Connect with us

Kannur

മണല്‍ക്കടത്തിനെതിരെ ജസീറ സമരം തുടരുന്നു

Published

|

Last Updated

കണ്ണൂര്‍: പുതിയങ്ങാടി കടപ്പുറത്തെ അനധികൃത മണല്‍ക്കടത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിച്ച ജസീറ സമരം തുടരുന്നു.

കഴിഞ്ഞദിവസം രാത്രി ജസീറയെ വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കലക്ടറേറ്റ് പടിക്കലെത്തി സമരം തുടങ്ങുകയായിരുന്നു. മൂന്നു മക്കള്‍ക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച ജസീറ സമരം തുടങ്ങിയത്. കളക്ടറേറ്റ് പടിക്കല്‍ കുട്ടികള്‍ മഴ നനഞ്ഞിരിക്കുന്നതു കണ്ട് ശിശുക്ഷേമ സമിതി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്നു പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ വനിതാ സെല്ലിലേക്കു മാറ്റിയിരുന്നു.
പിന്നീട് വിട്ടയച്ചതിനെ തുടര്‍ന്നു വീണ്ടും യുവതിയും മക്കളും കളക്ടറേറ്റ് പടിക്കല്‍ സമരം തുടര്‍ന്നു. എ ഡി എം. ഒ മുഹമ്മദ് അസ്‌ലം, ശിരസ്തദാര്‍ നളിനി എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ ജസീറയെയും കുട്ടികളെയും രാത്രി 9.30ഓടെ മാട്ടൂല്‍ പുതിയങ്ങാടിയിലെ വീട്ടിലെത്തിച്ചു. മൂന്നു കുട്ടികളെയും ജസീറയുടെ മാതാവ് പടിക്കത്ത് ബീവിയുടെ അടുക്കലാക്കി അധികൃതര്‍ രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തു. എന്നാല്‍ രാത്രി പതിനൊന്നോടെ ജസീറ ഓട്ടോപിടിച്ച് തനിച്ചു കലക്ടറേറ്റിന് മുന്നിലെത്തി കടവരാന്തയില്‍ ഇരിപ്പുറപ്പിച്ചു. മഴ തുടരുന്നതിനാല്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ജസീറയെയും കുടുംബത്തെയും വീട്ടിലാക്കിയതെന്നാണു ഔദ്യോഗിക വിശദീകരണം. പ്രശ്‌നത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടാകുന്നതു വരെ സമരം തുടരുമെന്നു ജസീറ പറഞ്ഞു.
ഇതിനിടെ, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയിരുന്നു.

 

Latest