അഗളി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ നീക്കം പാളി

Posted on: July 14, 2013 8:37 am | Last updated: July 14, 2013 at 8:37 am

അഗളി: പുതൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷത്തിന്റെ അവിശ്വാസപ്രമേയനീക്കം പാളി.

നാല് സീറ്റുകളുള്ള സി പി ഐയും കോണ്‍ഗ്രസില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേരും ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് സ്വന്തം പാര്‍ട്ടിയുടെ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ താഴെയിറക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കമാണ് പാളിയത്.
സംഭവത്തില്‍ സി പി ഐ ഒത്തുകളിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണസമിതിയില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് പ്രസിഡന്റ് മരുതി സുരേഷ്, വൈസ് പ്രസിഡന്റ് മുരുകേശന്‍, ആനവായില്‍ നിന്നുള്ള മെമ്പര്‍ സുരേഷ് എന്നിവരാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത്. തുടര്‍ന്ന് പ്രമേയം ചര്‍ച്ചക്കെടുത്തില്ല. പുതൂരില്‍ കോണ്‍ഗ്രസിനുള്ളിലെ എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിലും കോണ്‍ഗ്രസിന്റെ പുതൂര്‍ മണ്ഡലം പ്രസിഡന്റ് പി —എല്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിലും കലാശിച്ചത്.
34 വര്‍ഷമായി പ്രദേശത്ത് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന തന്നെ നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് പുറത്താക്കിയതെന്ന് പി എല്‍ ജോര്‍ജ് പറഞ്ഞു.
മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുതൂര്‍ പഞ്ചായത്തിന്റെ നേതൃമാറ്റം ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാതെ ഒയരു വിഭാഗം മെമ്പര്‍മാരെകൊണ്ട് അവിശ്വാസപ്രമേയത്തിന് നോട്ടീസില്‍ ഒപ്പിടിവിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.