കാലവര്‍ഷം: നീലഗിരി ജില്ലയിലെ ആദിവാസിക്കോളനികളില്‍ ദുരിതം

Posted on: July 14, 2013 8:39 am | Last updated: July 14, 2013 at 8:39 am

ഗൂഡല്ലൂര്‍: കാലവര്‍ഷം കനത്തതോടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നീലഗിരി ജില്ലയിലെ ആദിവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. ജില്ലയിലെ 465 ആദിവാസി കോളനികളും ഒരുപോലെ ദുരിതംപേറുകയാണ്. ഇതില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ആദിവാസികളാണ് ഏറെ കഷ്ടപ്പെടുന്നത്.

ഇവിടങ്ങളിലുള്ള ചെമ്പക്കൊല്ലി, കണ്ണന്‍വയല്‍, വെട്ടുപാടി, കണ്ണന്‍പള്ളി, വട്ടകൊല്ലി, ഈരാലി, മാങ്ങോട്, കരിമ്പന്‍മൂല, ചെറുകുന്ന് മുരിക്കുംതോട്ടം കോളനികളിലെ ആദിവാസികളില്‍ ഭൂരിഭാഗത്തിനും ശുദ്ധജലം, വീട്, കക്കൂസ് സൗകര്യങ്ങളില്ല. ഓലയും പുല്ലുംകൊണ്ട് മേഞ്ഞ പല കുടിലുകളിലും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളാണ് താമസിക്കുന്നത്.
പല വീടുകളും മഴക്കാലമായതോടെ ചോര്‍ന്നൊലിച്ച് കിടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കാട്ടാനകളടക്കമുള്ള വന്യജീവികളുടെ ഭീഷണി വേറെയും. പണിയര്‍, കാട്ടുനായ്ക്കര്‍, ബത്തകുറുമര്‍, മുള്ളക്കുറുമര്‍, ഇരുളര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് ഈ കോളനികളില്‍ പ്രധാനമായും താമസിക്കുന്നത്. ചില കോളനികളില്‍ നടപ്പാത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളില്ല. പല കുടുംബങ്ങള്‍ക്കും തിരിച്ചറിയില്‍ കാര്‍ഡോ റേഷന്‍കാര്‍ഡോ ഇല്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവരുടെ താമസം. മഴ ശക്തമായതോടെ മലിനജലവും മറ്റും കെട്ടികിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വീടുകള്‍ ചിലര്‍ക്ക് പാസായിട്ടുണ്ടെങ്കിലും കോളനികളിലേക്ക് റോഡില്ലാത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡില്ലാത്തതിനാല്‍ കാരാറുകാരും നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. നീലഗിരി ജില്ലയിലെ ആദിവാസിക്കുട്ടികളുടെ പഠനത്തിനായി സര്‍ക്കാര്‍ ജി.ടി.ആര്‍. സ്‌കൂളെന്ന പ്രത്യേക സ്‌കൂളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ദേവര്‍ഷോല പഞ്ചായത്തിലെ ആദിവാസിക്കോളനികളിലുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു ജി.ടി.ആര്‍. സ്‌കൂള്‍ പോലുമില്ല. ഗൂഡല്ലൂര്‍ നഗരസഭാ പരിധിയില്‍ തുറപ്പള്ളിയില്‍ മാത്രമാണ് സ്‌കൂളുള്ളത്. ആദിവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ശരിയായ പ്രയോജനം നീലഗിരിയിലെ ആദിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ പറയുന്നത്. പല ഫണ്ടുകളും വകമാറ്റി ചെലവഴിക്കപ്പെടുന്നു.
തിരഞ്ഞെടുപ്പ് കാലങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ എത്തി പല വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും പിന്നീട് ആരെയും കാണാറില്ലെന്നാണ് കോളനിവാസികളുടെ കുറ്റപ്പെടുത്തല്‍.