും വരാം. അതൊക്കെ കുറ്റമാണെന്നും രാജി വെക്കണമെന്നും വാദിക്കുന്ന പ്രതിപക്ഷത്തിന്റെ ഏക ലക്ഷ്യം നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കലാണ്. അതിനു വേണ്ടി ന്യായമായ വല്ല കാരണവും പറയാതെ മറ്റൊരു തട്ടിപ്പ് നടത്തുകയാണവര്‍ ചെയ്യുന്നത്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എല്ലാം പാര്‍ട്ടി വഴിയാണ് നടക്കാറുള്ളത്. ജനത്തിനു നേരിട്ടു മന്ത്രിമാരെ കാണാന്‍ വലിയ സൗകര്യം ലഭിക്കാറില്ല. അഥവാ വല്ല ആനുകൂല്യവും സര്‍ക്കാറില്‍ നിന്നു കിട്ടണമെങ്കില്‍ പാര്‍ട്ടിയെ സമീപിക്കണം. ബന്ധപ്പെട്ട സെക്രട്ടറിമാരുടെ അറിവും ബന്ധവും വേണം. ഒരു മന്ത്രിയുമായി ആര്‍ക്കു ബന്ധപ്പെടണമെങ്കിലും നിശ്ചിതമായ ഒരു വഴിയിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ഈ ശൈലി ജനാധിപത്യവിരുദ്ധമാണ്. പാര്‍ട്ടിയുടെ ആധിപത്യവും നിയന്ത്രണവുമാണ് ഭരണത്തിനു മീതെയുണ്ടാകുക. പാര്‍ട്ടിയുടെ ഭരണം ജനങ്ങളുടെ ഭരണമല്ല. ഇക്കാരണത്താലാണ് കിഴക്കന്‍ യൂറോപ്പിലും സോവിയറ്റ് യൂനിയനിലുമൊക്കെ ഭരണം നഷ്ടപ്പെട്ടത്. ഇതില്‍ നിന്നും വിഭിന്നമായ ഒരു രീതിയാണ് ജനാധിപത്യ കക്ഷികള്‍ പിന്തുടരുന്നത്. അതില്‍ ഏറ്റവും ഉദാരവും സുതാര്യവുമായ ശൈലിയാണ് ഉമ്മന്‍ ചാണ്ടി പിന്തുടരുന്നത്. ആര്‍ക്കും എപ്പോഴും തന്നെ സമീപിക്കാമെന്ന മനോഭാവം അദ്ദേഹത്തെ നയിക്കുന്നു. സ്വന്തം പാര്‍ട്ടിയുടെ കാര്യമായ നിയന്ത്രണങ്ങളൊന്നും ഭരണത്തിനുമേല്‍ ഇല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ പറയുന്നതിലും കേള്‍ക്കുന്നതിലും അവര്‍ക്കാനുകൂല്യങ്ങള്‍ നല്‍കുന്നതിലും പാര്‍ട്ടിയുടെ അംഗീകാരവും സമ്മതവും അദ്ദേഹം കാത്തുനില്‍ക്കാറില്ല. പാര്‍ട്ടിക്കു പോലും അങ്ങനെ വേണമെന്ന നിര്‍ബന്ധവുമില്ല. ഈ ലിബറല്‍ സമീപനവും അതീവ ഉദാര നിലപാടുകളും ജനപിന്തുണ നേടാന്‍ സഹായകമാണ്.
അതേ സമയം ഇപ്പോള്‍ സംഭവിച്ചതു പോലുള്ള ചില അബദ്ധങ്ങള്‍ പിണയാന്‍ സാധ്യതയുണ്ടതാനും. മന്ത്രിമാരുടെ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും മന്ത്രിയോട് അടുത്ത ബന്ധമുള്ളവര്‍ക്കും ചിലപ്പോള്‍ ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ സ്വാതന്ത്യം വഴിയൊരുക്കുന്നു. നല്ലതും ചീത്തയും സംഭവിക്കുവാനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നു. വളരെ ശക്തമായ നിയന്ത്രണങ്ങളും ഒട്ടും നിയന്ത്രണമില്ലാത്ത അരാജകത്വവും ഒരു പോലെ അപകടകരമാണ്. ഇതിനു മധ്യത്തിലെവിടെയോ ആണ് സത്യം സ്ഥിതി ചെയ്യുന്നത്. എല്ലാം പാര്‍ട്ടി വഴിയെന്നതും ഒന്നിനും പാര്‍ട്ടി വേണ്ട എന്നതും തെറ്റാണ്. ന്യായമായ നിയന്ത്രണങ്ങളും ശ്രദ്ധയും ജാഗ്രതയും സദാ ആവശ്യമാണ്. ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രി സ്വീകരിച്ച വളരെ അയവേറിയ നിലപാടുകള്‍ അദ്ദേഹത്തിനു തന്നെ വിനയായിരിക്കുന്നു. ഈ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം പാഠം പഠിക്കുമെന്ന് കരുതാം.
ഇടതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും സന്ദര്‍ശകരുടെ എണ്ണം പരിമിതമാണ്. പാര്‍ട്ടി തീരുമാനപ്രകാരം അല്ലാതെ ഒന്നും ആര്‍ക്കും അവര്‍ ചെയ്തുകൊടുക്കാറില്ല. അതിനെ മറികടക്കുന്നവരെല്ലാം പാര്‍ട്ടിയില്‍ സമാധാനം പറയാന്‍ തയ്യാറാകേണ്ടി വന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരായ അനേകം മന്ത്രിമാരും അവരുടെ മുഖ്യമന്ത്രിയുമൊക്കെ എത്രയോ അഴിമതികള്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ അറിവോടെയും അല്ലാതെയും.
കെ പി പി നമ്പ്യാരെ പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ മകനെതിരെ വളരെ ഗൗരവമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളുട പക്ഷപാതം കൊണ്ടാകാം ഒരാളും അതൊന്നും ഏറ്റുപിടിച്ചില്ല. അച്യുതാനന്ദന്‍ തന്നെ എത്രയോ ആരോപണങ്ങള്‍ക്ക് വിധേയനായി. അദ്ദേഹത്തിന്റെ പുത്രനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പക്ഷേ, അവയൊന്നും കേരളത്തില്‍ ചര്‍ച്ചയാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. പിണറായി വിജയനെതിരെ നിലനില്‍ക്കുന്ന ലാവ്‌ലിന്‍ കേസ് എത്രയോ ആഴമേറിയ അഴിമതികള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വളരെ കുറച്ചു കാലം മന്ത്രിയായിരുന്നിട്ടും അദ്ദേഹം ഗുരുതരമ സ്വഭാവമുള്ള കേസുകളില്‍ പ്രതിയായി. അച്യുതാനന്ദന്‍ തന്നെ തന്റെ പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ അനേകം ആരോപണങ്ങള്‍ ഉന്നയിച്ചു. അദ്ദേഹം മറ്റു പാര്‍ട്ടികള്‍ക്കെതിരെ ഉന്നയിക്കുന്ന സകലതും ദിവസങ്ങളോളം ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഖജനാവിന് ഭീമമായ നഷ്ടങ്ങളുണ്ടാക്കിയ കേസാണ് പിണറായിക്കെതിരെ ഉണ്ടായത്. സോളാര്‍ വിവാദത്തിനിടയായ തട്ടിപ്പുകളില്‍ ഒന്ന് പോലും സര്‍ക്കാറിനു നഷ്ടമുള്ളതല്ല. ധനമോഹികളായ ചില ബില്‍ഡര്‍മാരും ബിസിനസുകാരുമൊക്കെ കൂടുതല്‍ പണം മോഹിച്ച്, സരിതയുടെയും രാധാകൃഷ്ണന്റെയും ശാലുവിന്റെയും തട്ടിപ്പുകള്‍ക്കിരയായി. അതില്‍ സര്‍ക്കാറിനൊരു കാര്യവുമില്ല. പണം വര്‍ധിക്കാന്‍ സൗകര്യങ്ങളുണ്ടെന്ന് കേട്ടാല്‍ ഏതു വഞ്ചനയിലും പെട്ടെന്നു വീഴുന്നവരാണ് മലയാളികള്‍. അതാണ് ഇവിടെയും സംഭവിച്ചത്. അതില്‍ സര്‍ക്കാറിനൊരു കാര്യവുമില്ല. ലാഭമോ നഷ്ടമോ ഇല്ല, മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ന്യായാധിപന്‍മാരെയും ഉന്നത ഉദ്യോഗസ്ഥരെയും മറയാക്കി തട്ടിപ്പ് വ്യാപകമാക്കാന്‍ അവര്‍ ശ്രമിച്ചു.
ഏറെക്കുറെ അതുകൊണ്ടവര്‍ക്കു നേട്ടമുണ്ടായിക്കാണും. രാഷ്ട്രീയ നേതൃത്വവും വാസ്തവത്തില്‍ വഞ്ചിതരാകുകയാണ് ചെയ്തത്. അവരെല്ലാം പരാതിപ്പെടുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നതിനു പകരം വഞ്ചനക്കു കൂട്ട് നിന്നതായി ആരോപിച്ചുകൊണ്ടു രാജിക്കു വേണ്ടി സമരം നടത്തുന്നവര്‍ അച്യുതാനന്ദന്റെ ഭരണക്കാലത്ത് രജിസ്‌ട്രേഷന്‍ വാങ്ങിയ സോളാര്‍ എന്ന കള്ളക്കമ്പനി ആരംഭിച്ച തട്ടിപ്പ് അവര്‍ ഇതുവരെ തുടര്‍ന്നു പോരുകയായിരുന്നു. അന്നും അവരുടെ പേരില്‍ ഒരു നടപടിയും ഉണ്ടായില്ല. പരാതി കിട്ടിയിട്ടും ആ സര്‍ക്കാറും ഒന്നും ചെയ്തില്ല. രാധാകൃഷ്ണന്‍ സ്വന്തം ഭാര്യയെ കൊല ചെയ്തിട്ടു പോലും ഒരു കേസുമുണ്ടായില്ല. ഭാര്യ രശ്മിയെ കൊന്ന രാധാകൃഷ്ണന്‍ സരിതയെയും പിന്നീട് ശാലു മേനോനെയും കൈവശംവെച്ചു പോരുന്നു. അവരുടെയും ഗതി എന്താകുമായിരുന്നുവെന്ന് കണ്ടറിയണം. ഇത്തരം വഞ്ചനകള്‍ക്കെതിരെ സകലരും ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. ശക്തമായ നടപടികളിലൂടെ ഈ വഞ്ചകരെ അടിച്ചമര്‍ത്താന്‍ നമുക്ക് കഴിയണം. ഉമ്മന്‍ ചാണ്ടി രാജി വെച്ചതുകൊണ്ട് ഒരു വഞ്ചനയും ഇവിടെ അവസാനിക്കാന്‍ പോകുന്നില്ല.

 

[email protected]