Connect with us

Sports

യുവ ഫ്രഞ്ച് വിപ്ലവം

Published

|

Last Updated

 

ഇസ്തംബുള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ഫ്രാന്‍സിന്റെ യുവ നിരക്ക്. ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് കീഴടക്കിയാണ് ഫ്രാന്‍സ് കന്നി കിരീട നേട്ടം ആഘോഷിച്ചത്. ഇറാഖിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഘാന മൂന്നാം സ്ഥാനത്തിനര്‍ഹരായി.
ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ചാമ്പ്യന്‍മാരായാണ് മടങ്ങുന്നത്. ഇരുടീമുകളും അവസരങ്ങള്‍ തുലച്ചപ്പോള്‍ നിശ്ചിത സമത്തും അധിക സമയത്തും ഗോള്‍ മാത്രം വീണില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് നാല് കിക്കുകളും ഗോളാക്കിയപ്പോള്‍ ഉറുെഗ്വക്ക് ഒരെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്. മികച്ച സേവുകളിലൂടെ രണ്ട് കിക്കുകള്‍ തടഞ്ഞ ഗോള്‍കീപ്പര്‍ അല്‍ഫോണ്‍സ് അരിയോളയാണ് ഫ്രഞ്ച് ടീമിന്റെ വിജയശില്‍പി. കളിയിലുടനീളം പന്ത് കൈവശം വെക്കുന്നതില്‍ ഫ്രാന്‍സ് മുന്നിട്ടു നിന്നു. 60 ശതമാനവും അവരുടെ ഭാഗത്തായിരുന്നു പന്ത്. എന്നാല്‍ കിട്ടിയ അവസരങ്ങളിലെല്ലാം പ്രത്യാക്രമണത്തിന് തുനിഞ്ഞ ഉറുഗ്വെ 22 തവണയാണ് ഗോള്‍ ലക്ഷ്യമാക്കി ഫ്രാന്‍സിന്റെ പ്രതിരോധത്തെ പരീക്ഷിച്ച്. ഫ്രാന്‍സ് പന്ത്രണ്ട് തവണയാണ് ഉറുഗ്വെന്‍ കോട്ടയിലേക്ക് കടന്നാക്രമണത്തിന് മുതിര്‍ന്നത്. ഇരു പക്ഷത്തെയും ഗോള്‍ കീപ്പര്‍മാര്‍ ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. പെനാല്‍റ്റിയില്‍ ഉറുഗ്വെയുടെ എമിലിയാനോ വെലാസ്‌ക്വിസ്, ജോര്‍ജിയന്‍ ഡി അറസ്‌കീറ്റ എന്നിവരെടുത്ത കിക്കുകളാണ് അരിയോള തടുത്തിട്ടത്. ഫ്രാന്‍സിന്റെ നാലാം കിക്കെടുത്ത ദിമിത്രി ഫൗള്‍ക്വയര്‍ പന്ത് വലയിലെത്തിച്ച് ഫ്രാന്‍സിന് സ്വപ്‌ന വിജയം സമ്മാനിക്കുകയായിരുന്നു.
അമേരിക്കയോട് സമനില വഴങ്ങി ടൂര്‍ണമെന്റ് തുടങ്ങിയ ഫ്രാന്‍സ് സ്‌പെയിനിനോട് പരാജയവും വഴങ്ങി. എന്നാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ മെല്ലെ മെല്ലെ മികവിലേക്കുയര്‍ന്നു. തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍, ഘാന ടീമുകളെ കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലിലേക്ക് കുതിച്ചത്. ടൂര്‍ണമെന്റിന്റെ 36 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു യൂറോപ്യന്‍ ടീം കപ്പില്‍ മുത്തമിടുന്നത്. നേരത്തെ 1999ല്‍ സ്‌പെയിനാണ് അവസാനമായി കപ്പ് നേടിയ യൂറോപ്യന്‍ രാജ്യം.
ഉറുഗ്വെ ലോകകപ്പിനെത്തുമ്പോള്‍ അവര്‍ കിരീട പ്രതീക്ഷ പുലര്‍ത്തിയ ടീമായിരുന്നില്ല. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്താണ് അവര്‍ കലാശപ്പോരിന് അര്‍ഹരായത്. പ്രീക്വാര്‍ട്ടറില്‍ നൈജീരിയയെ കീഴടക്കിയ അവര്‍ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ അട്ടിമറിച്ചു. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറാഖിനെ തോല്‍പ്പിച്ചാണ് അവര്‍ അവസാനവട്ടം എത്തിയത്. ഫൈനലില്‍ ഉറുഗ്വെ പരാജയപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. 1997ല്‍ ഫൈനലിലെത്തിയ സമയത്ത് അര്‍ജന്റീനയോട് തോല്‍ക്കാനായിരുന്നു അവരുടെ യോഗം.
ടൂര്‍ണമെന്റിന്റെ മികച്ച കളിക്കാരനായി ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ ആറ് ഗോളുകള്‍ നേടി ഘാനയുടെ എബന്‍സര്‍ ആസിഫു സുവര്‍ണ പാദുകം നേടി. മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ഉറുഗ്വെയുടെ ഗ്യുല്ലേര്‍മോ ഡി അമോരസ് ഗോള്‍ഡന്‍ ഗ്ലൗസ് സ്വന്തമാക്കി.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മന്ദമായി തുടങ്ങിയ ടീമായിട്ടും കളിക്കാരെ മുഴുവന്‍ അവിശ്വസിക്കാതിരുന്നതിന്റെ ഫലമാണ് കിരീടമെന്ന് ഫ്രഞ്ച് പരിശീലകന്‍ മാന്‍കോവ്‌സ്‌കി പറഞ്ഞു. മരണ ഗ്രൂപ്പായിരുന്നതിനാല്‍ ആദ്യ മത്സരങ്ങള്‍ കടുത്തതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക വിജയം അവിശ്വസനീയമാണെന്ന് പോള്‍ പോഗ്ബ വ്യക്തമാക്കി. ലോക കിരീട നേട്ടം മഹത്തായ അനുഭവമാണ്. രണ്ട് കിക്കുകള്‍ തടുത്തിട്ട വലിയ കാര്യമായി. അത് സഹ താരങ്ങള്‍ക്ക് ആശ്വാസം നല്‍കിയതായി ഫ്രഞ്ച് ഗോള്‍ കീപ്പര്‍ അരിയോള പറഞ്ഞു.
ഇറാഖിനെ കീഴടക്കി ഘാന
ഏഷ്യന്‍ ശക്തികളായ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി മുന്‍ ചാമ്പ്യന്മാരായ ഘാന മൂന്നാം സ്ഥാനത്തെത്തി. 2009ല്‍ കിരീടം സ്വന്തമാക്കിയ അവര്‍ സെമിയില്‍ ഫ്രാന്‍സിനോടാണ് പരാജയപ്പെട്ടത്. സെമിയിലെത്തിയ ഒരേയൊരു മുന്‍ ചാമ്പ്യന്‍മാരും ഘാനയായിരുന്നു.
ഇറാഖിന്റെ സെമി വരെയുള്ള മുന്നേറ്റവും ശ്രദ്ധേയമായി. 2004ലെ ഏഥന്‍സ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നാലാമതെത്തിയതായിരുന്നു ഇതിന് മുമ്പ് അവരുടെ മികച്ച പ്രകടനം.
ഫ്രാന്‍സിന് മറ്റൊരു പൊന്‍തൂവലും
ആദ്യമായി അണ്ടര്‍ 20 ലോകകപ്പ് നേടിയ ഫ്രാന്‍സ് മറ്റൊരു ചരിത്രം കൂടിയാണ് എഴുതുന്നത്. ഫിഫയുടെ അഞ്ച് പ്രധാന ഫുട്‌ബോള്‍ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും ഇനി ഫ്രാന്‍സിന് സ്വന്തം.
1998ല്‍ ലോകകപ്പ് നേടിയ അവര്‍ 2001, 2003 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് തങ്ങളുടെ ഷോക്കേസിലെത്തിച്ചു. 2001ല്‍ അണ്ടര്‍ ലോകകപ്പില്‍ അവരായിരുന്നു ജേതാക്കള്‍. നേരത്തെ 1984ല്‍ നടന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണവും ഫ്രാന്‍സ് നേടിയിരുന്നു.
അര്‍ജന്റീനയും ബ്രസീലുമാണ് ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകള്‍ നേടിയ മറ്റ് രണ്ട് ടീമുകള്‍. ഇരു രാജ്യങ്ങളും ഫിഫയുടെ നാല് കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ ബ്രസീലിന് ഒളിമ്പിക്‌സ് ഫുട്‌ബോളും അര്‍ജന്റീനക്ക് അണ്ടര്‍ 17 ലോകകപ്പ് കിരീടവും കിട്ടാക്കനിയായി ഇപ്പോഴും തുടരുകയാണ്.
തുര്‍ക്കിക്ക് പരീക്ഷ
ലോകകപ്പ് നടത്തിപ്പിന് ഫിഫ തുര്‍ക്കിയെ തിരഞ്ഞെടുക്കുമ്പോള്‍ അതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നു. വലിയ ടൂര്‍ണമെന്റുകള്‍ നടത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ എന്ന പരീക്ഷണമായിരുന്നു മുന്നില്‍. 2020ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള പട്ടികയില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് തുര്‍ക്കി. മാഡ്രിഡ്, ടോക്കിയോ എന്നിവക്കൊപ്പം ഇസ്തംബുളാണ് തുര്‍ക്കിയുടെ പ്രതിനിധ്യമായി പട്ടികയിലുള്ളത്.
എങ്കിലും മത്സരങ്ങള്‍ കാണാന്‍ പ്രതീക്ഷിച്ച ആളുകള്‍ ഇല്ലാതിരുന്നത് ഫിഫയെ നിരാശയിലാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കൊളംബിയയില്‍ നടന്ന ടൂര്‍ണമെന്റുമായി തട്ടിച്ച് നോക്കുമ്പോള്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഫൈനല്‍ പോരാട്ടം തന്നെയാണ്.

Latest