Connect with us

Ongoing News

ഇഫ്താറോ, ഭക്ഷ്യപ്രദര്‍ശന മേളയോ?

Published

|

Last Updated

പത്തിരി, ചപ്പാത്തി, വെള്ളപ്പം, നൂല്‍പുട്ട്, തരിക്കഞ്ഞി, ഇളനീര്‍ ജ്യൂസ്, ആടിന്റെ ഇഷ്ട്, കോഴിക്കറി, കോഴി പൊരിച്ചത്, മീന്‍ വറുത്തത്, കടുക്ക വരട്ടിയത്, കാട പൊരിച്ചത്, പഴം പൊരി, ബ്രെഡ് പൊരിച്ചത്, കാരക്ക പൊരിച്ചത്, സമൂസ, ഉന്നക്കായ്, മുട്ടപ്പം, മുട്ടമാല, ഉള്ളിവട തുടങ്ങി ഒരു ഡസനോളം പലഹാരങ്ങള്‍, ആപ്പിള്‍, നാരങ്ങ, മുന്തിരി, കൈതച്ചക്ക, ഉറുമാന്‍ പഴം, വത്തക്ക, കക്കിരിക്ക, ചെറി തുടങ്ങി വൈവിധ്യമാര്‍ന്ന പഴവര്‍ഗങ്ങള്‍…

മധ്യ കേരളത്തിലെ ഒരു ഇടത്തക്കാരന്റെ വീട്ടില്‍ ഒരു നോമ്പ് സല്‍കാരത്തിന് തയാറാക്കിയ വിഭവങ്ങളാണിതെല്ലാം. ചില സമ്പന്നരുടെയും പ്രമുഖരുടെയും പരിപാടികളില്‍ ഇതില്‍ കൂടുതല്‍ വിഭവങ്ങള്‍ കണ്ടെന്നിരിക്കും. മുമ്പില്‍ നിരത്തിയ സാധനങ്ങളുടെ ആധിക്യം കാണുമ്പോള്‍ ആതിഥേയരുടെ കണ്ണ് തള്ളിപ്പോകും.
പുണ്യമേറിയ ഒരു കാര്യമാണ് ഇഫ്താര്‍ അഥവാ നോമ്പ്തുറ. “കൈവശം മറ്റൊന്നുമില്ലെങ്കില്‍ ഒരു കാരക്കയുടെ കഷ്ണം കൊണ്ടെങ്കിലും നീ നോമ്പ് തുറപ്പിക്കുക” എന്ന നബിവചനം അതിന്റെ മഹത്വത്തിലേക്കും ശ്രേഷ്ടതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ അനാരോഗ്യകരമായ മത്സരങ്ങളുടെയും പൊങ്ങച്ചത്തിന്റയും വേദിയായി മാറുകയാണ് ഇന്ന് നമ്മുടെ ഇഫ്താറുകള്‍. വിഭവങ്ങളുടെ എണ്ണത്തിലും വൈവിധ്യത്തിലും മറ്റുള്ളവരെ കവച്ചു വെക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അടുത്ത വീട്ടുകാരനേക്കാള്‍, സുഹൃത്തിനേക്കാള്‍ കേമമായിരിക്കണം തന്റെ ഇഫ്താറെന്ന ചിന്തയില്‍ അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും വിഭവങ്ങളുടെ പ്രദര്‍ശന മേള തന്നെ സംഘടിപ്പിക്കുകയുമാണ് പലരും. ഇത്തരം പൊങ്ങച്ച പ്രകടനം കൊണ്ട് ഇഫ്താറിന്റെ പുണ്യം മാത്രമല്ല. നോമ്പിന്റെ മഹത്തായ ലക്ഷ്യം കൂടി നഷ്ടമാകുകയാണെന്ന് അവരോര്‍ക്കുന്നില്ല.

പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണവും വെള്ളവും നിയന്ത്രിച്ച് വിശ്വാസികളെ ആത്മീയമായി ഉയര്‍ത്താനും ഒപ്പം ശാരീരികാരോഗ്യം മെച്ചപ്പെടുത്താനുമാണ്. ഇത് സാര്‍ഥകമാകണമെങ്കില്‍ നോമ്പ് തുറക്കുന്ന വേളയിലും ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. അത്യാവശ്യം വിശപ്പകറ്റാനുള്ള ഭക്ഷണം മാത്രമേ നോമ്പ്തുറക്കും ആഹരിക്കാവൂ. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ഒരു ഭാഗം കാലി എന്നതാണ് പ്രവാചകന്റെ നിര്‍ദേശം. ഈ രീതിയിലുള്ള ഭക്ഷണ രീതി മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ഏറെ സഹായമകമാണെന്ന് വൈദ്യശാസ്ത്രവും പറയുന്നു. എന്നാല്‍ പകലില്‍ പട്ടിണി കിടന്നതിനോട് ഒരു പ്രതികാരം തീര്‍ക്കാനെന്ന വിധമാണ് ഇന്നത്തെ നോമ്പ്തുറ. പകലില്‍ രണ്ടോ മുന്നോ നേരത്ത് കഴിക്കുന്ന ആഹാരം ഒറ്റ നേരം കൊണ്ട് വെട്ടിവിഴുങ്ങുകയാണ് പലരും. ഇത് പ്രവാചകമാതൃകക്കും ഇസ്‌ലാമികാധ്യാപനത്തിനും എതിരാണ്. ഇഫ്താറുകളില്‍ കൂടുതലായും കണ്ടു വരുന്നത് എണ്ണയില്‍ പൊരിച്ചെടുത്തതും വറുത്തെടുത്തതുമായ വിഭവങ്ങളാണ്. ഇത്തരം ആഹാരങ്ങള്‍ ശരീരത്തില്‍ കൊളസ്‌റ്റ്രോണിന്റെ അളവ് വര്‍ധിക്കാനും തദ്വാരാ ഗുരുതരമായ ആരാഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു. നോമ്പ് തുറ വേളയില്‍ വിശേഷിച്ചും. നീണ്ട പട്ടിണി മൂലം കാഞ്ഞ വയറ്റിലേക്ക് വെള്ളമോ മറ്റു തണുപ്പേകുന്ന ഭക്ഷണമോ ആണ് ആദ്യം എത്തേണ്ടത്. അങ്ങനെ വയറ് തണുപ്പിച്ച ശേഷം മറ്റു ഭക്ഷണങ്ങള്‍ ആഹരിക്കുന്നതാണ് ഉത്തമം. ഇത് കൊണ്ടായിരിക്കണം നോമ്പ് തുറക്ക് കാരക്കയോ വെള്ളമോ ആണ് ഉത്തമമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചത്.