പരാജയമറിയാതെ യുവ ഇന്ത്യ

Posted on: July 13, 2013 12:54 am | Last updated: July 13, 2013 at 12:54 am

cricketഡാര്‍വിന്‍: ടോപ് എന്‍ഡ് അണ്ടര്‍ 19 ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആസ്‌ത്രേലിയയെ 75ന് പുറത്താക്കിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സടിച്ച് അനായാസ ജയം കുറിച്ചു. ന്യൂസിലാന്‍ഡ് കൂടി ഉള്‍പ്പെട്ട പരമ്പരയില്‍ പരാജയമറിയാതെയാണ് വിജയ് സോള്‍ നയിച്ച ഇന്ത്യന്‍ ടീം ചാമ്പ്യന്‍മാരായത്. പരമ്പരയിലെ മികച്ച താരം വിജയ് സോള്‍ ആണ്. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പട്ടം മീഡിയം പേസര്‍ ദീപക് ഹൂഡയാണ്. 10 ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഹൂഡയാണ് ആസ്‌ത്രേലിയയെ വിറപ്പിച്ചത്. ബാറ്റിംഗില്‍ ഓപണര്‍ അങ്കുഷ് ബെയിന്‍സ് (40 നോട്ടൗട്ട്), മലയാളി താരം സഞ്ജു വി സാംസണ്‍ (20 നോട്ടൗട്ട്) ഇന്ത്യന്‍ ജയം കണ്ടാണ് മടങ്ങിയത്. അഖില്‍ ഹെര്‍വാദ്കര്‍ (0), വിജയ് സോള്‍ (9) പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയയെ കാത്തിരുന്നത് നാണക്കേടായിരുന്നു. നൂറ് മിനുട്ട് മാത്രമാണ് അവര്‍ക്ക് ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചത്. 24.4 ഓവറില്‍ 75ന് അവര്‍ നിലംപൊത്തി. മൂന്നക്ക സ്‌കോര്‍ കണ്ടെത്തിയത് മൂന്ന് പേര്‍ മാത്രം. മറ്റുള്ളവരെല്ലാം വഴിപാട് തീര്‍ത്ത് മടങ്ങി. ഓപണര്‍ മാത്യൂ ഷോര്‍ട് (25) ആണ് കംഗാരു നിരയിലെ ടോപ് സ്‌കോറര്‍. പതിമൂന്ന് റണ്‍സെടുത്ത ജാക് ഡോറനാണ് രണ്ടാം സ്ഥാനം. നോണ്‍ സ്‌ട്രൈക്കറായി ഇന്നിംഗ്‌സ് ഓപണ്‍ ചെയ്ത ഡോര്‍ടിമര്‍ പത്ത് റണ്‍സെടുത്തു. ക്യാപ്റ്റന്‍ അലക്‌സ് ഗ്രിഗറി രണ്ട് റണ്‍സാണ് ചേര്‍ത്തത്. വിക്കറ്റ് കീപ്പര്‍ മഗ്‌ഡെര്‍മോട് (3), സീന്‍ വില്ലിസ് (1), കാമറോണ്‍ വാലെന്റെ (0), മാത്യു കെല്ലി (5), റിലെ അയിറെ (2), മാത്യു ഫോടിയ (6) എന്നിവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഗാബെ ബെല്‍ (0) നോട്ടൗട്ട്. ഓപണര്‍മാര്‍ മികച്ച തുടക്കമായിരുന്നു ആസ്‌ത്രേലിയക്ക് നല്‍കിയത്. ഓവറില്‍ അഞ്ച് റണ്‍സ് നിരക്കിലായിരുന്നു ഇവര്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 36 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് അവര്‍ പിരിഞ്ഞത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഓസീസിന്റെ പിന്നീടുള്ള പത്ത് വിക്കറ്റുമൊടിഞ്ഞത് വെറും 39 റണ്‍സിന് !
മാത്യു ഷോര്‍ടിനെ പുറത്താക്കി ചാമ മിലിന്ദാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. മക്‌ഡെര്‍മോടിനെ പുറത്താക്കി മിലിന്ദ് വീണ്ടും ആഞ്ഞടിച്ചു. 2-42ന് ഓസീസ് പരുങ്ങി. പിന്നീട് ഹൂഡയുടെ ഊഴമായിരുന്നു. നിലയുറപ്പിച്ച് തുടങ്ങിയ മോര്‍ടിമറിനെയും ഡോറനെയും വാലെന്റെയെയും വീഴ്ത്തി ഹൂഡ ഇന്ത്യക്ക് അധീശത്വമേകി. 60ന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഓസീസ്. അഭിമന്യു ലാംബയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് ഇന്നിംഗ്‌സിലെ അവസാന വിക്കറ്റെടുത്ത് അമിര്‍ ഗനിയും വിക്കറ്റ് കൊയ്ത്തില്‍ ഭാഗഭാക്കായി.
പരമ്പരയിലെ പ്രാഥമിക റൗണ്ടില്‍ ആസ്‌ത്രേലിയെ 47 റണ്‍സിനും ഏഴ് വിക്കറ്റിനും തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയും ആധികാര ജയങ്ങള്‍ സ്വന്തമാക്കി.