ഈജിപ്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; അനുവദിക്കില്ലെന്ന് ബ്രദര്‍ഹുഡ്‌

Posted on: July 11, 2013 12:08 am | Last updated: July 11, 2013 at 12:08 am

An Egyptian protester with a CNN placardകൈറോ: പ്രക്ഷോഭം രൂക്ഷമായ ഈജിപ്തില്‍ പുതിയ ജനാധിപത്യ സര്‍ക്കാറിന് രൂപം നല്‍കുന്നതിനായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനമായ കൈറോയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ബ്രദര്‍ഹുഡ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ഇടക്കാല സര്‍ക്കാര്‍ രംഗത്തെത്തിയത്.
കൈറോയിലുണ്ടായ വെടിവെപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ വ്യക്തമാക്കി. ആദ്യം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പും പിന്നീട് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പും നടക്കും. നിലവിലെ കരട് ഭരണഘടന അഞ്ച് മാസത്തിനുള്ളില്‍ ഭേദഗതി ചെയ്യുമെന്നും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് ചട്ടത്തില്‍ വ്യക്തമാക്കി.
എന്നാല്‍, തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബ്രദര്‍ഹുഡ് രംഗത്തെത്തി. ഭരണഘടന ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടത്താനാണ് സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാറിന്റെയും തീരുമാനമെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുമെന്നും പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ഭരണത്തില്‍ തിരിച്ചുകൊണ്ടുവരാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ബ്രദര്‍ഹുഡ് നേതാവ് ഇസാം അല്‍ ഇറൈന്‍ വ്യക്തമാക്കി. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ് ജെ പി)യുടെ ഡെപ്യൂട്ടി ചെയര്‍മാനാണ് ഇറൈന്‍.
ഹുസ്‌നി മുബാറക്കിന് ശേഷം ഭരണത്തിലേറിയ മുഹമ്മദ് മുര്‍സിക്ക് രാജ്യവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിയില്‍ കഴിഞ്ഞയാഴ്ചയാണ് ഭരണം നഷ്ടപ്പെട്ടത്. മുര്‍സിയടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ കൈറോയില്‍ സൈന്യത്തിന്റെ രഹസ്യ തടവിലാണ്. ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വിവരം അറിഞ്ഞതോടെ കൈറോയില്‍ തമ്പടിച്ച പ്രക്ഷോഭകര്‍ രോഷാകുലരായി. ഇന്നലെ നഗരത്തില്‍ കൂറ്റന്‍ റാലികള്‍ നടന്നു. മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളെയും തടവില്‍ പാര്‍പ്പിച്ചിരുക്കുന്നുവെന്ന് കരുതുന്ന റിപ്പബ്ലിക്കന്‍ ഗാര്‍ഡ് കെട്ടിടത്തിന് സമീപം പ്രക്ഷോഭകര്‍ തമ്പടിച്ചിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.