Connect with us

National

ബോഫോഴ്‌സ് ഇടനിലക്കാരന്‍ ഒട്ടോവിയോ ക്വത്‌റോച്ചി അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ബോഫോഴ്‌സ് ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചി (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലെ മിലാനിലായിരുന്നു അന്ത്യം.

ബോഫോഴ്‌സ് കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യക്ക് വിട്ടുകിട്ടുന്നതിന് സി ബി ഐ ശ്രമിച്ചുവരുന്നതിനിടെയാണ് അന്ത്യം. രണ്ട് തവണ സി ബി ഐ ഇതിനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. 2002ല്‍ മലേഷ്യന്‍ കോടതിയും 2007ല്‍ അര്‍ജന്റീനിയന്‍ കോടതിയുമാണ് ക്വത്‌റോച്ചിയെ വിട്ടുതരണമെന്ന സി ബി ഐയുടെ അപേക്ഷ തള്ളിയത്.

1986 മാര്‍ച്ച് 24 നാണ് ബോഫോഴ്‌സ് ഇടപാട് നടന്നത്. നൂറിലേറെ പീരങ്കികള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീഡിഷ് ആയുധ കമ്പനിയായ എ ബി ഫോഴ്‌സുമായി 140 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടതാണ് ഇടപാടുകളുടെ തുടക്കം. 1987 ഏപ്രില്‍ 16 ന് കരാര്‍ നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബോഫോഴ്‌സ് കമ്പനി കോഴ നല്‍കിയതായി സ്വീഡിഷ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തതോടെ ഇടപാടിലെ അഴിമതി വെളിച്ചത്തുവരികയായിരുന്നു. തുടര്‍ന്ന് സി ബി ഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടപാടില്‍ 640 കോടി രൂപയുടെ അഴിമതി നടന്നുവെന്നും രാജീവ് ഗാന്ധിയടക്കമുള്ളവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപണമുയരുകയും അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയുമായിരുന്നു. ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒട്ടാവിയോ ക്വത്‌റോച്ചിക്കെതിരെയുള്ള അന്വേഷണം റദ്ദാക്കുന്ന നടപടികള്‍വരെ കേന്ദ്രത്തില്‍ നിന്നുണ്ടായി.

ക്വത്‌റോച്ചി 2007 ഫെബ്രുവരി ഏഴിന് അര്‍ജന്റീനയില്‍ അറസ്റ്റിലായെങ്കിലും അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള സി ബി ഐയുടെ അപേക്ഷ അര്‍ജന്റീനിയന്‍ കോടതി തള്ളി. സെപ്തംബര്‍ 29 ന് ക്വത്‌റോച്ചിയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേ വര്‍ഷം തന്നെ ഒക്ടോബര്‍ 25 ന് കേസ് പിന്‍വലിച്ചതായി ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിക്കുകയായിരുന്നു.

സോണിയാ ഗാന്ധിക്കും ക്വത്‌റോച്ചിയുമായി ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. നരസിംഹറാവുവിന്റെ ഭരണകാലത്ത് സോണിയാഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് ക്വത്‌റോച്ചിയെ ഇന്ത്യ വിടാന്‍ അനുവദിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.