Connect with us

International

സ്‌നോഡന്‍ മനുഷ്യാവകാശ സംഘങ്ങളുമായി ചര്‍ച്ച നടത്തി

Published

|

Last Updated

മോസ്‌കോ: അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ മോസ്‌കോ വിമാനത്താവളത്തില്‍വെച്ച് മനുഷ്യാവകാശ സംഘങ്ങളുമായി ചര്‍ച്ച നടത്തി. തനിക്ക് മറ്റ് രാജ്യങ്ങളില്‍ അഭയം നല്‍കുന്നത് ഭീഷണിപ്പെടുത്തി അമേരിക്ക തടയുകയാണെന്ന് സ്‌നോഡന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഹോംഗ്‌കോംഗില്‍നിന്നും ജൂണ്‍ 23ന് മോസ്‌കോയിലെത്തിയ സ്‌നോഡന്‍ ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. റഷ്യയിലും അഭയം ലഭിക്കാത്തതിനെത്തുടര്‍ന്ന് മോസ്‌കോയിലെ വിമാനത്താവളത്തില്‍ കഴിയുകയാണ് ഇദ്ദേഹം.
അമേരിക്കന്‍ ഭരണകൂടം ലോകവ്യാപകമായി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തിയ സ്‌നോഡനെ തിരിച്ച് നാട്ടിലെത്തിച്ച് ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇ മെയില്‍ വഴിയാണ് സ്‌നോഡന്‍ മനുഷ്യാവകാശ സംഘടനകളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ആഗോള മനുഷ്യാവകാശ നിയമ പ്രകാരം മറ്റൊരു രാജ്യത്ത് അഭയം തേടാനുള്ള അവകാശം അമേരിക്ക നിഷേധിക്കുകയാണെന്ന് സ്‌നോഡന്‍ മനുഷ്യാവകാശ സംഘടനകള്‍ക്കയച്ച കത്തില്‍ പറയുന്നു. എന്നാല്‍ മനുഷ്യാവകാശ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
അതിനിടെ, താത്കാലികമായി അഭയം നല്‍കാന്‍ റഷ്യയോട് സ്‌നോഡന്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌നോഡനുമായി ചര്‍ച്ച നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് ചില വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലേക്കോ ഇക്വഡോറിലേക്കോ ഉടന്‍ യാത്രതിരിക്കുമെന്നും അവിടെ അഭയം തേടുമെന്നും സ്‌നോഡന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സ്‌നോഡന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചുവെന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിക്കുമെന്നും സ്വന്തം രാജ്യത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സ്‌നോഡന്‍ തയ്യാറാകണമെന്നും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ് ആവശ്യപ്പെട്ടു.