ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പകരം സിവില്‍ ഏവിയേഷന്‍ അതോറിറ്റി രൂപവത്കരിക്കുന്നു

Posted on: July 12, 2013 12:05 am | Last updated: July 12, 2013 at 12:05 am

ന്യൂഡല്‍ഹി: വ്യോമയാന രംഗത്തെ പരമോന്നത അധികാരിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പകരമായി കൂടുതല്‍ സ്വയംഭരണാവകാശത്തോടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ) രൂപവത്കരിക്കാന്‍ നീക്കം. ധനകാര്യ സ്വയംഭരണമടക്കമുള്ള അതോറിറ്റി സംബന്ധിച്ച ബില്‍ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്നലെ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗം ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി അറിയിച്ചു.

സിവില്‍ വ്യോമയാന സുരക്ഷ , വിമാന കമ്പനികളുടെ നിയന്ത്രണം, വ്യോമയാനം സംബന്ധിച്ച സൗകര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേല്‍നോട്ടം വഹിക്കും. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് സംഭവിച്ചത് പോലുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ ഇടപെടാനുള്ള അധികാരവും ഉത്തരവാദിത്വവും പുതിയ അതോറിറ്റിക്ക് ഉണ്ടാകും എന്നതാണ് ശ്രദ്ധേയം.
അതോറിറ്റിയുടെ തലവന്‍ ഡയറക്ടര്‍ ജനറലായിരിക്കും. ഏഴ് മുതല്‍ ഒന്‍പത് വരെ അംഗങ്ങളാകും ഉണ്ടാകുക. ഇതില്‍ അഞ്ച് പേര്‍ മുഴുവന്‍ സമയ അംഗങ്ങളായിരിക്കും. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരിക്കും അംഗങ്ങളെ ശിപാര്‍ശ ചെയ്യുക.
യു എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന(ഐ സി എ ഒ)യുടെ നിര്‍ദേശങ്ങളുമായി യോജിച്ച് പോകുന്നതിന് വേണ്ടിയാണ് അതോറിറ്റി രൂപവത്കരിക്കുന്നത്. അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മനിസ്‌ട്രേഷന്‍, ബ്രിട്ടന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയവയില്‍ നിന്ന് മാതൃകകള്‍ സ്വീകരിക്കും. പുതിയ അതോറിറ്റി സ്ഥാപിക്കാന്‍ 110 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെന്നതായിരുന്നു ഡി ജി സി എയുടെ പ്രധാന പരാധീനത. ഈ പരിമിതി മറികടക്കാനാകുന്ന രൂപത്തിലാണ് സി സി എ രൂപവത്കരിക്കുന്നത്. അതോറിറ്റിക്ക് സ്വന്തമായി ഉദ്യോഗസ്ഥരെ നിയമിക്കാനും അത് നല്‍കുന്ന സേവനങ്ങള്‍ക്ക് ഫീസ് നിശ്ചയിക്കാനും സാധിക്കും. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് എന്ന പേരില്‍ പ്രത്യേക നിധി രൂപവത്കരിക്കും. ഈ നിധിയിലേക്ക് ബജറ്റ് വിഹിതവും നല്‍കുമെന്ന് സിവില്‍ വ്യാമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.