ഇനി പീ’ഢ’നം, ആ’ഢം’ബരം, ഐക്യദാര്‍’ഡ്യം’….

Posted on: July 15, 2013 6:00 am | Last updated: July 15, 2013 at 12:37 am

മലയാളം ശ്രേഷ്ഠ ഭാഷയായി. മലയാളത്തിന് സര്‍വകലാശാല ഉണ്ടായി. ഭരണഭാഷ മലായാളമാക്കണം. കോടതി ഭാഷയും. മലയാള ലിപി പരിഷ്‌കരിക്കണമെന്ന് പറയുന്നവരും ഏറെ. വാക്കുകളില്‍ ചില്ലറ മാറ്റങ്ങള്‍ വന്നല്ലോ. പണ്ടത്തെ ‘അദ്ധ്യാപകന്‍’ ഇന്ന് ‘അധ്യാപകനാ’ണ്. ഇന്നത്തെ ‘വിദ്യാര്‍ഥി’ ഇങ്ങനെ. നിലവാരം രണ്ടാള്‍ക്കും കുറവാകാം. കല്യാണം ഇക്കാലത്ത് ഇങ്ങനെ മതിയത്രേ. ‘പാര്‍ട്ടി’ ഇപ്പോള്‍ ‘പാര്‍ടി’യായി. ടീ പാര്‍ടി?
ഇങ്ങനെ മറ്റു ചിലതും മാറ്റേണ്ടതല്ലേ എന്ന് ഗൗരവാന്ദന് സംശയം. പീഡനം എന്ന വാക്ക് നോക്കുക. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ പീഡിപ്പിക്കപ്പെടുന്നു. സാധാരണക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെ പീഡിപ്പിക്കുന്നു. ഞരമ്പുരോഗം. ബസ്സിലും തീവണ്ടിയിലും പീഡനം. വീട്ടിനകത്തും പുറത്തും പീഡനം. അമ്മായിയമ്മ മാനസികമായി പീഡിപ്പിക്കുന്നതായി മരുമകള്‍. പാര്‍ട്ടിക്കാര്‍ പീഡിപ്പിക്കുന്നു. ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി പൊതുജനം. പ്രതിപക്ഷം രാഷ്ട്രീയമായി പീഡിപ്പിക്കുന്നതായി നമ്മുടെ മുഖ്യമന്ത്രിയും. സര്‍വത്ര പീഡനം. അപ്പോള്‍ പീഡനം ഇങ്ങനെ മതിയോ? ശക്തമായ പീഡനം, കനത്ത പീഡനം, തീവ്രമായ പീഡനം, രൂക്ഷമായ പീഡനം എന്നൊക്കെ പറയാന്‍ പറ്റുമോ? അപ്പോള്‍ പീഡനത്തെ ‘പീഢന’മാക്കിയാലെന്താ?
ഡീസല്‍ എന്നത് ഒരു പാവം വാക്ക്. പത്രങ്ങളിലും പമ്പുകളിലും കാണുന്ന വാക്ക്. ചാനലില്‍ ഓടുന്ന വാക്ക്. പക്ഷേ, എന്തൊക്കെ പുലിവാലാണ് ഈ വാക്കുണ്ടാക്കുന്നതെന്നോ? ഡീസല്‍ വില കൂട്ടുമ്പോഴറിയാം പുകിലുകള്‍. പ്രതിഷേധം, ഉപരോധം, പന്തം കൊളുത്തി പ്രകടനം. ഡീസലിന്റെ പേരില്‍ എണ്ണയില്‍ എരിഞ്ഞു തീര്‍ന്നത് എത്രയെത്ര പപ്പായത്തണ്ടുകള്‍! ഡീസല്‍ വില കൂട്ടിയാല്‍ ഹര്‍ത്താല്‍ ഉറപ്പ്. ബസ് വ്യവസായം പ്രതിസന്ധിയില്‍. നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. ആരാണ് കാരണക്കാരന്‍? നേരത്തെ നമ്മള്‍ പാവമാണെന്ന് കരുതിയ ഡീസല്‍ എന്ന എഴുത്ത് കണ്ടില്ലേ, ഷര്‍ട്ടിടാത്ത, കഞ്ഞി കുടിക്കാത്ത ഒരു മട്ട്. ഇനി മുതല്‍ ‘ഢീസല്‍’ എന്നെഴുതി നോക്കൂ. ഒരു ഗമ വന്നില്ലേ, ആഢ്യനായില്ലേ, ഇവനാരാ മോന്‍!
ആഡംബരമില്ലാത്തതായി എന്താണുള്ളത്? മനുഷ്യന്റെ കാര്യം തന്നെയെടുക്കുക. അവന്റെ ഉടുപ്പിലും നടപ്പിലും ആഡംബരത്തിന്റെ അതിപ്രസരം. കീശയില്‍ കാശില്ലെങ്കിലും ആഡംബരത്തിലാണ് മലയാളിക്ക് പ്രിയം. കടമായാലും ആഡംബരത്തിന് കുറവില്ല. അല്ലെങ്കില്‍ നാട്ടുകാരുടെ മുമ്പില്‍ കുറച്ചിലല്ലേ? മന്ത്രിമാര്‍ക്ക് മുമ്പ് അംബാസഡര്‍ കാറായിരുന്നു. ഇപ്പോള്‍ ആഡംബരക്കാറിലാണ് പറക്കല്‍. വിവാഹത്തിനുമുണ്ട് ആഡംബരത്തിന്റെ കൊഴുപ്പ്. പന്തലില്‍ മുതല്‍ ഭക്ഷണത്തില്‍ വരെ കാണാം ആ അടിച്ചുപൊളി. എന്നിട്ടും എഴുത്ത് കണ്ടില്ലേ. ആഡംബരം. തിരൂര്‍ പൊന്നിട്ട് നിന്നത് പോലെ. ഇനി ‘ആഢംബരം’ എന്നെഴുതിയാലെന്താ?
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍ച്ച്, ധര്‍ണ, ഉപരോധം, കൂട്ടായ്മ… മലയാളിക്ക് അതുമൊരു തൊഴിലാണ്. അനുഷ്ഠാനമാണ്. ഈ ഐക്യദാര്‍ഢ്യം പണ്ടത്തെ പോലെയുണ്ടോ? തെളിച്ചു പറഞ്ഞാല്‍ സ്വാതന്ത്യസമരകാലത്തുള്ളത് പോലെ. ഇല്ലെന്ന് ആരും സമ്മതിക്കും. 2012ലുള്ള ഐക്യദാര്‍ഢ്യം 2013ലുണ്ടോ? അയല്‍ക്കാര്‍ തമ്മില്‍, ബന്ധുക്കള്‍ തമ്മില്‍, പാര്‍ട്ടിക്കാര്‍ തമ്മില്‍, സംസ്ഥാനങ്ങള്‍ തമ്മില്‍, രാജ്യങ്ങള്‍ തമ്മില്‍ പണ്ടത്തെ പോലെ… ഐക്യമുണ്ടോ?
ഐക്യത്തിന്റെ ദാര്‍ഢ്യം കുറഞ്ഞിട്ടില്ലേ, എങ്കില്‍ ഐക്യദാര്‍ഢ്യത്തിന്റെ ‘ഢ’ യിലെ ആ വളവ് വേണോ? വെറും ‘ഐക്യദാര്‍ഡ്യം’ പോരേ മാഷേ? ഗൗരവാനന്ദന്‍ ചോദിച്ചു.