Connect with us

National

സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്; രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്; കേന്ദ്രം കോടതിയെ സമീപിച്ചേക്കും

Published

|

Last Updated

പനാജി/ ന്യൂഡല്‍ഹി: ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കും. നിയമകാര്യ പാര്‍ലിമെന്ററി സമിതി തലവനും ഗോവയില്‍ നിന്നുള്ള രാജ്യസഭാ എം പിയുമാണ് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചന നല്‍കിയത്. വിവരാവകാശ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഗോവയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് രാജ്യസഭാംഗം ശാന്താറാം നായിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തിലോ ഓര്‍ഡിനന്‍സായോ വിവരാവകാശ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതായിരിക്കും ഭേദഗതി.

ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മത്സരിക്കാനാകില്ലെന്ന വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. പ്രശ്‌നം കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തും. സുപ്രീം കോടതി വിധി അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തില്‍ ഭേദഗതിയോ ഓര്‍ഡിനന്‍സോ യു പി എ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും നായിക് വ്യക്തമാക്കി.
വിധി പരിശോധിച്ച് വരികയാണെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്നും കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
അതേസമയം, ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ജയിലില്‍ കഴിയുകയോ പോലീസ് കസ്റ്റഡിയില്‍ ഉള്ളവരോ ആയവര്‍ക്ക് മത്സരിക്കാനാകില്ലെന്ന വിധി നീതിന്യായ പരിധിയുടെ ലംഘനമാണെന്ന് സി പി എം കുറ്റപ്പെടുത്തി. ജനാധിപത്യ അവകാശങ്ങള്‍ തകിടം മറിക്കുന്നതാണ് വിധിയെന്നും സി പി എം ആരോപിച്ചു. ശിക്ഷിക്കപ്പെട്ട അന്ന് മുതല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വിധി പുനഃപരിശോധിക്കണമെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ (ആര്‍ പി എ) ലംഘനമാണെന്നും സി പി എം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
വ്യാജമായി സൃഷ്ടിച്ച കേസുകളില്‍പ്പെട്ടവരുള്‍പ്പെടെ നിരവധി പേര്‍ വിചാരണ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കുള്ള അടിസ്ഥാന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണെന്ന് സി പി എം. പി ബി കുറ്റപ്പെടുത്തി.
ഒരാളെ അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസം വരെ കസ്റ്റഡിയില്‍ വെക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും അതിനാല്‍ കോടതി വിധി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബി ജെ ഡി നേതാവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സുപ്രധാനമായ വിധി വ്യാഴാഴ്ചയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
2004ലെ പാറ്റ്‌ന ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ കെ പട്‌നായിക്, എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി.
വിചാരണാ കോടതി ശിക്ഷിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്കും മത്സരിക്കാനാകില്ലെന്ന വിധി വന്നത്. നേരത്തെ വിചാരണാ കോടതിയാല്‍ ശിക്ഷിക്കപ്പെട്ട് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുമ്പോഴും മത്സരിക്കാനുള്ള അവകാശമാണ് നഷ്ടമായത്.