സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

Posted on: July 11, 2013 6:56 am | Last updated: July 10, 2013 at 11:41 pm

rainതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലും ലക്ഷദ്വീപിലും കാലവര്‍ഷം ശക്തമായി തുടരുകയാണ്. പ്രധാന സ്ഥലങ്ങളിലെ മഴയുടെ തോത് ഇപ്രകാരമാണ്. വൈക്കം (പത്ത് സെ. മീ) , പിറവം (ഒമ്പത്), വടകര (എട്ട്) , ആലപ്പുഴ, ഒറ്റപ്പാലം (ഏഴ്), ചേര്‍ത്തല, ചെങ്ങന്നൂര്‍, കൊയിലാണ്ടി (ആറ്), മങ്കൊമ്പ്, പീരുമേട്, തൃശൂര്‍, ചാലക്കുടി (അഞ്ച്), കൊച്ചി, കണ്ണൂര്‍, കോട്ടയം, മൂന്നാര്‍, ഇടുക്കി, കോന്നി (നാല് സെ. മീ.) വീതവും കായംകുളം, മാവേലിക്കര, ഹരിപ്പാട്, ആലുവ, പെരുന്തല്‍മണ്ണ, കൊടുങ്ങല്ലൂര്‍ മൂന്ന് വീതവും പാലക്കാട്, കൊല്ലം, ഇരിക്കൂര്‍, കുന്നംകുളം കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് സെ. മീ വീതവും തിരുവനന്തപുരം, പൊന്നാനി നെടുമങ്ങാട് ഒരു സെ. മീ. വീതവും മഴ ലഭിച്ചു.
കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 115 ആയി. തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം കാലവര്‍ഷക്കെടുതിയില്‍ 1,155 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു. ഇതില്‍ 384 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൂര്‍ണമായി എട്ട് വീടുകളും ഭാഗികമായി 190 വീടുകളും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 7.7 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 8.5 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 8,062 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ശക്തമായ കാലവര്‍ഷത്തില്‍ ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 139 ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.