സിറിയയില്‍ വിമത കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Posted on: July 13, 2013 8:53 am | Last updated: July 13, 2013 at 8:53 am

ദമസ്‌കസ്: സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമത സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രധാന വിമത സൈനിക വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മി (എഫ് എസ് എ ) യുടെ കമാന്‍ഡര്‍ കമാല്‍ ഹമാമി കൊല്ലപ്പെട്ടു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ലതാകിയയിലാണ് സൈനിക മേധാവിക്ക് നേരെ ആക്രമണം നടന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും അറേബ്യന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള വിമത സൈനിക വിഭാഗമായ എഫ് എസ് എയുടെ അമേരിക്കന്‍ ബന്ധത്തെ ശക്തമായി വിമര്‍ശിക്കുന്ന വിമത സായുധ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് എഫ് എസ് എ വക്താക്കള്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഹമാമിയുടെ സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിലും സിറിയന്‍ സൈന്യത്തിനെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നതിന് പിന്നിലും പ്രവര്‍ത്തിക്കുന്ന ഫ്രീ സിറിയന്‍ ആര്‍മിയുടെ ബുദ്ധികേന്ദ്രം കൂടിയാണ് കൊല്ലപ്പെട്ട ഹമാമി. അബൂ ബസ്വീര്‍ അല്‍ ലദ്കാനി എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക മേധാവിയാണ് ഹമാമി. ഇറാഖില്‍ സ്വതന്ത്ര രാജ്യമെന്ന ആവശ്യം ഉന്നയിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ എന്നറിയപ്പെടുന്ന സംഘടനയുടെ പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മടങ്ങവെയാണ് ഹമാമിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ഇസ്‌ലാമിസ്റ്റുകള്‍ തന്നെയാണെന്ന് എഫ് എസ് എ ആരോപിച്ചു. അല്‍ഖാഇദയുമായി ബന്ധമുള്ള ഇസ്‌ലാമിസ്റ്റുകളും സിറിയയിലെ വിമത സൈനിക വിഭാഗമായ അന്നുസ്‌റയും തമ്മില്‍ അടുത്തിടെ സഖ്യം രൂപവത്കരിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കുറിപ്പ് അന്നുസ്‌റാ വക്താക്കളില്‍ നിന്ന് ലഭിച്ചതായി എഫ് എസ് എ വക്താവ് ഖാസിം സഈദുദ്ദീന്‍ വ്യക്തമാക്കി.
ഇതോടെ, സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമത വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പലയിടത്തും വിമത വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരഞ്ഞ് ആക്രമണം നടത്തുന്നതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
സിറിയന്‍ സര്‍ക്കാറിനെതിരെ ആക്രമണം നടത്താന്‍ അമേരിക്കയെ കൂട്ട്പിടിക്കുന്നതിലും അമേരിക്കയില്‍ നിന്ന് ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ നേടുന്നതിലും എഫ് എസ് എയുടെ നേതൃത്വത്തോട് അന്നുസ്‌റ പ്രതിഷേധം അറിയിച്ചിരുന്നു. അല്‍ഖാഇദയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലാണ് അന്നുസ്‌റാ നേതൃത്വം താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് പ്രതിഷേധ കുറിപ്പില്‍ സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.