കുവൈത്തില്‍ പൊതുമാപ്പിന് സാധ്യത

Posted on: July 11, 2013 12:06 am | Last updated: July 11, 2013 at 12:06 am

kuwaitകുവൈത്ത് സിറ്റി: തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ ശിക്ഷ കൂടാതെ സ്വദേശത്തേക്ക് തിരികെപോകുകയോ ചെയ്യാനുള്ള അവസരം നല്‍കിക്കൊണ്ട് കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശിച്ച വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചുചേര്‍ത്ത കമ്മ്യൂണിറ്റി മീറ്റിംഗിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. നിങ്ങള്‍ക്ക് ഉടനെ തന്നെ വളരെ ശുഭകരമായ ഒരുകാര്യം പ്രതീക്ഷിക്കാമെന്നും അത് ഇവിടെയുള്ള നമ്മുടെ പൗരന്മാര്‍ക്കും എല്ലാ വിദേശികള്‍ക്കും വളരെ ഗുണകരമായ കാര്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അത്തരം കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ കുവൈത്ത് ഗവര്‍മെന്റിനാണ് അധികാരമെന്നും ഉത്തരവാദപ്പെട്ടവര്‍ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ശൈഖ് ഹമദ് അല്‍ ഹമൂദുമായി അദ്ദേഹം നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. നിയമവിരുദ്ധ താമസക്കാരുടെ കാര്യത്തില്‍ കുവൈത്തിന്റെ ആശങ്കയും വികാരവും ഇന്ത്യ പൂര്‍ണ്ണമായും മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഇ അഹമ്മദ് തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ നിയമ വിരുദ്ധരായ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് അവരുടെ താമസ രേഖകള്‍ നിയമാനുസൃതമാക്കാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.