കരുണാ നാളുകളില്‍ കാരുണ്യ കൈ നീട്ടം: എസ് വൈ എസ് റലീഫ് ഡേ 19ന്

Posted on: July 14, 2013 8:32 am | Last updated: July 14, 2013 at 8:32 am

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഈ മാസം 19ന് റിലീഫ് ഡേ ആചരിക്കും.

ഇസ്‌ലാമിക ദഅ്‌വത്തിന്റെ ഭാഗമായി സംഘടന നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ശേഖരണം ലക്ഷ്യമാക്കി അന്നെ ദിവസം പള്ളികളും കവലകളും കേന്ദ്രീകരിച്ച് പിരിവ് നടക്കും. സ്ഥിരമായി മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്ന നിര്‍ധനരായ മാരക രോഗികള്‍ക്കുള്ള മെഡിക്കല്‍ കാര്‍ഡ്, ചികിത്സാ സഹായം, ആകസ്മിക ദുരിതാശ്വാസം, ഡയാലിസിസ് സേവനം, സര്‍ക്കാര്‍ ആശുപത്രികളിലെ വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വീസുകള്‍, വിവാഹ, ഭവന നിര്‍മാണ സഹായങ്ങള്‍ തുടങ്ങി സംഘടന നടത്തിക്കൊണ്ടിരുക്കുന്ന വിവിധ ആവശ്യങ്ങള്‍ക്കുള്ള സാന്ത്വന നിധിയാണ് റലീഫ് ഡേയിലൂടെ കണ്ടെത്തുന്നത്.
സംഘത്തിന്റെ ആറായിരത്തിലധികം വരുന്ന പ്രാദേശിക യൂനിറ്റുകളിലും ആയിരത്തോളം വരുന്ന ഐ സി എഫ് ഘടകങ്ങളിലും സംസ്ഥാന കമ്മറ്റി നല്‍കിയ കൂപ്പണും റസിപ്റ്റും ഉപയോഗിച്ചുള്ള കലക്ഷനും ഇതിന്റെ ഭാഗമായി നടക്കും. ദുരിത ബാധിത തീരദേശങ്ങളില്‍ പതിനായിരം കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് നല്‍കിയതിനു പുറമെ 33 ലക്ഷം കുടുംബങ്ങള്‍ക്ക് റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഇഫ്ത്വാര്‍ കിറ്റുകളും ഇതിനകം നല്‍കി. ഇതോടനുബന്ധിച്ച് ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ത്വാഹ സഖാഫി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സംബന്ധിച്ചു.

ALSO READ  എസ് വൈ എസ് ജില്ലാ പ്രയാണത്തിന് സ്വീകരണം നല്‍കി